‘ബന്ധം പിരിഞ്ഞു, റീഫണ്ട് വേണം’; വിവാഹ ഫോട്ടോഗ്രാഫറോട് വിചിത്ര ആവശ്യവുമായി യുവതി

അസാധാരണ അഭ്യർത്ഥനയുമായി വിവാഹ ഫോട്ടോഗ്രാഫറെ സമീപിച്ച് ഒരു ദക്ഷിണാഫ്രിക്കൻ യുവതി. താൻ വിവാഹമോചനം നേടിയെന്നും, വിവാഹത്തിന് ഫോട്ടോയെടുക്കാൻ നൽകിയ പണം തിരികെ നൽകണമെന്നുമാണ് യുവതിയുടെ ആവശ്യം. ഫോട്ടോഗ്രാഫറും യുവതിയും തമ്മിലുള്ള വാട്ട്‌സ്ആപ്പ് ചാറ്റ് ഇന്റർനെറ്റിൽ വൈറലാകുന്നു. (After Divorce, Woman Demands Refund From Wedding Photographer)
യുവതിയുടെ സന്ദേശം ഇങ്ങനെ:
”നിങ്ങൾ ഇപ്പോഴും എന്നെ ഓർക്കുന്നുണ്ടോ എന്ന് എനിക്കറിയില്ല. 2019 ൽ ഡർബനിൽ നടന്ന എന്റെ വിവാഹത്തിൻ്റെ ഫോട്ടോ എടുത്തത് നിങ്ങളാണ്. അതിമനോഹരമായി വിവാഹ നിമിഷങ്ങൾ നിങ്ങൾ പകർത്തി. എന്നാൽ ഇപ്പോൾ എൻ്റെ ബന്ധം പിരിഞ്ഞു. വിവാഹ ചിത്രങ്ങൾ എനിക്കും എന്റെ മുൻ ഭർത്താവിനും ഇനി ആവശ്യമില്ല, അവ പാഴായി. ആയതിനാൽ ഞാൻ നൽകിയ തുക എനിക്ക് തിരികെ നൽകണം..”
ലാൻസ് റോമിയോ എന്ന ഫോട്ടോഗ്രാഫർ വാട്‌സ്ആപ്പ് സംഭാഷണത്തിന്റെ സ്‌ക്രീൻഷോട്ടുകൾ ട്വിറ്ററിൽ പങ്കുവെച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. തമാശയാണെന്നാണ് ഫോട്ടോഗ്രാഫർ ആദ്യം കരുതിയത്. എന്നാൽ സ്ത്രീ കാര്യമായാണ് പറയുന്നതെന്ന് പിന്നീട് മനസ്സിലാക്കി. വിവാഹമോചിതയായതിനാൽ റീഫണ്ടിന് അർഹതയുണ്ടെന്നാണ് യുവതിയുടെ വാദം. എന്നാൽ അസാധാരണമായ അഭ്യർത്ഥന ഫോട്ടോഗ്രാഫർ നിരസിച്ചു.
എന്നാൽ യുവതി വഴങ്ങിയില്ല. പ്രശ്‌നം ചർച്ച ചെയ്യാൻ നേരിട്ട് കാണണമെന്ന് യുവതി ആവശ്യപ്പെട്ടെങ്കിലും ഇതും ഫോട്ടോഗ്രാഫർ നിരസിച്ചു. അതേസമയം യുവതിയുടെ മുൻ ഭർത്താവ് ഫോട്ടോഗ്രാഫറുമായി ബന്ധപ്പെടുകയും സ്ത്രീക്ക് വേണ്ടി മാപ്പ് പറയുകയും ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു. ഇപ്പോൾ ആകെ ഫീസിന്റെ 70 ശതമാനമെങ്കിലും തിരികെ ലഭിക്കാൻ കേസെടുക്കാനൊരുങ്ങുകയാണ് യുവതി.
Story Highlights: After Divorce, Woman Demands Refund From Wedding Photographer
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here