മധു വധക്കേസ്; പ്രതികൾക്കുള്ള ശിക്ഷാ വിധി ഇന്ന് പ്രഖ്യാപിക്കും

അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധുവിനെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികൾക്കുള്ള ശിക്ഷാ വിധി ഇന്ന് പ്രഖ്യാപിക്കും. മണ്ണാർക്കാട് എസ്‌സി, എസ്‌ടി പ്രത്യേക കോടതിയാണ് ശിക്ഷ വിധിക്കുക. കേസിലെ 16 പ്രതികളിൽ 14 പേർ കുറ്റക്കാരാണെന്ന് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു.
ഒന്നാം പ്രതി ഹുസൈൻ, രണ്ടാം പ്രതി മരയ്ക്കാർ, മൂന്നാം പ്രതി ഷംസുദ്ദീൻ, അഞ്ചാം പ്രതി രാധാകൃഷ്ണൻ, ആറാം പ്രതി അബൂബക്കർ, ഏഴാം പ്രതി സിദ്ദീഖ്, എട്ടാം പ്രതി ഉബൈദ്, ഒമ്പതാം പ്രതി നജീബ്, പത്താം പ്രതി ജൈജുമോൻ, പന്ത്രണ്ടാം പ്രതി സജീവ്, പതിമൂന്നാം പ്രതി സതീഷ്, പതിനാലാം പ്രതി ഹരീഷ്, പതിനഞ്ചാം പ്രതി ബിജു, പതിനാറാം പ്രതി മുനീർ എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്. ഇവർക്കെതിരായ മനഃപൂർവമല്ലാത്ത നരഹത്യക്കുറ്റം തെളിഞ്ഞതായി ജഡ്ജി കെ.എം രതീഷ് കുമാർ വിധി പ്രസ്താവത്തിൽ പറഞ്ഞു.
പ്രതികളിൽ 13 പേർക്കെതിരെ അന്യായമായി സംഘം ചേരൽ, പരിക്കേൽപ്പിക്കൽ, പട്ടിക വർഗ അതിക്രമം എന്നീ കുറ്റങ്ങളും തെളിഞ്ഞു. നാലാം പ്രതി അനീഷ്, പതിനൊന്നാം പ്രതി അബ്ദുൾ കരീം എന്നിവരെ അക്രമത്തിൽ നേരിട്ട് പങ്കില്ലെന്ന് കണ്ട് വെറുതെവിട്ടു. കോടതി വെറുതെവിട്ട രണ്ട് പ്രതികളെ കൂടി കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ മാത്രമേ മധുവിനായി നടത്തിയ പോരാട്ടം പൂർണമായെന്ന് പറയാൻ സാധിക്കുവെന്ന് മധുവിന്റെ കുടുംബം പ്രതികരിച്ചു.
Story Highlights: Madhu murder case; The sentence for the accused will be announced today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here