Advertisement

മനസും വയറും നിറയെ വിളമ്പാം; രുചിയൂറും വിഷു സദ്യ വിഭവങ്ങൾ

April 12, 2023
Google News 1 minute Read
vishu sadhya special dishes

കണികാണലും കൈനീട്ടവും സദ്യയും എല്ലാം ചേര്‍ന്ന് വിഷു ആഘോഷമാക്കാൻ ഒരുങ്ങുകയാണ് മലയാളികൾ. ഉത്സവങ്ങളും ആഘോഷങ്ങളും ഏതു തന്നെയായാലും മലയാളിക്ക് സദ്യ പ്രധാനമാണ്. പലതരം വിഭവങ്ങളും പായസവും പപ്പടവും ഒക്കെയായി വിഭവസമൃദ്ധമായ സദ്യ തന്നെയാകും വിഷുവിനും തയാറാക്കുക. മാമ്പഴക്കാലവും ചക്കക്കാലവുമായതു കൊണ്ട് ഇവ കൊണ്ടുണ്ടാക്കുന്ന വിഭവങ്ങളാണ് വിഷുസദ്യയില്‍ പ്രധാനം. വിഷുവിനു വിളമ്പാൻ നാടൻ വിഭവങ്ങളുടെ രുചിക്കൂട്ട് പരിചയപ്പെടാം.

മാമ്പഴ പുളിശ്ശേരി

മൂന്ന് വലിയ മാമ്പഴം അര ടീസ്പൂൺ മഞ്ഞൾപ്പൊടിയും 4 പച്ചമുളകും ആവശ്യത്തിന് ഉപ്പും, അൽപം ശർക്കരയും ചേർത്ത് മാമ്പഴം മുങ്ങി കിടക്കാൻ ആവശ്യത്തിന് വെള്ളമൊഴിച്ച് അടച്ചുവച്ച് വേവിക്കുക. ഒരുമുറി തേങ്ങ ചിരകിയത്, ഒരു ടീസ്പൂൺ ജീരകം ചേർത്ത് മഷിപോലെ അരച്ച് കറിയിലേക്ക് ഒഴിച്ച് തിളക്കുമ്പോൾ തീ ഓഫ് ചെയ്യുക. ഒരു കപ്പു കട്ട തൈര് ഉടച്ച് കറിയിലേക്ക് ചേർക്കാം. വെളിച്ചെണ്ണയിൽ കടുകും ചുവന്നുള്ളിയും കറിവേപ്പിലയും ഉണക്കമുളകും താളിച്ച് കറിയിൽ ഒഴിച്ചു കൊടുക്കുക.

ഓലൻ

കുമ്പളങ്ങയാണ് ഓലനിലെ പ്രധാന കഷണം. അല്പം മത്തൻ കൂടി ചേർക്കാം.ഇവ ചെറിയ കഷണങ്ങളാക്കി എടുക്കുക. കാൽ കപ്പ് വൻപയർ തലേദിവസം വെള്ളത്തിലിട്ട്‌ കുതിർത്ത് വേവിച്ചതും കഷണങ്ങളും പച്ചമുളകും കൂടി അല്പം കട്ടി കുറഞ്ഞ തേങ്ങാപ്പാൽ ചേർത്ത് വേവിച്ചെടുക്കുക. നന്നായി വെന്തശേഷം കട്ടി തേങ്ങാപ്പാൽ ചേർത്ത് തിളപ്പിച്ച് , ഇതിലേക്ക് വെളിച്ചെണ്ണയും കറിവേപ്പിലയും ഇട്ടാൽ ഓലൻ ആയി.

ചക്ക അവിയൽ

ചക്കയുടെ എല്ലാ ഭാഗങ്ങളും ചക്ക അവിയലിന് ഉപയോഗിക്കാം. 25 ചക്കച്ചുള, 25 ചക്കക്കുരു, മുള്ളു ചെത്തിക്കളഞ്ഞ ചക്ക മടൽ, അരക്കപ്പ് വീതം വെള്ളരിക്ക, പടവലങ്ങ , കാരറ്റ്, രണ്ടു മുരിങ്ങക്ക, അല്പം പച്ചമാങ്ങ, 5 പച്ചമുളക് ഇവ നീളത്തിൽ അരിഞ്ഞു വയ്ക്കുക.

