ഷാറൂഖിന് കെണിയൊരുക്കിയത് സ്വന്തം ഫോൺ; വീട്ടുകാരുടെ മൊഴിയും നിർണായകമായി

എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിൽ പ്രതി ഷാറുഖ് സൈഫിയെ പിടിച്ചത് ഫോണിന്റെയും ഡയറിയുടെയും സഹായത്തോടെയെന്ന് റിപ്പോർട്ട്. പിന്നീട് വീട്ടുകാരുടെ ചോദ്യം ചെയ്യലും നിർണ്ണായകമായി. ( elathur train fire culprit nabbed technique )
ഷാറുഖ് സൈഫിക്ക് ആറ് ഫോണുകളുണ്ടെന്ന് വീട്ടുകാർ വിവരം നൽകിയിരുന്നു. തുടർന്ന് ഈ ആറ് ഫോണുകളും അന്വേഷണ സംഘം നിരീക്ഷണത്തിലാക്കിയിരുന്നു. അതിൽ ഒരു ഫോൺ സ്വിച്ച് ഓൺ ആയത് നിർണ്ണായകമായി. തുടർന്ന് ഫോണിന്റെ ലൊക്കേഷൻ സഹിതം മഹാരാഷ്ട്ര എടിഎസിനെ ഐബി അറിയിച്ചു. പൊലീസ് സംഘം തുടർന്ന് രത്‌നഗിരിയിലെ ആശുപത്രിയിലേക്ക് പോയി. അവിടെ നിന്ന് പരുക്കേറ്റ ഒരാൾ ഓടി രക്ഷപ്പെട്ടതായി മനസിലായി. പിന്നാലെ പ്രദേശം മുഴുവൻ തിരച്ചിൽ നടത്തി ഇയാളെ സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു.
ഷാറൂഖിന് മാനസിക പ്രശ്‌നങ്ങളില്ലെന്ന് പൊലീസ് സ്ഥിരീകരിച്ചു. നേരത്തെ മുൻകൂട്ടി ആസൂത്രണം ചെയ്തത് പ്രകാരമാണ് ആക്രമണം എന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. മുഖത്ത് പരുക്കേറ്റതിനാൽ കൂടുതൽ സംസാരിക്കാൻ പ്രതിക്ക് സാധിക്കുന്നില്ല. എന്നാൽ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്.
ഇന്നലെ രാത്രിയാണ് നോയിഡ സ്വദേശി ഷാറൂഖ് സെയ്ഫി പിടിയിലാകുന്നത്. ഇയാളുടെ മുഖത്തും ശരീരത്തിലും പൊള്ളലേറ്റതിന്റെ പാടുകളുണ്ട്. സംഭവത്തിന് ശേഷം ട്രെയിനിൽ യാത്ര തുടർന്ന് റെയിൽവേ സ്റ്റേഷനോട് ചേർന്ന ആശുപത്രിയിൽ എത്തുകയായിരുന്നു. കാലിനേറ്റ പൊള്ളലിനു ചികിത്സ തേടാനായിരുന്നു എത്തിയത്. ഷാറൂഖ് സെയ്ഫിനെ മഹാരാഷ്ട്ര എ.ടി.എസ്പ്രാഥമിക ചോദ്യം ചെയ്യൽ നടത്തി. ഷാറൂഖ് രണ്ടു ട്രെയിനുകൾ മാറി കയറിയെന്നും പോലീസ് വ്യക്തമാക്കി.
Story Highlights: elathur train fire culprit nabbed technique
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here