Advertisement

കോന്നി മെഡിക്കല്‍ കോളജ് അക്കാഡമിക് ബ്ലോക്കിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും

April 22, 2023
Google News 2 minutes Read
Pinarayi Vijayan will inaugurate the academic block of Konni Medical College

സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ അക്കാഡമിക് ബ്ലോക്കിന്റെ ഉദ്ഘാടനം ഏപ്രില്‍ 24 തിങ്കളാഴ്ച രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. കോന്നി മെഡിക്കല്‍ കോളജിനെ സംബന്ധിച്ച് മറ്റൊരു സുപ്രധാന ദിനമാണെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. 100 വിദ്യാര്‍ത്ഥികളുടെ പഠനത്തിനാവശ്യമായ വിപുലമായ സംവിധാനങ്ങളോടെയാണ് അക്കാഡമിക് ബ്ലോക്ക് സജ്ജമാക്കിയതെന്നും മന്ത്രി വ്യക്തമാക്കി.

40 കോടി രൂപ ചെലവഴിച്ചാണ് 4 നിലകളുള്ള അക്കാഡമിക് ബ്ലോക്ക് നിര്‍മ്മിച്ചിരിക്കുന്നത്. ഒന്നാം വര്‍ഷ ക്ലാസുകള്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് പൂര്‍ത്തിയാക്കിയ അക്കാദമിക് ബ്ലോക്കില്‍ ഗ്രൗണ്ട് ഫ്‌ളോറില്‍ അനാട്ടമി വിഭാഗം ലാബ്, അനാട്ടമി മ്യൂസിയം, ലൈബ്രറി, 150 സീറ്റുകളുള്ള ഗാലറി ടൈപ്പ് ലക്ചര്‍ തിയറ്റര്‍ എന്നിവ സജ്ജീകരിച്ചു. ഒന്നാം നിലയില്‍ ഫാര്‍മക്കോളജി വിഭാഗം ലാബ്, ബയോകെമിസ്ട്രി വിഭാഗം ലാബ്, രണ്ടാം നിലയില്‍ ഫിസിയോളജി ലാബ്, പ്രിന്‍സിപ്പാളിന്റെ കാര്യാലയം, പരീക്ഷ ഹാള്‍, ലക്ചര്‍ ഹാള്‍, മൂന്നാം നിലയില്‍ പത്തോളജി വിഭാഗം ലാബ്, മൈക്രോബയോളജി ലക്ചര്‍ ഹാള്‍ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.

ഈ വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കാന്‍ ആവശ്യമായ ഫര്‍ണീച്ചറുകള്‍, ലൈബ്രറിക്ക് ആവശ്യമായ ബുക്കുകള്‍, സ്‌പെസിമിനുകള്‍, വിദ്യാര്‍ത്ഥികളുടെ പഠനത്തിന് ആവശ്യമായ ചാര്‍ട്ടുകള്‍, അനാട്ടമി വിഭാഗത്തിന് മൃതദേഹം സൂക്ഷിക്കുവാനുളള ടാങ്ക്, പഠനത്തിന് ആവശ്യമായ ബോണ്‍ സെറ്റ്, സ്‌കെല്‍ട്ടനുകള്‍, ലാബിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമായ റീയേജന്റുകള്‍ മുതലായവ പൂര്‍ണമായും സജ്ജമാക്കിയിട്ടുണ്ട്.

ജില്ലയിലെ ആദ്യത്തെ 128 സ്ലൈസ് സി.ടി സ്‌കാന്‍ അഞ്ച് കോടി രൂപ ചിലിവില്‍ സജ്ജമാക്കി. പീഡിയാട്രിക്ക് ഐ.സി.യു, സര്‍ജിക്കല്‍ ഐ.സി.യു, മെഡിക്കല്‍ ഐ.സി.യു എന്നിവ മെഡിക്കല്‍ കോളജില്‍ സജ്ജമാക്കി വരുന്നു. അഞ്ചു മോഡുലാര്‍ ഓപ്പറേഷന്‍ തിയറ്ററുകളാണ് സജ്ജമാക്കുന്നത്. ഗൈനക്കോളജി ഓപ്പറേഷന്‍ തിയറ്റര്‍, പ്രസവമുറി, വാര്‍ഡ് എന്നിവ ലക്ഷ്യ പദ്ധതിയനുസരിച്ച് സജ്ജമാക്കി വരുന്നു. ഹോസ്റ്റലുകളുടെ നിര്‍മ്മാണം അന്തിമ ഘട്ടത്തിലാണ്. 200 കിടക്കകളുള്ള രണ്ടാം ബ്ലോക്ക്, ക്വാര്‍ട്ടേഴ്സുകള്‍, ലോണ്‍ട്രി, ഓഡിറ്റോറിയം, മോര്‍ച്ചറി, മോഡുലാര്‍ രക്തബാങ്ക് എന്നിവയുടെ നിര്‍മ്മാണം പുരോഗമിക്കുന്നു. 200 കിടക്കകളുള്ള പുതിയ ആശുപത്രി കെട്ടിടം പൂര്‍ത്തിയാകുമ്പോള്‍ 500 കിടക്കകളുള്ള ആശുപത്രിയായി മെഡിക്കല്‍ കോളജ് മാറും.

Story Highlights: Pinarayi Vijayan will inaugurate the academic block of Konni Medical College

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here