ഒരു പാത്രത്തിൽ രണ്ടു കപ്പ് വെള്ളം തിളപ്പിച്ചു ചക്കക്കുരു, അരടീസ്പൂൺ മഞ്ഞൾപ്പൊടിയും, ഒരു ടീസ്പൂൺ മുളകുപൊടിയും ചേർത്ത് അടച്ചു വച്ച് 5 മിനിറ്റ് വേവിക്കുക. ഇതിലേക്ക് ചക്ക ഒഴികെയുള്ള പച്ചക്കറികളും ആവശ്യത്തിന് ഉപ്പും ചേർത്ത് വീണ്ടും 10 മിനിറ്റ് അടച്ചു വച്ച് വേവിക്കുക. ചക്ക കൂടി ചേർത്ത് നന്നായി യോജിപ്പിച്ച ശേഷം വീണ്ടും അഞ്ചു മിനിറ്റു കൂടി വേവിക്കുക.

ഒരു തേങ്ങ ചിരകി അതിലേക്ക് ഒരു ടീസ്പൂൺ ജീരകം, 5 അല്ലി ചുവന്നുള്ളി, ഒരു കതിർപ്പ് കറിവേപ്പില ഇവ ചേർത്ത് ചതച്ചെടുത്ത് അവിയലിലേക്ക് ചേർക്കുക. വീണ്ടും അടച്ച് അല്പസമയം വച്ചതിന് ശേഷം നന്നായി യോജിപ്പിച്ച് കറിവേപ്പിലയും പച്ചവെളിച്ചെണ്ണയും ചേർത്ത് വാങ്ങുക.

പച്ചടി

വിഷു സദ്യയിലെ മുഖ്യ പച്ചടികൾ പഴങ്ങൾ ചേർത്തുള്ള പച്ചടിയും കണിവെള്ളരി ഉപയോഗിച്ചുള്ള പച്ചടിയുമാണ്. മാമ്പഴം,നേന്ത്രപ്പഴം, കൈതച്ചക്ക ഇവയിൽ ഏത് ചേർത്ത് വേണമെങ്കിലും മധുര പച്ചടി തയാറാക്കാം. ഏത് പച്ചടി വേണം എന്ന് ആദ്യം തന്നെ തീരുമാനിക്കുക. പച്ചടിക്ക് ആവശ്യമുള്ള തേങ്ങ ഒന്നിച്ച് അരച്ചെടുക്കുക. അല്പം ജീരകം ചേർത്ത് അരച്ച ശേഷം ചതച്ച കടുക് ചേർക്കണം.

ഏത് പച്ചടി ആണോ തയാറാക്കുന്നത്,അത് ആവശ്യത്തിന് വെള്ളം,പച്ചമുളക്,ഉപ്പ് ഇവ ചേർത്ത് വേവിച്ച ശേഷം അരപ്പും ചേർത്ത് വറ്റിച്ചു തീ ഓഫ് ചെയ്തു കട്ടിത്തൈര് ചേർത്ത് യോജിപ്പിച്ച് എടുക്കാം. മധുരപ്പച്ചടി ആണ് തയാറാക്കുന്നത് എങ്കിൽ അല്പം പഞ്ചസാരയോ ശർക്കരയോ ചേർത്ത് കൊടുക്കണം.

ഏറ്റവുമൊടുവിലായി വെളിച്ചെണ്ണയിൽ കടുകും കറിവേപ്പിലയും ഉണക്കമുളകും ചെറിയുള്ളിയും താളിച്ച് ഒഴിക്കുക.

ചക്ക പ്രഥമൻ

ഒരുകപ്പ് ചക്ക വരട്ടിയതിലേക്ക് ,അര കപ്പ് ശർക്കര പാനി, രണ്ട് കപ്പ് കട്ടികുറഞ്ഞ തേങ്ങാപ്പാൽ ഇവ ചേർത്ത് തിളപ്പിക്കുക. നന്നായി യോജിച്ചു കുറുകിവരുമ്പോൾ അര ടീസ്പൂൺ ഏലക്കാപ്പൊടി, കാൽ ടീസ്പൂൺ വീതം ചുക്കു പൊടി, ജീരകപ്പൊടി എന്നിവ ചേർക്കുക.

നന്നായി കുറുകി കഴിയുമ്പോൾ മുക്കാൽ കപ്പ് ഒന്നാം തേങ്ങാപ്പാൽ ചേർത്ത് തിളവരുമ്പോൾ തീ ഓഫ് ചെയ്യുക. അര ടേബിൾ സ്പൂൺ നെയ്യ് ചൂടാക്കി കാൽ കപ്പ് വീതം അണ്ടിപ്പരിപ്പും , തേങ്ങാക്കൊത്തും ഇളം ബ്രൗൺ നിറത്തിൽ വറുത്ത് പായസത്തിൽ ഒഴിച്ചു കൊടുക്കുക.

Story Highlights: Vishu Sadhya Special Dishes

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here