Advertisement

ദൗത്യത്തിനിടെ കുതറി മാറി അരിക്കൊമ്പൻ; മുഖം മറച്ചിരുന്ന കറുത്ത തുണി തട്ടിത്തെറിപ്പിച്ചു

April 29, 2023
Google News 2 minutes Read
mission arikomban Continued Arikomban got angry

ദൗത്യത്തിനിടെ അരിക്കൊമ്പൻ കുതറി മാറുകയും മുഖം മറച്ചിരുന്ന കറുത്ത തുണി തട്ടിത്തെറിപ്പിക്കുകയും ചെയ്തു. കറുത്ത തുണി ഉപയോ​ഗിച്ച് വീണ്ടും മുഖം മറയ്ക്കാനുള്ള ശ്രമത്തിലാണ് വനം വകുപ്പ് അധികൃതർ. കുങ്കിയാനകൾ മുന്നോട്ട് അടുത്തതോടെയാണ് അരിക്കൊമ്പൻ കുതറി മാറിയതും മുഖം മറച്ചിരുന്ന തുണി തട്ടിത്തെറിപ്പിതും. കൊമ്പൻ കുതറി മാറിയതോടെ പിന്നിൽ നിന്നിരുന്ന വനം വകുപ്പ് ഉദ്യോ​ഗസ്ഥരും റാപ്പിഡ് റെസ്പോൺസ് ടീമും ചിതറിയോടുകയായിരുന്നു. ഏറെ നേരമായി വെയിലത്ത് നിൽക്കുന്ന അരിക്കൊമ്പനെ വെള്ളം ഒഴിച്ച് തണുപ്പിക്കുകയാണിപ്പോൾ.

ഇടുക്കി ചിന്നക്കനാല്‍ മേഖലയില്‍ ഭീതി പരത്തിയ അരിക്കൊമ്പന്‍ 5 ഡോസ് മയക്കുവെടിവെച്ചിട്ടും പൂർണമായും മയങ്ങാത്ത അവസ്ഥയാണ്. വടം ഉപയോ​ഗിച്ച് ആനയുടെ പിൻ കാലുകൾ ബന്ധിപ്പിച്ചിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ കുങ്കിയാനകളെ അടുത്തെത്തിച്ചപ്പോഴേക്കും അരിക്കൊമ്പൻ നടന്നകലാൻ ശ്രമിക്കുകയായിരുന്നു. പല തവണ അരിക്കൊമ്പന്റെ കാലുകളിലേക്ക് വടം എറിഞ്ഞെങ്കിലും പരാജയപ്പെട്ടിരുന്നു. ആനയെ പ്രകോപിപ്പിക്കരുതെന്ന കോടതി നിർദേശമുള്ളതിൽ വളരെ സൂക്ഷ്മതയോടെയാണ് വനംവകുപ്പിന്റെ നീക്കം.

Read Also: പാതി മയക്കത്തിൽ അരിക്കൊമ്പൻ; ആനയുടെ കാലുകൾ ബന്ധിപ്പിക്കാനുള്ള തീവ്ര ശ്രമത്തിൽ ദൗത്യ സംഘം

നാല് കുങ്കിയാനകളാണ് അരിക്കൊമ്പനെ തളയ്ക്കാൻ രം​ഗത്തുള്ളത്. കാലുകൾ ബന്ധിച്ച ശേഷം കുങ്കിയാനകൾ അരിക്കൊമ്പനെ തള്ളിനീക്കി വാഹനത്തിൽ കയറ്റേണ്ടതുണ്ട്. അതിന് ശേഷമാകും അരിക്കൊമ്പന് റേഡിയോ കോളർ ഘടിപ്പിക്കുന്നത്. ഇനി കൂടുതൽ ഡോസ് മയക്കുവെടി വെക്കാതിരിക്കാനാണ് വനംവകുപ്പ് പരമാവധി ശ്രമിക്കുന്നത്.

അരിക്കൊമ്പനെ മയക്കുവെടി വെച്ച ദൗത്യസംഘത്തിലെ ഉദ്യോഗസ്ഥരെ വനം-വന്യജീവി വകുപ്പു മന്ത്രി എ.കെ. ശശീന്ദ്രന്‍ അഭിനന്ദിച്ചു. കാട്ടാനയെ പിടികൂടാനുള്ള ദൗത്യത്തില്‍ പങ്കാളികളായ വിവിധ വകുപ്പുകളിലെ ജീവനക്കാരെയും ജില്ലാ ഭരണകൂടത്തെയും ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കാന്‍ എല്ലാവിധ പിന്തുണയും നല്‍കിയ ജനപ്രതിനിധികളെയും നാട്ടുകാരെയും ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച എല്ലാവരെയും അഭിനന്ദിക്കുകയാണെന്ന് മന്ത്രി അറിയിച്ചു.

മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഡോ. അരുൺ സക്കറിയ അരിക്കൊമ്പനെ മയക്കുവെടി വച്ചത്. അരിക്കൊമ്പൻ ദൗത്യം വിജയത്തിലേക്ക് നീങ്ങുന്നുവെന്നാണ് വിവരം. അരിക്കൊമ്പന് തൊട്ടരികെ ചക്ക കൊമ്പനും എത്തിയതിനാലായിരുന്നു വെടിവെയ്ക്കാൻ വൈകിയത്. പടക്കം പൊട്ടിച്ച് ചക്കക്കൊമ്പനെ അകറ്റിയ ശേഷമാണ് അരിക്കൊമ്പനെ മയക്കുവെടി വെച്ചത്. ഒരു കൊമ്പ് ഉയർന്നും ഒന്ന് താഴ്ന്നുമാണ് ആനയെ കാണപ്പെട്ടത്. തുടർന്നാണ് അരിക്കൊമ്പൻ തന്നെയാണ് ഇതെന്നുള്ള നിഗമനത്തിൽ വനം വകുപ്പ് വാച്ചർമാർ എത്തിച്ചേർന്നത്.

Story Highlights: mission arikomban Continued Arikomban got angry

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here