ദക്ഷിണേന്ത്യ ആക്രമിക്കാൻ തുടർച്ചയായി ഐഎസ് ആഹ്വാനം; ഷാരൂഖ് പിന്തുടർന്നത് ഈ പ്രസ്താവനയോ ? അന്വേഷണം പുതിയ വഴികളിൽ

ആക്രമണത്തിനായി ലക്ഷ്യമിട്ടത് ഏതെങ്കിലും ദക്ഷിണേന്ത്യൻ സംസ്ഥാനമെന്ന് പ്രതി ഷാരൂഖ് സെയ്ഫിയുടെ മൊഴി. കേരളം തെരഞ്ഞെടുത്തത് ഇതിന്റെ ഭാഗമായാണ്. ആക്രമണം നടത്തിയത് സ്വന്തം നിലയിലെന്നും പ്രതി മൊഴി നൽകി. ( agencies investigate Shahrukh Saifi ISIS links )
ഇതോടെ പ്രതിയുടെ ഐഎസ് ബന്ധം പരിശോധിക്കുകയാണ് അന്വേഷണ ഏജൻസികൾ. ഐഎസ് പ്രസിദ്ധീകരണമായ വോയ്‌സ് ഓഫ് ഖൊറാസാൻ തുടർച്ചയായ ലക്കങ്ങളിൽ ദക്ഷിണേന്ത്യ ആക്രമിക്കാൻ ആഹ്വാനം ചെയ്തിരുന്നു. ഏറ്റവുമൊടുവിലത്തെ 23ാം ലക്കത്തിൽ സ്വന്തം നിലയിൽ ആക്രമണത്തിനും ആഹ്വാനം ചെയ്തിരുന്നു. ഇതിന്റെ ഭാഗമാണോ ആക്രമണം എന്നാണ് അന്വേഷണ ഏജൻസി പരിശോധിക്കുന്നത്.
അതേസമയം, എലത്തൂർ തീ വണ്ടി ആക്രമണം ‘പരീക്ഷണം’ ആയിരുന്നോ എന്ന സംശയവും അന്വേഷണ സംഘത്തിനുണ്ട്. മറ്റൊരു വമ്പൻ ആക്രമണത്തിന് മുന്നോടിയായുള്ള ടെസ്റ്റ് ഡോസ് ആയിരുന്നോ എന്നതാണ് അന്വേഷണ സംഘത്തിന്റെ സംശയം. ആക്രമണത്തിന് ഷാറൂഖിന് പ്രൊഫഷണൽ പരിശീലനം ലഭിച്ചിരുന്നില്ല എന്നും അന്വേഷണ സംഘം വിലയിരുത്തുന്നു. പരിശീലനം ലഭിച്ചിരുന്നു എങ്കിൽ ഷാറൂഖിന് പൊള്ളൽ ഏൽക്കില്ലായിരുന്നുവെന്നും നിർണായക വിവരങ്ങൾ അടങ്ങിയ ബാഗ് അലക്ഷ്യമായി കൈകാര്യം ചെയ്യില്ലായിരുന്നു അന്വേഷണ സംഘം നിരീക്ഷിച്ചു. കൃത്യത്തിന് പിന്നിൽ ഷാറൂഖ് ഒറ്റക്കല്ല എന്നും അന്വേഷണ സംഘം ഉറപ്പിക്കുന്നു.
അതേസമയം, കേസിൽ പ്രതി ഷാരൂഖ് സൈഫിയുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും. ഷാരൂഖിന്റെ നീക്കങ്ങൾ ആസൂത്രിതമാണെ നിഗമനത്തിലാണ് പൊലീസ്. പിന്നിൽ വ്യക്തികളോ സംഘടനകളോ ഉണ്ടാകാമെന്ന കേന്ദ്ര ഏജൻസികളുടെ സൂചനയിലൂന്നിയാണ് പൊലീസ് അന്വേഷണം നടക്കുന്നത്. പ്രതിയുടെ രണ്ട് വർഷത്തെ നീക്കങ്ങൾ അന്വേഷണ സംഘം വിശദമായി പരിശോധിച്ച് വരികയാണ്.
ഷൊർണ്ണൂരിൽ നിന്ന് പെട്രോൾ വാങ്ങിയ കാര്യത്തിൽ കൃത്യമായ ആസൂത്രണം നടത്തിയെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. തൊട്ടടുത്ത പെട്രോൾ പമ്പ് ഒഴിവാക്കിയത് ഇതിന്റെ ഭാഗമാണെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ ആക്രമണം നടത്തിയത് ഒറ്റക്കാണെന്നും മറ്റാർക്കും ബന്ധമില്ലെന്നും ആവർത്തിക്കുകയാണ് പ്രതി.
Story Highlights: agencies investigate Shahrukh Saifi ISIS links