Advertisement

ആരോഗ്യമന്ത്രി ഗീർവാണം വിടുന്നു, മുഖ്യമന്ത്രി മാളത്തിൽ ഒളിച്ചിരിക്കുന്നു; കെ.സുരേന്ദ്രൻ

May 10, 2023
Google News 1 minute Read

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന യുവ ഡോക്ടർ പൊലീസിന്റെ സാന്നിധ്യത്തിൽ ദാരുണമായി കൊല ചെയ്യപ്പെട്ട സംഭവത്തിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഡോക്ടർ പരിശോധിക്കുമ്പോൾ പൊലീസ് കൂടെയുണ്ടാവേണ്ടതാണെന്നും
പൊലീസ് സംവിധാനം പരാജയപ്പെട്ടുവെന്നും അദ്ദേഹം ആരോപിച്ചു. ആഭ്യന്തര വകുപ്പ് നാഥനില്ലാ കളരി. ജനങ്ങൾ എങ്ങനെ പുറത്തിറങ്ങും. നിയമസംവിധാനങ്ങൾ പരാജയപ്പെട്ടു. ആരോഗ്യമന്ത്രി ഗീർവാണം വിടുന്നുവെന്നും മുഖ്യമന്ത്രി മാളത്തിൽ ഒളിച്ചിരിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇതിനിടെ ആരോഗ്യ പ്രവർത്തകർക്കെതിരായ അതിക്രമത്തിനെതിരെ നിയമം ശക്തമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. പെൺകുട്ടിയുടെ ജീവൻ രക്ഷിക്കുന്നതിനുള്ള പരമാവധി ശ്രമം ഡോക്ടർമാർ നടത്തിയിരുന്നു. ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. രാവിലെ അഞ്ചിനാണ് പ്രതിയെ പരിശോധനക്കെത്തിച്ചത്. സുരക്ഷാ ക്രമീകരണങ്ങൾ ഉള്ളയിടത്താണ് പ്രതി അക്രമസാക്തനായത്.

പൊലീസ് എയ്ഡ് പോസ്റ്റ് ഉള്ള സ്ഥലത്തായിരുന്നു ആക്രമണം. ആക്രമണങ്ങൾ ആരോഗ്യ പ്രവർത്തകരുടെ മനോവീര്യം തകർക്കും. ആക്രമണങ്ങൾ ഒരു കാരണവശാലും അം​ഗീകരിക്കാൻ കഴിയാത്തതാണ്. ആരോഗ്യപ്രവർത്തകർക്കെതിരെയുള്ള ഇത്തരം ആക്രമണങ്ങൾ ഉണ്ടാവരുതെന്ന് പൊതുസമൂഹത്തോട് അഭ്യർത്ഥിക്കുകയാണ്. എല്ലാവരും ഇതിനെതിരെ പ്രതിരോധം തീർക്കണമെന്നും മന്ത്രി പറഞ്ഞു.

ഇന്ന് പുലർച്ചെയായിരുന്നു സംഭവം. കോട്ടയം സ്വദേശി ഡോക്ടർ വന്ദന ദാസാണ് (23) കൊല്ലപ്പെട്ടത്. നെടുമ്പന യു.പി സ്‌കൂൾ അധ്യാപകനായ പൂയപ്പള്ളി സ്വദേശി സന്ദീപാണ് (42) ആക്രമണം നടത്തിയത്. അടിപിടി കേസില്‍ കസ്റ്റഡിയിലെടുത്ത സന്ദീപിനെ മുറിവ് തുന്നിക്കെട്ടുന്നതിന് വേണ്ടിയാണ് ആശുപത്രിയില്‍ എത്തിച്ചത്. ഇതിനിടെയാണ് അതിക്രമം നടത്തിയത്.

Story Highlights: K Surendran reacts Doctor vandana murder Kottarakara

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here