‘മോദിജി പറഞ്ഞാൽ രാജിവെക്കും’; ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിൽ പ്രതികരിച്ച് ബ്രിജ് ഭൂഷൺ സിംഗ്

പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞാൽ രാജിവെക്കുമെന്ന് ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ സിംഗ്. പീഡന പരാതിയിൽ ഗുസ്തി താരങ്ങളുടെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ബ്രിജ് ഭൂഷൺ സിംഗിൻ്റെ പ്രതികരണം. എൻഡിടിവിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ബിജെപി എംപി നിലപാട് വ്യക്തമാക്കിയത്. (Resign Modi Brij Bhushan)
“മോദിജി എന്തിന് എന്നോട് രാജിവെക്കാൻ പറയണം? അദ്ദേഹം ആവശ്യപ്പെട്ടാൽ ഞാൻ രാജിവെക്കും. എൻ്റെ പാർട്ടി ഞാൻ കാരണം ബുദ്ധിമുട്ടുന്നെങ്കിൽ, പ്രതിഛായ കളങ്കപ്പെടുന്നെങ്കിൽ മോദിജിയോ പാർട്ടിയോ ആവശ്യപ്പെട്ടാൽ ഞാൻ രാജിവെക്കും.”- ബ്രിജ് ഭൂഷൺ സിംഗ് പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.
Read Also: ‘ബ്രിജ് ഭൂഷനെതിരായ അന്വേഷണം അട്ടിമറിക്കാൻ ശ്രമം’; കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂറിനെതിരെ ഗുസ്തി താരങ്ങൾ
കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂറിനെതിരെ ഗുസ്തി താരങ്ങൾ രംഗത്തുവന്നു. ബ്രിജ് ഭൂഷനെതിരെ നൽകിയ പരാതിയിന്മേലുള്ള അന്വേഷണം മന്ത്രി അടിച്ചമർത്താൻ ശ്രമിച്ചുവെന്നാണ് ആരോപണം. കായികമന്ത്രി വിഷയം ഗൗരവത്തിൽ എടുത്തില്ല. കമ്മിറ്റി രൂപീകരിച്ചതിനപ്പുറം തുടർനടപടി ഉണ്ടായില്ലെന്ന് ഗുസ്തി താരങ്ങൾ ആരോപിച്ചു.
അതേസമയം ബ്രിജ് ഭൂഷണെതിരായ കേസിൽ ഡൽഹി പൊലീസ് ഇതുവരെയും പരാതിക്കാരുടെ മൊഴി എടുത്തിട്ടില്ല. ഭൂഷൺ പരസ്യമായി വെല്ലുവിളിയും ഭീഷണിയും മുഴക്കുന്നുവെന്നാണ് താരങ്ങൾ പറയുന്നത്. ലൈംഗിക പീഡന പരാതി ആദ്യമെന്ന ഭൂഷന്റെ വാദവും താരങ്ങൾ തള്ളി. 2012 ൽ ലക്നൗ ക്യാമ്പിലെ അതിക്രമ പരാതി പൊലീസ് അവഗണിച്ചെന്നും പ്രതിഷേധിക്കുന്ന താരങ്ങൾ പറഞ്ഞു.
ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ്ഭൂഷണിനെതിരെ ഗുസ്തി താരങ്ങൾ നടത്തുന്ന രാപ്പകൽ സമരം പതിനൊന്നാം ദിവസത്തിലേക്ക് കടക്കുകയാണ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഉൾപ്പെടെ വനിതാ ഗുസ്തി താരങ്ങൾ നൽകിയ പരാതിയിൽ ഡൽഹി പൊലീസ് കേസെടുത്തെങ്കിലും ഇതുവരെ ബ്രിജ് ഭൂഷണെ ചോദ്യം ചെയ്തിട്ടില്ല. ഇയാളെ അറസ്റ്റ് ചെയ്യാതെ സമരത്തിൽ നിന്ന് പിന്മാറില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് താരങ്ങൾ.
സമരം നടത്തുന്ന ഗുസ്തി താരങ്ങളെ ബ്രിജ് ഭൂഷൺ ശരൺ സിംഗ് അധിക്ഷേപിച്ചിരുന്നു. നിങ്ങൾക്ക് നീതി ലഭിക്കണമെങ്കിൽ പൊലീസിലോ കോടതിയിലോ പോകുക. ജന്തർ മന്തറിൽ സമരം ചെയ്താൽ നീതി കിട്ടില്ലെന്നാണ് ബ്രിജ് ഭൂഷന്റെ പരാമർശം. കോടതി എന്ത് തീരുമാനിച്ചാലും അത് സ്വാഗതം ചെയ്യുമെന്നും ബ്രിജ് ഭൂഷൺ പറഞ്ഞു.
Story Highlights: Resign Modi Brij Bhushan Singh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here