വിവാദങ്ങൾക്കിടയിലും ഡോ. കെ.വി. വിശ്വനാഥന് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറായി സ്ഥിര നിയമനം

കേരള മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ (DME) പദവിയിൽ ഡോ. കെ.വി. വിശ്വനാഥന് സ്ഥിരം നിയമനം. മുൻ ഡയറക്ടർ ഡോ. തോമസ് മാത്യു വിരമിച്ച ഒഴിവിലേക്ക് ഇൻ-ചാർജ് ഡയറക്ടറായി ചുമതല വഹിക്കുകയായിരുന്ന ഡോ. വിശ്വനാഥൻ, ഇപ്പോൾ സ്ഥിര നിയമനത്തിലൂടെ ഇനി പദവിയിൽ തുടരും. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സർജറി വിഭാഗം പ്രൊഫസറായ ഡോ. കെ.വി. വിശ്വനാഥന്റെ നിയമനം തുടക്കം മുതൽ തന്നെ വിവാദങ്ങളുടെ അകമ്പടിയോടെയായിരുന്നു.
ഡോ. വിശ്വനാഥന്റെ നിയമനത്തിനെതിരെ ഉയർന്ന പ്രധാന ആരോപണം സീനിയോറിറ്റി മറികടന്നാണ് ഇത് സാധ്യമാക്കിയത് എന്നതാണ്. 12 അംഗങ്ങളുടെ ലിസ്റ്റിൽ ആറാമനായിരുന്ന അദ്ദേഹത്തെയാണ് സർക്കാർ ഈ തസ്തികയിലേക്ക് പരിഗണിച്ചത്. ലിസ്റ്റിൽ മുന്നിലുണ്ടായിരുന്ന കൂടുതൽ സീനിയോറിറ്റിയുള്ള ഡോക്ടർമാരെ മറികടന്നാണ് ഈ നിയമനം നടന്നതെന്നും, ഇത് സംബന്ധിച്ച് കോടതിയിൽ കേസുകൾ നിലനിൽക്കുന്നുണ്ടെന്നുമാണ് റിപ്പോർട്ടുകൾ. എന്നാൽ ഈ നിയമനത്തിൽ അസ്വാഭാവികമായി ഒന്നുമില്ലെന്നാണ് സർക്കാർ വിശദീകരണം. ഒരു പ്രത്യേക സാഹചര്യത്തിൽ യോഗ്യരായ പലരെയും ഒഴിവാക്കി നടത്തിയ ഈ നിയമനം വലിയ വിമർശനങ്ങൾക്കിടയാക്കിയിരുന്നു.
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ എന്ന നിലയിൽ ഡോ. വിശ്വനാഥനെ കൂടുതൽ പ്രതിരോധത്തിലാക്കിയ സംഭവം ഡോ. ഹാരിസ് ഹസനുമായി ബന്ധപ്പെട്ടതാണ്. ഡോ. ഹാരിസിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയതുമായി ബന്ധപ്പെട്ട കാര്യങ്ങളും, ഒരു ഉപകരണം കാണാതായ വിഷയത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലും സൂപ്രണ്ടും നടത്തിയ വാർത്താസമ്മേളനവും വലിയ വിവാദങ്ങളായി. ഈ പത്രസമ്മേളനത്തിനിടെ ഡോ. വിശ്വനാഥൻ ഫോണിലൂടെ ചില നിർദേശങ്ങൾ നൽകിയത് പിന്നീട് പുറത്തുവന്നു. അദ്ദേഹം തന്നെ ഈ ഫോൺ സംഭാഷണം സ്ഥിരീകരിക്കുകയും ചെയ്തു.
ഉയർന്ന പദവിയിലിരിക്കുന്ന ഒരു ഉദ്യോഗസ്ഥൻ കീഴ് ഉദ്യോഗസ്ഥർക്ക് നൽകിയ നിർദേശങ്ങൾ പൊതുസമൂഹത്തിൽ ചർച്ച ചെയ്യപ്പെട്ടത് സർക്കാരിനും തലവേദന സൃഷ്ടിച്ചു. ഇത്തരം നിരവധി വിവാദങ്ങളും ആരോപണങ്ങളും നിലനിൽക്കെയാണ് ഡോ. കെ.വി. വിശ്വനാഥന് സ്ഥിരം നിയമനം നൽകാൻ സർക്കാർ തീരുമാനിച്ചത്. ഈ തീരുമാനത്തിനെതിരെ ശക്തമായ വിമർശനങ്ങൾ ഉയർന്നുവരുമ്പോഴും, തങ്ങളുടെ തീരുമാനത്തിൽ മാറ്റമില്ലെന്ന നിലപാടിലാണ് സർക്കാർ.
Story Highlights : Despite controversies, Dr. K. V. Viswanathan gets permanent appointment as Director of Medical Education Department
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here