അധോലോക ബന്ധമുള്ള കള്ളൻ, വെടിവയ്പ്പ് മുതൽ ബാബറി മസ്ജിദ് തകർക്കൽ വരേ, 5 തവണ ബിജെപി എംപി, ആരാണ് ബ്രിജ് ഭൂഷൺ?

‘ഞാനൊരു കൊലപാതകം ചെയ്തു…ആളുകൾ എന്ത് പറഞ്ഞാലും ഞാനൊരു കൊലപാതകിയാണ്!!’, ഇത് ഒരു കൊലപാതകിയുടെ കുറ്റസമ്മതമല്ല, ബിജെപി നേതാവും ആറ് തവണ ലോക്‌സഭാ എം.പിയും ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റുമായ ബ്രിജ് ഭൂഷൺ ശരൺ സിംഗ് മുമ്പ് നടത്തിയിട്ടുള്ള പ്രഖ്യാപനമാണ്. MyNeta.info-യിലെ ‘ക്രൈം-ഒ-മീറ്റർ’ ബിജെപി നേതാവിന്റെ ക്രിമിനൽ പശ്ചാത്തലം ചുവപ്പ് നിറത്തിൽ രേഖപ്പെടുത്തുന്നു. ഏറ്റവും ഒടുവിലായി ഗുസ്തി താരങ്ങളുടെ ലൈംഗിക പരാതിയിൽ പോലും വേവലാതിയില്ലാതെ ബ്രിജ് ഭൂഷൺ. സിംഗിനെതിരെ നടപടിയെടുക്കാൻ ബിജെപിക്ക് മേൽ സമ്മർദം ശക്തമായിട്ടും പാർട്ടി മൗനം തുടരുന്നത് എന്തുകൊണ്ട്? Who Is BJP MP Brij Bhushan Sharan Singh
ആരാണ് ബ്രിജ് ഭൂഷൺ ശരൺ സിംഗ്?
1990-കളുടെ അവസാനത്തിൽ അവധ് സർവകലാശാലയിൽ നിന്ന് നിയമപഠനം പൂർത്തിയാക്കി ബിജെപിയിലേക്ക്. രാമജന്മഭൂമി പ്രസ്ഥാനത്തിന്റെ കാലഘട്ടമായിരുന്നു അത്. രാമക്ഷേത്ര സമരത്തിന്റെ പ്രധാന മുഖങ്ങളിൽ ഒരാളായി ബ്രിജ് ഭൂഷൺ. 1991-ൽ ആദ്യമായി ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഉത്തർപ്രദേശിലെ ഗോണ്ട മണ്ഡലത്തിൽ നിന്നാണ് പത്താം ലോകസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. അധോലോകവുമായുള്ള അദ്ദേഹത്തിന്റെ ബന്ധവും ഇക്കാലയളവിൽ തലപൊക്കിത്തുടങ്ങി.
1996 ൽ ദാവൂദ് ഇബ്രാഹിം സംഘത്തിലെ അംഗങ്ങൾക്ക് അഭയം നൽകിയെന്ന കേസിൽ സിംഗ് കുറ്റാരോപിതനായി. ഇയാൾക്കെതിരെ തീവ്രവാദ, വിഭജന പ്രവർത്തനങ്ങൾ തടയൽ നിയമം (ടാഡ) പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മാസങ്ങളോളം തിഹാർ ജയിലിൽ കഴിഞ്ഞു. ഇതോടെ സിംഗിനെ തെരഞ്ഞെടുപ്പിൽ നിന്ന് ഒഴിവാക്കി ഭാര്യക്ക് സീറ്റ് നൽകാൻ പാർട്ടി തീരുമാനിച്ചു. ഗോണ്ടയിൽ നിന്നുള്ള ബിജെപി മുഖമായി കേക്തി ദേവി വിജയം നേടി.
