ഐപിഎലിൽ ഇന്ന് മുംബൈ-ബാംഗ്ലൂർ നിർണായക പോരാട്ടം; ജയിക്കുന്നവർ മൂന്നാം സ്ഥാനത്ത്

ഐപിഎലിൽ ഇന്ന് മുംബൈ ഇന്ത്യൻസ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടും. മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം. ഇരു ടീമുകൾക്കും 10 പോയിൻ്റ് വീതമുള്ളതിനാൽ ഇന്ന് ആരു ജയിച്ചാലും ആ ടീം പോയിൻ്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തെത്തും. അതുകൊണ്ട് തന്നെ ടൂർണമെൻ്റിലെ തന്നെ ഏറ്റവും നിർണായക മത്സരമാണ് ഇത്. (mumbai indians rcb ipl)
മുംബൈ സാവധാനത്തിൽ പഴയ പ്രതാപത്തിലേക്കെത്തുന്നുണ്ടെങ്കിലും ഇനിയും അടയ്ക്കാനാവാത്ത പഴുതുകളുണ്ട്. രോഹിത് ശർമയുടെയും ഇഷാൻ കിഷൻ്റെയും മോശം ഫോം, ദുർബലമായ ബൗളിംഗ് നിര, പരുക്കിൽ നിന്ന് മടങ്ങിയെത്തിയ ആർച്ചറിൻ്റെ മോശം പ്രകടനം എന്നിങ്ങനെ മാനേജ്മെൻ്റിനു തലവേദനയാകുന്ന പല കാര്യങ്ങൾ. ഓപ്പണിംഗിൽ തിളങ്ങാത്തതിനാൽ രോഹിത് കഴിഞ്ഞ കളിയിൽ മൂന്നാം നമ്പറിലാണ് ഇറങ്ങിയത്. മോശമാക്കിയില്ല, ഡക്കാവാൻ 3 പന്തുകളെടുത്തു. സ്വിങ്ങ് എന്ന് എഴുതിക്കാണിച്ചാൽ കുറേ പന്തുകൾ വേസ്റ്റ് ആക്കിയിട്ട് ഒടുവിൽ ഔട്ടാവുന്ന കിഷനിൽ വീണ്ടും വീണ്ടും മുംബൈ മാനേജ്മെൻ്റ് വിശ്വസിക്കുന്നത് എന്തുകൊണ്ടാണെന്ന് മനസിലാക്കാൻ കഴിയുന്നേയില്ല. തിലക് വർമ, സൂര്യകുമാർ യാദവ്, നേഹൽ വധേര, ഒരു പരിധി വരെ കാമറൂൺ ഗ്രീൻ എന്നിവരാണ് മുംബൈ ബാറ്റിംഗിൻ്റെ കരുത്ത്. കഴിഞ്ഞ കളി പരുക്കേറ്റ് പുറത്തിരുന്ന തിലക് ടീമിൽ മടങ്ങിയെത്തിയേക്കും. അർഷദ് ഖാനെ പുറത്തിരുത്തി സന്ദീപ് വാര്യർ കളിച്ചേക്കാനും ഇടയുണ്ട്.
Read Also: റസലിൻ്റെ വെടിക്കെട്ട്; റിങ്കുവിൻ്റെ അവസാന പന്ത് ഫിനിഷ്; പഞ്ചാബിനെതിരെ കൊൽക്കത്തയ്ക്ക് ആവേശജയം
പറഞ്ഞുപഴകിയ കാര്യങ്ങൾ തന്നെയാണ് ബാംഗ്ലൂരിൻ്റെ പ്രശ്നം. ആദ്യ മൂന്ന് നമ്പറിലെ താരങ്ങൾ കഴിഞ്ഞാൽ പിന്നെ ബാറ്റിംഗ് നിര ഫ്രീ വിക്കറ്റാണ്. കഴിഞ്ഞ കളി മഹിപാൽ ലോംറോർ നേടിയ ഫിഫ്റ്റി ഇതിനൊരു അപവാദമാണ്. സീസണിൽ, ആർസിബിയുടെ ആദ്യ മൂന്ന് താരങ്ങളല്ലാതെ ഫിഫ്റ്റി നേടുന്ന ഒരേയൊരു താരമാണ് ലോംറോർ. വിരാട് കോലിയുടെ ആങ്കറിംഗ് ടീമിന് വലിയ ഗുണമാവുന്നില്ല. കേദാർ ജാദവ് എത്തുമെന്നതിനാൽ മധ്യനിര ശക്തമായേക്കും. മുഹമ്മദ് സിറാജ്, ജോഷ് ഹേസൽവുഡ് എന്നിവരടങ്ങിയ പേസ് ആക്രമണം മൂർച്ചയുള്ളതാണ്. വനിന്ദു ഹസരങ്ക ഇതുവരെ പഴയ ഫോമിലെത്തിയിട്ടില്ല. ഹർഷൽ പട്ടേൽ ഡെത്ത് ഓവർ സ്പെഷ്യലിസ്റ്റ് എന്ന ടാഗും പേറി തല്ലുവാങ്ങി ജീവിക്കുന്നു. ടീമിൽ മാറ്റമുണ്ടാവില്ല.
Story Highlights: mumbai indians rcb ipl preview mi rcb
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here