ജാപ്പനീസ് സംഗീതജ്ഞൻ റ്യൂയിചി സകാമോട്ടോ അന്തരിച്ചു

ജാപ്പനീസ് സംഗീത സംവിധായകൻ റ്യൂയിചി സകാമോട്ടോ (71) അന്തരിച്ചു. അർബുദ ബാധയെത്തുടർന്ന് ടോക്കിയോയിലായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ വെബ്സൈറ്റിലൂടെയാണ് മരണവാർത്ത പുറത്തുവിട്ടത്. ഇലക്ട്രോണിക് സംഗീതത്തിൽ പുത്തൻ പരീക്ഷണങ്ങൾ നടത്തി ലോകശ്രദ്ധ നേടിയ അദ്ദേഹത്തിന് ഓസ്കാർ, ഗ്രാമി, ബാഫ്റ്റ തുടങ്ങിയ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
അഭിനേതാവ് കൂടിയായ അദ്ദേഹം 1983ൽ ഇംഗ്ലീഷ് സംഗീതജ്ഞൻ ഡേവിഡ് ബോയിക്കൊപ്പം ‘ മെറി ക്രിസ്മസ്, മിസ്റ്റർ ലോറൻസ് ” എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. ചിത്രത്തിന്റെ സംഗീതം നിർവഹിച്ചതും സകാമോട്ടോ ആയിരുന്നു. 1987ൽ ദ ലാസ്റ്റ് എംപറർ എന്ന ഹിറ്റ് ചിത്രത്തിലൂടെ മികച്ച ഒറിജിനൽ സ്കോർ വിഭാഗത്തിൽ ഓസ്കാറും ഗ്രാമിയും ഗോൾഡൻ ഗ്ലോബും അദ്ദേഹത്തെ തേടിയെത്തി. ചിത്രത്തിൽ ഇദ്ദേഹം അഭിനയിക്കുകയും ചെയ്തു. ബെർനാർഡോ ബെർട്ടുലൂച്ചി സംവിധാനം ചെയ്ത ദ ലാസ്റ്റ് എംപററിന് മികച്ച ചിത്രം, സംവിധാനം ഉൾപ്പെടെ ഒമ്പത് ഓസ്കാർ പുരസ്കാരങ്ങൾ ലഭിച്ചിരുന്നു.
1978ൽ ഹറൂമി ഹൊസോനോ, യുകിഹീറോ താകാഹാഷി എന്നിവരുമായി ചേർന്ന് ഇലക്ട്രോണിക് മ്യൂസിക് ബാൻഡായ യെല്ലോ മാജിക് ഓർക്കസ്ട്ര സ്ഥാപിച്ചു. ദ റെവനന്റ്, ലിറ്റിൽ ബുദ്ധ ഉൾപ്പെടെ ഒട്ടനവധി ചിത്രങ്ങൾക്ക് പശ്ചാത്തല സംഗീതവും ഒരുക്കി.
Story Highlights: Oscar-winning Japanese composer Ryuichi Sakamoto dies aged 71
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here