രാവിലെ മുറുക്കും ചിപ്‌സും; ഉച്ചയ്ക്ക് വെജ് ബിരിയാണി; വന്ദേ ഭാരതിലെ ആദ്യ യാത്രയിൽ വിളമ്പിയത്

വന്ദേഭാരതിന്റെ ആദ്യ യാത്രയിൽ വിഭവസമൃദ്ധമായ ഭക്ഷണം. രാവിലെ 11.30 ന് യാത്ര ആരംഭിച്ച വന്ദേ ഭാരതിൽ ലഘു ഭക്ഷണങ്ങളുമായാണ് റെയിൽവേ അധികൃതർ തങ്ങളുടെ ആദ്യ യാത്രക്കാരെ സ്വീകരിച്ചത്. ഒരു ബോക്‌സിൽ ചിപ്‌സ്, മുറുക്ക്, മധുര പലഹാരം രണ്ട് ഫ്രൂട്ടി എന്നിവ നൽകി. ഉച്ചയ്ക്ക് വെജിറ്റബിൾ ബിരിയാണിയാണ് നൽകിയത്. ഒപ്പം കച്ചമ്പറും, അച്ചാറും പായസവുമുണ്ടായിരുന്നു. ( Vande Bharat first day Menu )
വന്ദേ ഭാരത് ഓടിത്തുടങ്ങിയപ്പോൾ ആദ്യ യാത്രയിൽ ഭാഗമാകാൻ കഴിഞ്ഞത് തെരഞ്ഞെടുക്കപ്പെട്ട ചുരുക്കം പേർക്ക് മാത്രമായിരുന്നു. ആദ്യ രണ്ട് കോച്ചിൽ വിദ്യാർത്ഥികളായിരുന്നു. ഇതിൽ ഒന്നാമത്തെ കോച്ചിലെ വിദ്യാർത്ഥികൾക്കാണ് പ്രധാനമന്ത്രിയുമായി സംവദിക്കാൻ അവസരം ലഭിച്ചത്. മൂന്നാമത്തെ കോച്ചിൽ വിദ്യാർത്ഥികളുടെ രക്ഷിതാക്കളിയുരന്നു. നാലാം കോച്ചിൽ റെയിൽവേ ഉദ്യോഗസ്ഥരും റെയിൽവേ സ്‌നേഹികളുമായിരുന്നു. അഞ്ചും ആറും കോച്ചുകളിൽ മാധ്യമ പ്രവർത്തകർ ഇടംപിടിച്ചു. ബാക്കി കോച്ചുകളിൽ ക്ഷണിക്കപ്പെട്ടവർ മുതൽ ബിജെപി പ്രവർത്തകർ വരെ ഇടംനേടി. എക്‌സിക്യൂട്ടീവ് കോച്ചിൽ പാളയം ഇമാം വി.പി സുഹൈബ് മൗലവി, ഗുരുരത്‌നം ജ്ഞാന തപസ്വി, നടൻ വിവേക് ഗോപൻ, ഗായകൻ അനൂപ് ശങ്കർ തുടങ്ങിയ പ്രമുഖർ യാത്ര ചെയ്തു. ഭിന്നശേഷി വിദ്യാർത്ഥികളും ആദ്യ വന്ദേഭാരത് യാത്രയുടെ ഭാഗമായി.
മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ശശി തരൂർ എംപി എന്നിവരുടെ സാന്നിധ്യത്തിലാണ് പ്രധാനമന്ത്രി വന്ദേ ഭാരത് ഫ്‌ളാഗ് ഓഫ് ചെയ്തത്. തുടർന്ന് യാത്രക്കാരുമായി വന്ദേ ഭാരത് ആദ്യ സർവീസ് ആരംഭിച്ചു. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ 8 മണിക്കൂർ 5 മിനിട്ടിൽ എത്തിച്ചേരാൻ സാധിക്കുന്ന തരത്തിലാണ് വന്ദേ ഭാരതിന്റെ റഗുലർ സർവീസ്. റഗുലർ സർവീസ് നാളെ കാസർഗോഡ് നിന്നും, 28 ന് തിരുവനന്തപുരത്ത് നിന്ന് ആരംഭിക്കും. അനുവദിച്ച സ്റ്റോപ്പുക്കൾക്ക് പുറമെ കായംകുളം, ചെങ്ങന്നൂർ, തിരുവല്ല, ചാലക്കുടി, തിരൂർ, തലശ്ശേരി, പയ്യന്നൂർ, എന്നീ സ്റ്റേറ്റേഷനുകളിൽ കൂടി ഇന്നത്തെ ഉദ്ഘാടന സ്‌പെഷ്യൽ ട്രെയിൻ നിർത്തും.
Story Highlights: Vande Bharat first day Menu
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here