സ്വർണ്ണക്കടത്തിന്റെ പേരിലുള്ള തട്ടിക്കൊണ്ടു പോകൽ; അന്വേഷണം രവി പൂജാരിയുടെ സംഘത്തിലുള്ള നിസാം സലീമിലേക്ക്

താമരശ്ശേരി സ്വർണ്ണക്കടത്ത് തട്ടിക്കൊണ്ടു പോകലിൽ അന്വേഷണം രവി പൂജാരിയുടെ സംഘത്തിലേക്ക്. രവി പൂജാരിയുടെ സംഘത്തിലുള്ള മോനായി എന്ന നിസാം സലീമിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം. മംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഈ ഗ്യാങ്ങാണ് തട്ടിക്കൊണ്ടു പോകലിന് പിന്നിലെന്ന് പൊലീസ് സ്ഥിരീകരിച്ചു.
ഷാഫിയുടെ തട്ടിക്കൊണ്ടു പോകലുമായി ബന്ധപ്പെട്ട് ഉത്തരം കിട്ടാതിരുന്ന രണ്ട് ചോദ്യങ്ങളായിരുന്നു ആര്, എവിടേക്ക് എന്നത്. ഇതിലാണ് നിലവിൽ വ്യക്തത കൈവന്നത്. നേരത്തെ അജ്ഞാത കേന്ദ്രത്തിലുള്ള ഷാഫിയുടെ രണ്ട് വീഡിയോ സന്ദേശങ്ങൾ പുറത്തു വന്നതും സംഘത്തിന്റെ താൽപര്യ പ്രകാരമെന്ന് വ്യക്തമായിട്ടുണ്ട്.
അതേസമയം ബ്യൂട്ടി പാർലർ വെടിവയ്പു കേസിലെ പിടികിട്ടാപ്പുള്ളിയാണ് നിസാം സലിം എന്ന വിവരവും പുറത്തു വരുന്നുണ്ട്. അറസ്റ്റ് ഭയന്ന് ഇയാൾ മുൻപ് വിദേശത്തേക്ക് കടന്നിരുന്നു. വിദേശത്തുനിന്നാണ് കൊട്ടേഷൻ സംഘത്തെ നിയന്ത്രിക്കുന്നത് എന്നാണ് വിവരം. കോട്ടയം സ്വദേശിയായ നിസാം സലിമിന്റെ ഗ്യാങ്ങ് മംഗളൂരു കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. കേസിൽ മംഗളുരുവിലേക്ക് പോലീസ് അന്വേഷണം നീട്ടിക്കഴിഞ്ഞു.
താമരശ്ശേരി തട്ടിക്കൊണ്ടു പോകലിൽ മുഹമ്മദ് ഷാഫിയുടെ പുറത്ത് വന്ന വീഡിയോയിൽ പറയുന്ന കാര്യങ്ങൾ തോക്കിൻ മുനയിൽ പറയിപ്പിക്കുന്നതാണെന്ന് സഹോദരൻ നൗഫലും, പിതാവ് അഹമ്മദ് കുട്ടിയും പ്രതികരിച്ചിരുന്നു. ഷാഫിയുമായി തങ്ങൾക്ക് യാതൊരു പ്രശ്നങ്ങളുമില്ലെന്നതാണ് സത്യം. ഷാഫിയെ തട്ടിക്കൊണ്ടു പോയ അന്നു മുതൽ പ്രതികളെ കണ്ടെത്താൻ ശ്രമിക്കുകയാണ്. തൻ്റെ കുടുംബം ഒന്നടങ്കം ഷാഫിയുടെ വീട്ടിലാണ്. വീഡിയോയിൽ പറഞ്ഞത് പോലെ സ്വർണം കടത്താൻ ഷാഫി കഴിഞ്ഞ 12 വർഷത്തിനിടക്ക് സൗദി അറേബ്യയിൽ പോയിട്ടില്ലെന്നും ഇക്കാര്യം പാസ്പോർട്ട് പരിശോധിച്ചാൽ ബോധ്യമാവുമെന്നും സഹോദരൻ നൗഫൽ പറയുന്നു.
വീട്ടിൽനിന്ന് അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയ കുറുന്തോട്ടിക്കണ്ടി മുഹമ്മദ് ഷാഫിയുടെ രണ്ടാമത്തെ വിഡിയോ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. സഹോദരൻ നൗഫൽ കയ്യൊഴിയുന്നുവെന്നും സ്വത്ത് തട്ടിയെടുക്കാൻ ശ്രമിക്കുന്നുവെന്നുമാണ് ഇന്നലെ പുറത്തുവന്ന വീഡിയോയിൽ
മുഹമ്മദ് ഷാഫി ആരോപിക്കുന്നത്. ഇത് പൂർണമായും നിഷേധിക്കുകയാണ് സഹോദരൻ നൗഫൽ. സൗദിയിൽ നിന്ന് 325 കിലോഗ്രാം സ്വർണം താനും സഹോദരനും ചേർന്ന് കടത്തിക്കൊണ്ടുവന്നതിന്റെ പേരിലാണ് തന്നെ തട്ടിക്കൊണ്ടുപോയതെന്നാണ് ഷാഫിയുടെ രണ്ടാമത്തെ വീഡിയോയിൽ വിശദീകരിക്കുന്നത്.
തന്നെ തട്ടിക്കൊണ്ടുപോയത് മോഷ്ടിച്ച സ്വർണ്ണം തിരികെ കിട്ടാനാണെന്ന് പറഞ്ഞായിരുന്നു ഷാഫിയുടെ ആദ്യ വീഡിയോ പുറത്ത് വന്നത്. കിഡ്നാപ്പിംഗ് സംഘത്തിന്റെ തടവിലിരിക്കെയാണ് ഷാഫിയുടെ വീഡിയോ പുറത്തു വരുന്നത്. തന്നെ തട്ടിക്കൊണ്ടുപോയത് മോഷ്ടിച്ച സ്വർണ്ണം തിരികെ കിട്ടാനാണെന്നും താനും സഹോദരനും ചേർന്ന് സൗദി രാജകുടുംബത്തിന്റെ 325 കിലോ സ്വർണം മോഷ്ടിച്ച് കടത്തിയെന്നും ഷാഫി ആദ്യ വിഡിയോയിൽ പറഞ്ഞിരുന്നു. ഏകദേശം 80 കോടിയോളം രൂപ വിലമതിക്കുന്ന സ്വർണമാണ് മോഷ്ടിച്ചത്. ഇതിന്റെ വിഹിതം ആവശ്യപ്പെട്ടാണ് തട്ടിക്കൊണ്ടുപോയത്. തന്റെ മോചനം ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയിട്ട് കാര്യമില്ലെന്നും ഷാഫി പറയുന്നു.
Story Highlights: Gold smuggling gang kidnaps youth Inquiry to Ravi Pujari
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here