പിന്നീട് തെളിവുകളുടെ അഭാവത്തിൽ കുറ്റവിമുക്തനാക്കപ്പെട്ട സിംഗ്, 1998-ലെ തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടി സ്ഥാനാർത്ഥി കീർത്തിവർധൻ സിംഗിനോട് ഗോണ്ടയിൽ നിന്നും പരാജയപ്പെട്ടു. 1999-ൽ ഇതേ മണ്ഡലത്തിൽ നിന്ന് ഒരിക്കൽ കൂടി ലോക്‌സഭയിലേക്ക്. പിന്നാലെ 2004-ൽ ബൽറാംപൂർ മണ്ഡലത്തിൽ നിന്നും വിജയിച്ചു. എന്നാൽ അതേ വർഷം തന്നെ ഒരു ദുരന്തം സിംഗിനെ കാത്തിരുന്നു. ബ്രിജ് ഭൂഷന്റെ 22 വയസ്സുള്ള മകൻ ശക്തി സിംഗ് ആത്മഹത്യ ചെയ്തു, തന്റെ മരണത്തിന് കാരണമായത് പിതാവിന്റെ പ്രവൃത്തിയാണെന്ന് മകൻ ആത്മഹത്യാ കുറിപ്പിൽ കുറ്റപ്പെടുത്തി.
“നിങ്ങൾ ഒരു നല്ല പിതാവല്ല, എന്നെയും എന്റെ സഹോദരങ്ങളെയും ഒരിക്കൽ എങ്കിലും നിങ്ങൾ സ്നേഹിച്ചിട്ടുണ്ടോ? നിങ്ങൾ ഒരു സ്വാർത്ഥനാണ്, എപ്പോഴും നിങ്ങളെക്കുറിച്ച് മാത്രമാണ് ചിന്ത..നമ്മുടെ ഭാവി ഇരുട്ടിലാണ്, ഇനി ജീവിച്ചിട്ട് കാര്യമില്ല”-കുറിപ്പിൽ പറയുന്നു. 2008 ജൂലൈ 20ന് പാർലമെന്റിൽ ക്രോസ് വോട്ട് ചെയ്തതിന് ബിജെപിയിൽ നിന്ന് പുറത്തായി. പിന്നീട് അദ്ദേഹം സമാജ്‌വാദി പാർട്ടിയിൽ ചേർന്നു. 2009-ൽ ഉത്തർപ്രദേശ് കൈസർഗഞ്ച് മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തി 15-ാം ലോക്സഭയിലേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
പിന്നീട് പതിനാറാം പൊതുതെരഞ്ഞെടുപ്പിന് മാസങ്ങൾക്ക് മുമ്പ് അദ്ദേഹം വീണ്ടും ഭാരതീയ ജനതാ പാർട്ടിയിൽ ചേർന്നു. നിലവിൽ ബിജെപിയിൽ നിന്ന് 17-ാം ലോക്‌സഭയിൽ അംഗമാണ്. ഹനുമാൻ ഗർഹിക്കടുത്തുള്ള ഒരു അഖാരയിൽ ഗുസ്തി അഭ്യസിച്ചിട്ടുള്ള സിംഗ് റെസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ (ഡബ്ല്യുഎഫ്ഐ) പ്രസിഡന്റാണ്.
വിട്ടൊഴിയാത്ത വിവാദങ്ങൾ:
- ബാബറി മസ്ജിദ് തകർക്കൽ കേസ്
1992-ൽ ബാബറി മസ്ജിദ് തകർത്ത കേസിൽ ഉൾപ്പെട്ടതിനാൽ അദ്ദേഹത്തെ മറ്റ് 39 പേർക്കൊപ്പം സിബിഐ അറസ്റ്റ് ചെയ്തു. പ്രധാന പ്രതിയായ അദ്ദേഹത്തിന് പിന്നീട് 2020 ൽ സുപ്രീം കോടതി ക്ലീൻ ഷീറ്റ് നൽകി. “രാമജന്മഭൂമി പ്രസ്ഥാനത്തിന്റെ കാലത്ത് മുലായം സിംഗ് അറസ്റ്റുചെയ്ത ആദ്യ വ്യക്തി ഞാനായിരുന്നു. വിവാദ കെട്ടിടം തകർത്തതിന് ശേഷം സിബിഐ അറസ്റ്റ് ചെയ്ത ആദ്യത്തെ ആളും ഞാൻ തന്നെ”- സിംഗ് പിന്നീട് പറഞ്ഞു. - അധോലോക ബന്ധം
1992-ൽ ജെ.ജെ ഹോസ്പിറ്റൽ ഷൂട്ടൗട്ട് സംഘടിപ്പിക്കാൻ ദാവൂദ് ഇബ്രാഹിമിനെ സഹായിച്ചതിന് ടാഡ ചുമത്തി. പിന്നീട് 1999-ൽ മോചിതനായി. - കൊലപാതക കുറ്റസമ്മതം:
