അശ്വിനും ബോൾട്ടും മിന്നി; ലഖ്‌നൗവിനെ 154 റൺസിന് ഒതുക്കി രാജസ്ഥാൻ

ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെ രാജസ്ഥാൻ റോയൽസിന് 155 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ നിശ്ചിത ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 154 റൺസ് നേടി. രാജസ്ഥാനിയായി രവിചന്ദ്രൻ അശ്വിന് രണ്ട് വിക്കറ്റ് നേടിയപ്പോൾ ബോള്‍ട്ടും ഹോള്‍ഡറും സന്ദീപും ഓരോ വിക്കറ്റ് നേടി.
ടോസ് നേടിയ രാജസ്ഥാൻ നായകൻ സഞ്ജു ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. കരുതലോടെയാണ് ലഖ്‌നൗ ബാറ്റിംഗ് ആരംഭിച്ചത്. കെ.എൽ രാഹുൽ-കൈൽ മേയേഴ്‌സ് ഓപ്പണിംഗ് കൂട്ടുകെട്ട് പൊളിക്കാൻ രാജസ്ഥാന് 11 ആം ഓവർ വരെ കാത്തിരിക്കേണ്ടി വന്നു. സ്കോർ 82 ൽ നിൽക്കേ, 32 പന്തിൽ 39 റൺസെടുത്ത കെ.എൽ രാഹുലിനെ പുറത്താക്കി ജേസൺ ഹോൾഡർ രാജസ്ഥാന് ബ്രേക്ക് ത്രൂ സമ്മാനിച്ചു.
12-ാം ഓവറിൽ ആയുഷ് ബഡോണിയും (1) പവലിയനിലേക്ക് മടങ്ങി. ട്രെന്റ് ബോൾട്ടിന്റെ പന്തിൽ ക്ലീൻ ബൗൾഡാവുകയായിരുന്നു. 14-ാം ഓവറിൽ ദീപക് ഹൂഡയെയും (2) അർധ സെഞ്ച്വറി പൂർത്തിയാക്കിയ കൈൽ മെയേഴ്‌സിനെയും (51) പുറത്താക്കി രവിചന്ദ്രൻ അശ്വിൻ ലഖ്‌നൗവിനെ ഞെട്ടിച്ചു. 2023ലെ ഐപിഎല്ലിൽ കൈൽ മെയേഴ്‌സിൻ്റെ മൂന്നാം സെഞ്ച്വറിയാണിത്. ഇതോടെ ലഖ്‌നൗ 104/4 എന്ന നിലയിലേക്ക് വീണു.
മാർക്കസ് സ്റ്റോയിനിസ് നിക്കോളാസ് പൂരൻ സഖ്യം അവസാന ഓവറുകളിൽ നേടിയ 45 റൺസ് കൂട്ടുകെട്ട് സ്കോർ 150 ൽ എത്തിക്കാൻ സഹായിച്ചു. പിന്നലെ 16 പന്തിൽ 21 റൺസെടുത്ത മാർക്കസ് സ്റ്റോയിനിസ് പുറത്തായി. അവസാന ഓവറിൽ നിക്കോളാസ് പൂരനും യുധ്വീർ സിംഗ് ചരക്കും റണ്ണൗട്ടായി. നാല് റൺസെടുത്ത ക്രുണാൽ പാണ്ഡ്യ പുറത്താകാതെ നിന്നു. രാജസ്ഥാനിൽ നിന്ന് അശ്വിൻ രണ്ട് വിക്കറ്റ് വീഴ്ത്തി. ട്രെന്റ് ബോൾട്ട്, സന്ദീപ് ശർമ, ജേസൺ ഹോൾഡർ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.
Story Highlights: RR vs LSG: Lucknow finish at 154/7
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here