തമിഴ്നാട് തേനിയിൽ ശമ്പളം ചോദിച്ച അധ്യാപകരെ സ്കൂളിൽ പൂട്ടിയിട്ട് പ്രിൻസിപ്പൽ

തമിഴ്നാട് തേനിയിൽ ശമ്പളം ചോദിച്ച അധ്യാപകരെ സ്കൂളിൽ പൂട്ടിയിട്ട് പ്രിൻസിപ്പൽ. തേനിയിലെ അല്ലിനഗർ മഹാരാജ എയ്ഡഡ് പ്രൈമറി സ്കൂളിലാണ് സംഭവം. വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരെത്തിയാണ് അധ്യാപകരെ മോചിപ്പിച്ചത്. പ്രധാനാധ്യാപകനായ അൻപഴകൻ അധ്യാപകനെ മർദിയ്ക്കുകയും ചെയ്തു. ഇയാൾ ഒളിവിലാണ്.
അൻപഴകനാണ് സ്കൂൾ നടത്തുന്നത്. അതിനൊപ്പം തന്നെ മറ്റൊരു എയ്ഡഡ് സ്കൂളിൽ പ്രിൻസിപ്പലായി ജോലി ചെയ്യുന്നുമുണ്ട്. അല്ലിനഗറിലെ അധ്യാപകരായ ഗണപെരുമാൾ, സുമതി എന്നിവർക്ക് മാസങ്ങളായി ശമ്പളം നൽകിയിട്ടില്ല. പലതവണ ശമ്പളം ചോദിച്ചിട്ടും നൽകാത്ത സാഹചര്യത്തിൽ പ്രിൻസിപ്പൽ മറ്റൊരിടത്ത് കൂടി നിയമവിരുദ്ധമായി ജോലി ചെയ്യുന്നുണ്ടെന്നും സർക്കാർ ശമ്പളം വാങ്ങുന്നുണ്ടെന്നും കാണിച്ച് അധ്യാപകർ വിദ്യഭ്യാസ വകുപ്പിന് പരാതി നൽകി. ഇതോടെയാണ് പ്രശ്നം വഷളായത്.
ഇന്നലെ സ്കൂളിലെത്തിയ അൻപഴകനും ഗണപെരുമാളും തമ്മിൽ തർക്കമുണ്ടായി. ഇതിൽ പ്രകോപിതനായ അൻപഴകൻ ഗണപെരുമാളിനെ മർദിച്ച ശേഷം, സ്കൂൾ പൂട്ടി സ്ഥലം വിടുകയായിരുന്നു. അധ്യാപകർ വിവരമറിയിച്ചതിൻ്റെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരാണ് ഇവരെ മോചിപ്പിച്ചത്. കുട്ടികളെ വീടുകളിൽ എത്തിയ്ക്കുകയും ചെയ്തു. വിദ്യഭ്യാസ വകുപ്പ് വിഷയത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അധ്യാപകരുടെ പരാതി പ്രകാരം കേസെടുത്ത തേനി പൊലിസ് അൻപഴനുവേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കി.
Story Highlights: principal locked the teachers in the school at tamilnadu
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here