2022-ൽ ദ ലാലൻടോപ്പ് എന്ന വെബ് പോർട്ടലിന് നൽകിയ അഭിമുഖത്തിൽ, തന്റെ ഉറ്റസുഹൃത്ത് രവീന്ദർ സിങ്ങിനെ വെടിവെച്ചുകൊന്നയാളെ കൊലപ്പെടുത്തിയതായി അദ്ദേഹം സമ്മതിച്ചു. വീഡിയോയിൽ “ശക്തിശാലി” (ശക്തനായ ഗുസ്തിക്കാരൻ) എന്നും അദ്ദേഹം സ്വയം വിശേഷിപ്പിച്ചിട്ടുണ്ട്. - മോഷ്ടാവ്, ഗുണ്ടാ നേതാവ്:
തന്റെ ചെറുപ്പകാലത്ത് അദ്ദേഹം മോട്ടോർ സൈക്കിളുകൾ മോഷ്ടിച്ചിരുന്നതായും, 1980-കളിൽ ഒരു മദ്യമാഫിയയുടെ ഭാഗമായിരുന്നുവെന്നും റിപ്പോർട്ടുണ്ട്. 1993-ൽ ഒരു വെടിവെപ്പിലും ഉൾപ്പെട്ടിരുന്ന അദ്ദേഹത്തെ ഈ കേസിൽ കഴിഞ്ഞ വർഷം ഡിസംബറിൽ പ്രാദേശിക ഗോണ്ട കോടതി കുറ്റവിമുക്തനാക്കി. സിങ്ങുമായി ഒരുകാലത്ത് സൗഹൃദം പുലർത്തിയിരുന്ന മുൻ മന്ത്രി പണ്ഡിറ്റ് സിംഗ് എന്നറിയപ്പെടുന്ന വിനോദ് കുമാർ സിങ്ങിനെ കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നായിരുന്നു ആരോപണം. - ഗുസ്തി താരങ്ങളുടെ ലൈംഗിക പരാതി:
ദേശീയ ഗുസ്തി ഫെഡറേഷനും അധ്യക്ഷനും മറ്റ് പരിശീലർക്കുമെതിരെ ഈ വർഷമാദ്യം ഗുസ്തി താരങ്ങൾ ജന്തർ മന്തറിൽ പ്രതിഷേധിച്ചിരുന്നു. വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി ചൂഷണം ചെയ്യുന്നുവെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. എന്നാൽ പിന്നീട് നടപടി ഒന്നും ഉണ്ടായില്ല. പിന്നാലെയാണ് ഏഴ് വനിതാ ഗുസ്തി താരങ്ങൾ ഡൽഹി കൊണാട്ട് പ്ലേസ് പോലീസ് സ്റ്റേഷനിൽ പുതിയ പരാതി നൽകിയത്. ഇതിലും തുടർ നടപടികൾ സ്വീകരിക്കാത്ത സാഹചര്യത്തിലാണ് വീണ്ടും പ്രതിഷേധത്തിന് തുടക്കമിട്ടത്. പുതിയ പരാതിക്കാരിൽ ഒരാൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണ്.
പോരാടാനുള്ള എന്റെ കഴിവ് അവസാനിച്ചുവെന്ന് എനിക്ക് തോന്നുന്ന ദിവസം ഞാൻ മരണത്തെ ആശ്ലേഷിക്കുമെന്ന് ഗുസ്തി താരങ്ങളുടെ ലൈംഗികാരോപണത്തിലെ സിംഗിന്റെ ആദ്യ പ്രതികരണം. അതേസമയം മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായുള്ള ബന്ധം അടുത്തിടെ വഷളായതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പാർട്ടിയുടെ ഹിന്ദുത്വ മുഖമെന്ന പ്രതിച്ഛായ ആദിത്യനാഥ് ഉയർത്തിക്കാട്ടുമ്പോൾ, അയോധ്യ മേഖലയിൽ ഇരുവരും തമ്മിൽ ചില ഏറ്റുമുട്ടലുണ്ട്. പാർട്ടിയിലെ ഉന്നത നേതാക്കളുമായുള്ള സിംഗിന്റെ അടുത്ത ബന്ധം എടുത്തു പറയണം.
Story Highlights: Who Is BJP MP Brij Bhushan Sharan Singh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here