‘ക്ഷോഭിച്ചത് കൊണ്ട് കാര്യമില്ല; എംവി ഗോവിന്ദൻ ആരോപണങ്ങൾക്ക് മറുപടി പറയണം’; കെ.സുരേന്ദ്രൻ

എഐ ക്യാമറ അഴിമതിയിൽ മുഖ്യമന്ത്രിയെ ന്യായീകരിച്ച് സ്വയം അപഹാസ്യനാവുകയാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ഗോവിന്ദൻ മുഖ്യമന്ത്രിക്കെതിരെ ഉയർന്ന അഴിമതി ആരോപണങ്ങൾക്ക് മറുപടി പറയാതെ മാധ്യമ പ്രവർത്തകരോട് ക്ഷോഭിച്ചത് കൊണ്ട് കാര്യമില്ല. ജനങ്ങളുടെ പണം കൊള്ളയടിച്ച വിഷയത്തിൽ കെൽട്രോൺ മാത്രമല്ല സർക്കാരും മറുപടി പറയണം. മുഖ്യമന്ത്രിയും പ്രകാശ് ബാബുവും തമ്മിലുള്ള ബന്ധമെന്താണെന്ന് ഒരു സിപിഎം നേതാവും പറയുന്നില്ല എന്ന് അദ്ദേഹം വ്യക്തമാക്കി. MV Govindan must respond to allegations says K Surendran
ക്യാമറ സ്ഥാപിക്കാൻ കരാർ ലഭിച്ച കമ്പനികളെല്ലാം പരസ്പര സഹകരണ തട്ടിക്കൂട്ട് കമ്പനികളാണെന്ന് പുറത്തുവന്നിരിക്കുകയാണ്. എഐ ക്യാമറയ്ക്കായുള്ള ടെണ്ടർ നടപടികളിൽ മറ്റു സംസ്ഥാനങ്ങളിലെ കമ്പനികളെ പങ്കെടുപ്പിക്കാതിരുന്നതും സിപിഎമ്മുമായി ബന്ധമുള്ള കമ്പനികൾ മാത്രം പങ്കെടുത്തതും അഴിമതി ലക്ഷ്യം വെച്ചാണ്. ഇത് ഒത്തുകളിയാണെന്ന് വ്യക്തമായിരിക്കുകയാണ്. പ്രസാഡിയോ സിപിഎമ്മിന് നൽകിയ സംഭാവന അഴിമതിക്കുള്ള പ്രത്യുപകാരമാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
Read Also: എഐ ക്യാമറയിൽ നയാപൈസയുടെ അഴിമതിയില്ല; പ്രതിപക്ഷ ആരോപണങ്ങളിൽ കഴമ്പില്ല; എം വി ഗോവിന്ദൻ
കരാറിന്റെ ഒരു ഭാഗത്താണ് അഴിമതിയുള്ളതെന്നും മറുഭാഗത്ത് അഴിമതിയില്ലെന്നുമുള്ള ഗോവിന്ദന്റെ പ്രസ്താവന മലർന്നുകിടന്ന് തുപ്പുന്നതിന് തുല്ല്യമാണ്. കേരളം ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനമാണെന്ന് മുഖ്യമന്ത്രി പറയുന്നത് ജനങ്ങളെ വെല്ലുവിളിക്കുന്നതാണ്. ഒരു പദ്ധതിയുടെ 90ശതമാനവും അടിച്ചുമാറ്റുന്ന ഏക സംസ്ഥാനമാണ് കേരളം. അഴിമതിയല്ലാതെ മറ്റൊന്നും കേരളത്തിൽ നടക്കുന്നില്ല. അഴിമതി സംഖ്യയുടെ കാര്യത്തിൽ മാത്രമേ ഇവിടെ തർക്കമുള്ളൂ. അഴിമതി നടന്നത് പകൽ പോലെ വ്യക്തമാണ്. പിണറായി വിജയൻ പ്രൈവറ്റ് കമ്പനിയായി സിപിഎം മാറി കഴിഞ്ഞു. കടുംവെട്ടാണ് മുഖ്യമന്ത്രിയും സംഘവും നടത്തുന്നതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
Story Highlights: MV Govindan must respond to allegations says K Surendran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here