3 ഓവറിൽ നാല് വിക്കറ്റുമായി മുഹമ്മദ് ഷമി; പൊരുതി അമൻ ഖാൻ; ഗുജറാത്തിന് 131 റൺസ് വിജയലക്ഷ്യം

ഗുജറാത്ത് ടൈറ്റൻസിനെതിരെ തകർന്നടിഞ്ഞ് ഡൽഹി ക്യാപിറ്റൽസ്. ആദ്യം ബാറ്റ് ചെയ്ത ഡൽഹിയ്ക്ക് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടപ്പെടുത്തി 130 റൺസ് മാത്രമേ നേടാനായുള്ളൂ. 51 റൺസ് നേടിയ അമൻ ഹക്കിം ഖാനാണ് ഡൽഹിയുടെ ടോപ്പ് സ്കോറർ. ഗുജറാത്തിനായി മുഹമ്മദ് ഷമി 4 ഓവറിൽ വെറും 11 റൺസ് വഴങ്ങി 4 വിക്കറ്റ് വീഴ്ത്തി.
പവർ പ്ലേയിൽ കൃത്യതയാർന്ന ബൗളിംഗ് കാഴ്ചവച്ച ഷമിയ്ക്ക് മുന്നിൽ ഒന്ന് പൊരുതാൻ പോലുമാവാതെ ഡൽഹി തകർന്നുവീഴുകയായിരുന്നു. മത്സരത്തിൻ്റെ ആദ്യ പന്തിൽ തന്നെ ഫിലിപ് സാൾട്ടിനെ (0) വീഴ്ത്തിയ ഷമി, റൈലി റുസോ (8), മനീഷ് പാണ്ഡെ (1), പ്രിയം ഗാർഗ് (10) ർന്നിവരെയും മടക്കി അയച്ചു. തൻ്റെ ആദ്യ മൂന്ന് ഓവറുകളിലാണ് ഷമി ഈ വിക്കറ്റുകൾ വീഴ്ത്തിയത്. ഇതിനിടെ ഡേവിഡ് വാർണർ (2) റണ്ണൗട്ടാവുക കൂടി ചെയ്തതോടെ ഡൽഹി 5 വിക്കറ്റ് നഷ്ടത്തിൽ 23 റൺസ് എന്ന നിലയിലേക്ക് കൂപ്പുകുത്തി.
ബാംഗ്ലൂരിൻ്റെ 49 റൺസ് റെക്കോർഡ് പൊളിയുമെന്ന് കരുതിയ ഇടത്തുനിന്ന് ആറാം വിക്കറ്റിൽ അമൻ ഹക്കിം ഖാനും അക്സർ പട്ടേലും ചേർന്ന് ഡൽഹിയെ പിടിച്ചുയർത്തി. 50 റൺസിൻ്റെ കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് പടുത്തുയർത്തിയത്. 27 റൺസ് നേടിയ അക്സറിനെ മോഹിത് ശർമ പുറത്താക്കിയതോടെ ഈ കൂട്ടുകെട്ട് പൊളിഞ്ഞു.
വിക്കറ്റുകൾ കടപുഴകുമ്പോഴും പിടിച്ചുനിന്ന അമൻ ഖാനാന് ഡൽഹിയെ മാന്യമായ സ്കോറിലേക്ക് നയിച്ചത്. 41 പന്തുകളിൽ താരം തൻ്റെ കന്നി ഐപിഎൽ ഫിഫ്റ്റി തികച്ചു. അവസാന ഓവറുകളിൽ തകർത്തടിച്ച റിപൽ പട്ടേലും ഡൽഹി ഇന്നിംഗ്സിൽ നിർണായക സംഭാവന വഹിച്ചു. 19ആം ഓവറിൽ അമൻ ഖാൻ പുറത്തായി. 44 പന്തിൽ 51 റൺസ് നേടിയ താരത്തെ റാഷിദ് ഖാനാണ് പുറത്താക്കിയത്. റിപൽ പട്ടേലുമൊത്ത് ഏഴാം വിക്കറ്റിൽ 53 റൺസിൻ്റെ കൂട്ടുകെട്ടുയർത്തിയ ശേഷമാണ് അമൻ പുറത്തായത്. 13 പന്തിൽ 23 റൺസ് നേടിയ റിപൽ പട്ടേലിനെ അവസാന ഓവറിൽ മോഹിത് ശർമ മടക്കി.
Story Highlights: delhi capitals innings gujarat titans
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here