ഓട്ടോയിൽ വനം വകുപ്പ് തന്നെ മാംസം വച്ച് കാട്ടിറച്ചി കടത്താൻ ശ്രമിച്ചെന്ന് കള്ളക്കേസ്; ആദിവാസി യുവാവിനെതിരെ ചുമത്തിയ കേസ് പിൻവലിച്ചു

ഇടുക്കി കണ്ണംപടിയിൽ ആദിവാസി യുവാവ് സരുൺ സജിക്ക് എതിരെ ചുമത്തിയ കള്ളക്കേസ് പിൻവലിച്ച് വനം വകുപ്പ്. വാഹനത്തിൽ വനം വകുപ്പ് വച്ചത് കന്നുകാലിയുടെ മാംസമാണെന്ന് പരിശോധനയിൽ തെളിഞ്ഞു. ഇതിനെ തുടർന്ന് കേസ് പിൻവലിക്കുന്നതിനുള്ള അപേക്ഷ വനം വകുപ്പ് കട്ടപ്പന ജുഡിഷ്യൽ ഫറ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥർ കള്ളക്കേസിൽ കുടുക്കിയ സരുൺ 10 ദിവസമാണ് ജയിലിൽ കിടന്നത്. (case adivasi forest department)
Read Also: ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കിയ സംഭവം: വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ പൊലീസ് കേസെടുത്തു
2022 സെപ്റ്റംബർ 20നാണ് സംഭവം നടക്കുന്നത്. കണ്ണംപടിയിൽ വച്ച് ആദിവാസി യുവാവിന്റെ ഓട്ടോ വനം വകുപ്പ് തടഞ്ഞു നിർത്തുകയും അതിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ തന്നെ ഇറച്ചി വെച്ചതിനുശേഷം കാട്ടിറച്ചി കടത്താൻ ശ്രമിച്ചു എന്ന പേരിൽ യുവാവിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പത്ത് ദിവസത്തേക്ക് ഇദ്ദേഹത്തെ റിമാൻഡ് ചെയ്യുകയും ചെയ്തു. പിന്നീട് നാട്ടുകാർ ഇതിൽ പ്രതിഷേധിച്ചു. അതിനൊടുവിൽ വനം വകുപ്പ് തന്നെ ഒരു പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. ഈ സംഘം നടത്തുയ അന്വേഷണത്തിൽ ഇത് കള്ളക്കേസാണെന്ന് ബോധ്യപ്പെടുകയും ചെയ്തു. പിന്നാലെ ഇത് മാട്ടിറച്ചിയാണോ കാട്ടിറച്ചിയാണോ എന്നറിയാൻ വേണ്ടി ഒരു പരിശോധന നടത്തണം. അതിനുശേഷം മാത്രമായിരിക്കും ഈ കേസ് പൂർണ്ണമായും പിൻവലിക്കാൻ കഴിയുക എന്ന് വനം വകുപ്പ് നിലപാടെടുത്തു. ഒരു മാസം മുൻപ് ഈ മാസം കാട്ടിറച്ചിയല്ലെന്ന് പരിശോധനാഫലം വന്നു. എന്നിട്ടും വനംവകുപ്പ് യാതൊരു വിധത്തിലുള്ള നടപടിയും സ്വീകരിച്ചില്ല. ഇതിനു പിന്നാലെ സരുൺ സജിയും കുടുംബവും മുഖ്യമന്ത്രിയെയും വനം വകുപ്പ് മന്ത്രിനെയും കാണുകയും നിവേദനം കൊടുക്കുകയും ചെയ്തിരുന്നു. എന്നിട്ടും ഇതിൽ നടപടി ഉണ്ടായില്ല. ഇപ്പോൾ വനം വകുപ്പ് ഈ കേസ് പിൻവലിക്കാനുള്ള നടപടി സ്വീകരിച്ചിരിക്കുകയാണ്.
ഓട്ടോറിക്ഷയിൽ കാട്ടിറച്ചി കടത്തിക്കൊണ്ടു വന്ന് വിൽപന നടത്തി എന്നാരോപിച്ച് കഴിഞ്ഞ സെപ്‌തംബർ 20നാണ് സരുൺ സജിയെ കിഴുക്കാനം ഫോറസ്റ്റർ അനിൽ കുമാറും സംഘവും അറസ്റ്റ് ചെയ്തത്. ഇത് കള്ളക്കേസാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അനിൽ കുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ എൻ.ആർ.ഷിജിരാജ്, വി.സി.ലെനിൻ, ഡ്രൈവർ ജിമ്മി ജോസഫ് വാച്ചർമാരായ കെ.ടി.ജയകുമാർ, കെ.എൻ.മോഹനൻ എന്നിവരെ സസ്‌പെൻഡ് ചെയ്തിരുന്നു. വൈൽഡ് ലൈഫ് വാർഡൻ രാഹുലും കേസിലെ പ്രതിയാണ്.
Story Highlights: case adivasi man forest department update
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here