സഞ്ജുവിനെക്കാൾ ഏറെ മികച്ച താരമാണ് കെഎൽ രാഹുൽ എന്ന് സെവാഗ്

ലക്നൗ സൂപ്പർ ജയൻ്റ്സ് ക്യാപ്റ്റൻ കെഎൽ രാഹുലിനെ പുകഴ്ത്തി മുൻ ദേശീയ താരം വീരേന്ദർ സെവാഗ്. സഞ്ജുവിനെക്കാൾ ഏറെ മികച്ച താരമാണ് രാഹുലെന്ന് സെവാഗ് പറഞ്ഞു. രാഹുൽ ടെസ്റ്റ് മത്സരങ്ങളിൽ, വിവിധ രാജ്യങ്ങളിൽ സെഞ്ചുറി നേടിയിട്ടുണ്ടെന്നും ഏകദിനത്തിലും ടി-20യിലും ഏറെ റൺസ് നേടിയെന്നും സെവാഗ് ക്രിക്ക്ബസ് ഷോയിൽ അഭിപ്രായപ്പെട്ടു. (rahul better sanju virender)
“ഇന്ത്യൻ ടീമിലെ കാര്യം പരിഗണിക്കുമ്പോൾ സഞ്ജു സാംസണെക്കാൾ ഏറെ മികച്ച താരമാണ് കെഎൽ രാഹുൽ. രാഹുൽ ടെസ്റ്റ് മത്സരങ്ങൾ കളിച്ച് വിവിധ രാജ്യങ്ങളിൽ സെഞ്ചുറി നേടിയിട്ടുണ്ട്. ഏകദിനത്തിൽ ഓപ്പണറായും മധ്യനിര താരമായും നല്ല പ്രകടനങ്ങൾ നടത്തി. ടി-20 ക്രിക്കറ്റിലും ഏറെ റൺസ് നേടി.”- സെവാഗ് പറഞ്ഞു.
രാഹുൽ ഫോമിലേക്ക് തിരികെയെത്തിയെന്നും സെവാഗ് പറഞ്ഞു. കഴിഞ്ഞ കളി രാഹുൽ റൺസടിച്ചു. സ്ട്രൈക്ക് റേറ്റ് അത്ര മികച്ചതായിരുന്നില്ലെങ്കിലും രാഹുൽ ഫോമിലേക്ക് തിരികെയെത്തിയത് നല്ല കാര്യമാണ്. ട്രെൻ്റ് ബോൾട്ടിനെ മാറ്റിനിർത്തിയാൽ രാജസ്ഥാന് മറ്റൊരു ഫാസ്റ്റ് ബൗളറില്ല. അത് അപകടകരമാണ്. അവർക്ക് നല്ല സ്പിന്നർമാരുണ്ട്. പക്ഷേ, രാഹുൽ ദീർഘസമയം ബാറ്റ് ചെയ്താൽ അയാൾ സ്പിന്നർമാരെ അടിച്ചൊതുക്കുമെന്നും സെവാഗ് വ്യക്തമാക്കി.
Read Also: ‘സഞ്ജു ധോണിയെപ്പോലെ’; ഇന്ത്യൻ ടീമിൽ സ്ഥിര സാന്നിധ്യമാവണമെന്ന് ഹർഭജൻ സിംഗ്
സഞ്ജുവിനെ എംഎസ് ധോണിയോട് ഉപമിച്ച് മുൻ ദേശീയ താരം ഹർഭജൻ സിംഗ് രംഗത്തുവന്നിരുന്നു. കഴിഞ്ഞ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ രാജസ്ഥാൻ ആവേശ ജയം കുറിച്ചതിനു പിന്നാലെ സ്റ്റാർ സ്പോർട്സിനോടാണ് ഹർഭജൻ്റെ പ്രതികരണം.
“നമ്മൾ സഞ്ജുവിൽ നിന്ന് മറ്റൊരു നല്ല ഇന്നിംഗ് കണ്ടു. ഞാനിത് മുൻപും പറഞ്ഞിട്ടുണ്ട്, സഞ്ജു ഇന്ത്യൻ ടീമിൽ സ്ഥിരമാവണമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. സ്പിന്നർമാരെയും പേസർമാരെയും ഒരുപോലെ നേരിടാൻ അവനറിയാം. സമ്മർദ്ദം ഉൾക്കൊള്ളാൻ അവനറിയാം. കരുത്തുറ്റ താരമാണ്. തൻ്റെ കഴിവിൽ അദ്ദേഹം വിശ്വസിക്കുന്നു, എംഎസ് ധോണിയെപ്പോലെ.”- ഹർഭജൻ പറഞ്ഞു.
ഐപിഎലിൽ ഇന്ന് രാജസ്ഥാൻ റോയൽസ് ലക്നൗ സൂപ്പർ ജയൻ്റ്സിനെ നേരിടും. രാജസ്ഥാൻ റോയൽസിൻ്റെ തട്ടകമായ സവായ് മാൻസിങ്ങ് സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം. മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് രാജസ്ഥാൻ റോയൽസ് തങ്ങളുടെ ഹോം ഗ്രൗണ്ടിൽ തിരികെയെത്തുന്നത്.
Story Highlights: kl rahul better sanju samson virender sehwag
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here