Advertisement

ആരോഗ്യ ഉപകേന്ദ്രങ്ങളെ ജനകീയ ആരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്താന്‍ അനുമതി

April 10, 2023
2 minutes Read
Permission to upgrade health sub-centres to public health centres

നവകേരളം കര്‍മ്മ പദ്ധതി 2 ആര്‍ദ്രം മിഷന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ആരോഗ്യ ഉപകേന്ദ്രങ്ങളേയും (സബ് സെന്ററുകള്‍) ജനകീയ ആരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തുന്നതിന് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിച്ചതായി മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ ഉപകേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് പ്രദേശത്തെ ജനപങ്കാളിത്തത്തോടെ എല്ലാവര്‍ക്കും ആരോഗ്യം ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

പുതിയ പകര്‍ച്ചവ്യാധികള്‍, വര്‍ദ്ധിച്ചു വരുന്ന രോഗാതുരത, അതിവേഗം വര്‍ദ്ധിക്കുന്ന ജീവിതശൈലീ രോഗങ്ങള്‍ തുടങ്ങി പുതിയ കാലഘട്ടത്തിന്റെ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നതില്‍ ഓരോ പൗരന്റെയും പങ്കാളിത്തം വളരെ വലുതാണ്. ഇത് മുന്നില്‍ കണ്ട് പൊതുജന പങ്കാളിത്തത്തോടെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായാണ് എല്ലാ ആരോഗ്യ ഉപകേന്ദ്രങ്ങളെയും ജനകീയ ആരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തുന്നതിന് അനുമതി നല്‍കിയിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി.

ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിശദമായ മാര്‍ഗരേഖ പിന്നീട് പുറപ്പെടുവിക്കുന്നതാണെന്ന് മന്ത്രി വ്യക്തമാക്കി.

ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രധാന പ്രവര്‍ത്തനങ്ങള്‍:

  • ആരോഗ്യ ഉപകേന്ദ്രങ്ങളുടെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തി ജനസൗഹൃദ സ്ഥാപനങ്ങളായി പരിവര്‍ത്തനം ചെയ്യുക.
  • പ്രദേശത്തെ എല്ലാ ആളുകളുടെയും വാര്‍ഷിക ആരോഗ്യ പരിശോധന നടത്തുക.
  • വാര്‍ഷിക ആരോഗ്യ പരിശോധനയില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ജനങ്ങളുടെ ജീവിത ശൈലിയില്‍ മാറ്റം വരുന്നതിനുള്ള ക്യാമ്പയിനുകളും ഇടപെടലുകളും നടത്തുക.
  • കുടുംബക്ഷേമ പരിപാടികള്‍, ഗര്‍ഭകാല പരിചരണം, മാതൃ-ശിശു ആരോഗ്യം എന്നിവയില്‍ ഊന്നല്‍ നല്‍കിയുള്ള പ്രവര്‍ത്തനങ്ങള്‍ ഉറപ്പുവരുത്തുക.
  • പ്രാദേശിക ആവശ്യങ്ങള്‍ കൂടി പരിഗണിച്ചു കൊണ്ട് എല്ലാ വിഭാഗം ആളുകളുടെയും, പ്രത്യേക ശ്രദ്ധ അര്‍ഹിക്കുന്ന വിഭാഗങ്ങളുടെയും (മുതിര്‍ന്ന പൗരന്മാര്‍, ഭിന്നശേഷിക്കാര്‍, ഗോത്രവിഭാഗക്കാര്‍, അതിദരിദ്രര്‍, തീരദേശവാസികള്‍ മുതലായവര്‍) ആരോഗ്യകരമായ ജീവിതം ഉറപ്പുവരുത്തുക.
  • പകര്‍ച്ചവ്യാധി, പകര്‍ച്ചേതര രോഗങ്ങള്‍, ജീവിതശൈലി രോഗങ്ങള്‍ എന്നിവയെ പ്രതിരോധിക്കുവാന്‍ വേണ്ടി ജനങ്ങളില്‍ ആരോഗ്യകരമായ ജീവിതരീതികള്‍ പ്രോത്സാഹിപ്പിക്കുവാന്‍ വേണ്ട ഇടപെടലുകള്‍ നടത്തുക.
  • പൊതുജനപങ്കാളിത്തത്തോടെ രോഗികളെ മാനസികവും സാമൂഹികവുമായി പുനരധിവസിപ്പിക്കുന്നതിനു വേണ്ട പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുക.
  • കിടപ്പിലായവര്‍ക്കും, ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്കും വയോജനങ്ങള്‍ക്കും വേണ്ട ആരോഗ്യ സേവനങ്ങള്‍ ഉപകേന്ദ്രങ്ങള്‍ വഴി ഏകോപിപ്പിക്കുക.

Story Highlights: Permission to upgrade health sub-centres to public health centres

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top