‘കളി പൂര്‍ത്തിയാക്കാതെ മൈതാനം വിട്ടത് ദൗര്‍ഭാഗ്യകരമായ സംഭവമായിപ്പോയി’; ഖേദം പ്രകടിപ്പിച്ച് ബ്ലാസ്റ്റേഴ്‌സ്

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബെംഗളൂരു എഫ്സിക്ക് എതിരായുള്ള നിര്‍ണായക മത്സരം ബഹിഷ്‌കരിച്ചതിന് ഖേദം പ്രകടിപ്പിച്ച് കേരളാ ബ്ലാസ്റ്റേഴ്‌സ്. കളി പൂര്‍ത്തിയാക്കാതെ മൈതാനം വിട്ട സംഭവം ദൗര്‍ഭാഗ്യകരമായിപ്പോയെന്ന് സമൂഹ മാധ്യമങ്ങളിലൂടെ കേരള ബ്ലാസ്‌റ്റേഴ്‌സ് അറിയിക്കുകയായിരുന്നു. നോക്കൗട്ട് മത്സരത്തിലുണ്ടായ സംഭവം ഇനി ഭാവിയില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കുമെന്നും ബ്ലാസ്റ്റേഴ്‌സ് സമൂഹമാധ്യമങ്ങളിലെ ഔദ്യോഗിക ഹാന്‍ഡിലുകളില്‍ നിന്നും വ്യക്തമാക്കി. (Kerala Blasters apologize for ISL walkout)
മാര്‍ച്ച് മൂന്നിന് ഉണ്ടായ സംഭവത്തില്‍ ആത്മാര്‍ത്ഥമായി ഖേദം പ്രകടിപ്പിക്കുന്നുവെന്ന് ബ്ലാസ്റ്റേഴ്‌സ് കുറിച്ചു. കളി പൂര്‍ത്തിയാക്കാതെ മൈതാനം വിടാനുള്ള തീരുമാനം ആ നിമിഷത്തിലെ ആവേശത്തില്‍ സംഭവിച്ച് പോയതാണെന്നും ബ്ലാസ്‌റ്റേഴ്‌സ് അറിയിച്ചു. ഫുട്‌ബോള്‍ പാരമ്പര്യവും സാഹോദര്യവും തങ്ങള്‍ ബഹുമാനിക്കുന്നുണ്ടെന്നും ബ്ലാസ്‌റ്റേഴ്‌സ് കൂട്ടിച്ചേര്‍ത്തു.
Read Also: ഇവാന് വിലക്ക്; ബ്ലാസ്റ്റേഴ്സിന് പിഴ; മത്സര ബഹിഷ്കരണത്തിൽ നടപടിയുമായി എഐഎഫ്എഫ്
ബെംഗളൂരു എഫ്സിക്ക് എതിരായുള്ള മത്സരം ബഹിഷ്‌കരിച്ചതിന് കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്കും പരിശീലകന്‍ ഇവാന്‍ വുകുമനോവിച്ചിനും എതിരെ അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ കഴിഞ്ഞ ദിവസം നടപടിയെടുത്തിരുന്നു. ഈ മാസം അവസാനിച്ച ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബെംഗളൂരു എഫ്സിക്ക് എതിരായ മത്സരത്തില്‍ സുനില്‍ ഛേത്രിയെടുത്ത ഫ്രീ കിക്ക് അനുവദിച്ച റഫറിയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് ക്ലബ്ബിന്റെ മുഖ്യ പരിശീലകനായ ഇവാന്‍ വുകുമനോവിച്ച് ടീമിനോട് കളം വിടാന്‍ നിര്‍ദേശം നല്‍കിയത്. വിഷയത്തില്‍ ക്ലബിന് നാല് കോടി രൂപ പിഴ ചുമത്തി. പരിശീലകന് പത്ത് മത്സരങ്ങളില്‍ വിലക്കും അഞ്ച് ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. കൂടാതെ, സംഭവത്തില്‍ ക്ലബും പരിശീലകനും ക്ഷമാപണം നടത്തുവാനും എഐഎഫ്എഫ് വിധിച്ചിട്ടുണ്ട്.
Story Highlights: Kerala Blasters apologize for ISL walkout
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here