‘വേഗ റാണി’ ഷബ്നിം ഇസ്മായിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു

ദക്ഷിണാഫ്രിക്കൻ ഫാസ്റ്റ് ബൗളർ ഷബ്നിം ഇസ്മായിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. വനിതാ ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ ബൗളറായിരുന്നു 34 കാരിയായ ഇസ്മായിൽ. 16 വർഷത്തെ കരിയറിനാണ് താരം വിരാമമിടുന്നത്. അതേസമയം ഷബ്നിം ടി20 മത്സരങ്ങളിൽ തുടർന്നും കളിക്കും. (Shabnim Ismail retires from international cricket)
താരവുമായി ഒരു വർഷത്തെ കരാറിന് ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക തയ്യാറായിരുന്നു. എന്നാൽ തന്റെ കുടുംബത്തിനാണ് മുൻഗണനയെന്ന് പറഞ്ഞ് കരിയർ അവസാനിപ്പിക്കാൻ താരം തീരുമാനിക്കുകയായിരുന്നു. “കുടുംബത്തോടൊപ്പം, പ്രത്യേകിച്ച് എന്റെ സഹോദരങ്ങളോടും മാതാപിതാക്കളോടും കൂടുതൽ സമയം ചെലവഴിക്കാൻ ഞാൻ ആഗ്രഹിക്കുന്നു”- CSA പുറത്തിറക്കിയ പ്രസ്താവനയിൽ ഇസ്മായിൽ പറയുന്നു.
“16 വർഷം അഭിമാനത്തോടെ എന്റെ രാജ്യത്തെ പ്രതിനിധീകരിച്ചതിന് ശേഷം, അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച്, ജീവിതത്തിന്റെ അടുത്ത അധ്യായത്തിലേക്ക് കടക്കാനുള്ള പ്രയാസകരമായ തീരുമാനമെടുത്തു. ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക, എന്റെ ടീമംഗങ്ങൾ, പരിശീലകർ, മെഡിക്കൽ സപ്പോർട്ട് സ്റ്റാഫ് എന്നിവരോട് വർഷങ്ങളായി അവർ നൽകിയ എല്ലാ ഇൻപുട്ടിനും പിന്തുണയ്ക്കും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. എന്റെ ഈ യാത്രയിൽ നിങ്ങൾ സഹകരിച്ചില്ലായിരുന്നുവെങ്കിൽ അത് ഇത്ര അർത്ഥപൂർണ്ണമാകുമായിരുന്നില്ല.” – ഇസ്മായിൽ തന്റെ സന്ദേശത്തിൽ പറഞ്ഞു.
ജുലൻ ഗോസ്വാമിക്ക് ശേഷം ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളറാണ് ഷബ്നിം ഇസ്മായിൽ. 241 രാജ്യാന്തര മത്സരങ്ങളിൽ നിന്നായി 317 വിക്കറ്റുകൾ ഷബ്നിം നേടി. ഏകദിന ക്രിക്കറ്റിൽ 191 വിക്കറ്റുകൾ നേടിയിട്ടുണ്ട്. ഷബ്നിയുടെ മികച്ച ബൗളിംഗിന്റെ ഫലമാണ് ദക്ഷിണാഫ്രിക്ക ആദ്യമായി ടി20 ലോകകപ്പിൽ ഫൈനലിൽ കടന്നത്. ഇംഗ്ലണ്ടിനെതിരായ സെമി ഫൈനൽ മത്സരത്തിൽ, മണിക്കൂറിൽ 128 കിലോമീറ്റർ വേഗതയിൽ പന്തെറിഞ്ഞ് ഏറ്റവും വേഗമേറിയ ഡെലിവറി എന്ന റെക്കോർഡ് താരം സ്വന്തമാക്കി.
വനിതാ പ്രീമിയർ ലീഗിന്റെ ഉദ്ഘാടന പതിപ്പിൽ യുപി വാരിയേഴ്‌സിന് വേണ്ടിയാണ് ഇസ്മായിൽ കളിച്ചത്. ഒരു കോടി രൂപ നൽകിയാണ് യുപി താരത്തെ സ്വന്തമാക്കിയത്. മൂന്ന് മത്സരങ്ങൾ മാത്രമേ കളിക്കാനായുള്ളൂവെങ്കിലും മൂന്ന് വിക്കറ്റുകൾ ഷബ്നിം വീഴ്ത്തി.
Story Highlights: Shabnim Ismail retires from international cricket
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here