Advertisement

വർഗീയ ഭിന്നിപ്പിനെ സൗഹൃദത്തിന്റെ മതിൽക്കെട്ടുകൾ കൊണ്ട് പ്രതിരോധിക്കണം; സാമൂഹിക സംവാദവുമായി ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്റർ

May 11, 2023
Google News 2 minutes Read
jeddah indian islahi center debate

മനുഷ്യനെ ഭിന്നിപ്പിക്കുന്ന ‘ദി കേരള സ്‌റ്റോറിയുടെ’ പശ്ചാത്തലത്തിൽ മതനിരപേക്ഷതയെ വീണ്ടെടുക്കാനുള്ള പരിശ്രമത്തിന്റെ ഭാഗമായി ജിദ്ദയിലെ വിവിധ രാഷ്ട്രീയ സാംസ്കാരിക സംഘടനാ നേതാക്കളെ പങ്കെടുപ്പിച്ച് ഇന്ത്യൻ ഇസ്ലാഹി സെന്റർ ‘വർഗീയ ധ്രുവീകരണത്തിനെതിരെ സൗഹൃദത്തിന്റെ തിരുത്ത്’ എന്ന തലക്കെട്ടിൽ സാമൂഹിക സംവാദം സംഘടിപ്പിച്ചു.

സൗദി മതകാര്യ മന്ത്രാലയത്തിന്റെ അതിഥിയായി എത്തിയ കെ.എൻ.എം പ്രസിഡന്റ് ടി.പി. അബ്ദുള്ളകോയ മദനി സാമൂഹിക സംവാദം ഉദ്ഘാടനം ചെയ്തു. നമ്മുടെ നാടിനെ നശിപ്പിക്കാനും വർഗീയമായി ഭിന്നിപ്പിക്കുവാനും കടന്നുവന്ന എല്ലാ ശക്തികളേയും ജാതി-മത- വർഗ്ഗ-വർണ്ണ വ്യത്യാസമില്ലാതെ ഒറ്റകെട്ടായി നിന്നുകൊണ്ട് പരാജയപ്പെടുത്തിയ പാരമ്പര്യമാണ് നമുക്കുള്ളതെന്നും ആ പാരമ്പര്യത്തെ നിലനിർത്തുന്നതിലൂടെ ബഹുസ്വരതയെ സംരക്ഷിക്കാൻ നമുക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. മഹത്തരമായ നമ്മുടെ ഭരണഘടന വിഭാവനം ചെയ്യുന്ന മതസ്വതന്ത്രത്തെ മലീമസമാക്കാനുള്ള എല്ലാ ശ്രമങ്ങളേയും ചെറുത്തു തോൽപ്പിക്കാൻ സമൂഹം പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം സദസ്സിനെ ഓർമ്മിപ്പിച്ചു.

ഇന്ത്യയുടെ സംസ്കാരം എല്ലാവരേയും ഉൾകൊള്ളുന്നതാണെന്നും പുറന്തള്ളൽ എന്നത് ഭാരതത്തിന് അജ്ഞാതമാണെന്നും വിഷയമവതരിപ്പിച്ച് കൊണ്ട് സംസാരിച്ച കെ.എൻ.എം. സെക്രട്ടറി ഡോ.എ.ഐ. അബ്ദുൽ മജീദ് സ്വലാഹി വ്യക്തമാക്കി. സഹസ്രാബ്ദങ്ങൾക്ക് മുമ്പ് തന്നെ അറബികളുമായും അഫ്ഗാനികളുമായും പാശ്ചാത്യരുമായുമൊക്കെ കച്ചവടബന്ധം സ്ഥാപിച്ചതിലൂടെ അവരുടെ സംസ്കാരത്തെ ഉൾകൊള്ളാൻ ഭാരതത്തിന് സാധിച്ചിട്ടുണ്ട്.

എല്ലാ മതവിഭാഗക്കാരും ആ വൈവിധ്യങ്ങളെ മനസ്സിലാക്കി സമാധാന പരമായി ജീവിക്കുന്നവരായിരുന്നു. എന്നാൽ ആ സൗഹൃദാന്തരീക്ഷത്തിന് മുകളിൽ കരിനിഴൽ വീണു കൊണ്ടിരികുന്ന കാഴ്ച്ചക്കാണ് വർത്തമാനകാല ഭാരതം സാക്ഷ്യം വഹിക്കുന്നത്. ഭാരതത്തിന്റെ സാംസ്കാരികമായ ഉന്നമനത്തിന് സംഭാവനകൾ അർപ്പിച്ചിട്ടുള്ള മുഗൾ ഭരണത്തിന്റെ ഏടുകൾ ഇന്ത്യയുടെ ചരിത്ര പുസ്തകത്തിൽ നിന്നും പറിച്ചു കളയുന്ന, മതനിരപേക്ഷതയ്ക്ക് കേളികേട്ട കേരളീയമനസ്സുകളെ ‘ദി കേരള സ്റ്റോറി’ എന്ന സിനിമയുടെ മറവിൽ ഭിന്നിപ്പിച്ചു കളയുന്ന ഫാസിസത്തിന്റെ നുഴഞ്ഞുകയറ്റമാണ് വർത്തമാന ഇന്ത്യയുടെ ചിത്രം.

ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ മറവിൽ ഇന്ത്യയുടെ ബഹുസ്വരതയെ കാർന്നു തിന്നുന്ന ഇത്തരം പ്രവർത്തനങ്ങളെ സായുധമായി നേരിടുക എന്നത് ഒരിക്കലും അഭിലഷണീയമല്ല. പരസ്പരം ചേർന്നുനിന്നുകൊണ്ട് സാഹോദര്യത്തോടെ സൗഹൃദത്തിൻറെ മതിൽക്കെട്ടുകൾ തീർത്തുകൊണ്ടാണ് ഇത്തരം കുൽസിത ശ്രമങ്ങൾക്ക് ബഹുസ്വര ഭാരതം മറുപടി നൽകേണ്ടത് എന്ന് അദ്ദേഹം പറഞ്ഞു. ഭിന്നിപ്പനെ പരാജയപ്പെടുത്താനുള്ള ഏറ്റവും നല്ല ആയുധം ജനഹൃദയങ്ങളിൽ സൗഹൃദങ്ങളെ സൃഷ്ടിക്കുക എന്നുള്ളതാണ്. അവിടെയാണ് മുജാഹിദ് പ്രസ്ഥാനം പൊതുസമൂഹത്തിൽ ഇത്തരം സാമൂഹിക സംവാദങ്ങളുമായി ഇടപെടുന്നത് എന്നദ്ദേഹം വ്യക്തമാക്കി.

മനുഷ്യമനസ്സിന്റെ അകത്തളങ്ങളിൽ മാറ്റത്തിന്റെ കാറ്റ് വീശിയ അത്ഭുത ഗ്രന്ഥമായ ഖുർആനിന്റെ വചനങ്ങൾ ഉരുവിട്ടു കൊണ്ടുള്ള കൃത്യമായ പ്രബോധന പ്രവർത്തനങ്ങൾ വർഗീയ ശക്തികളെ നിഷ്ക്രിയരാക്കാനും ഒരു വേള സത്യത്തിന്റേയും സമാധാനത്തിന്റേയും പതാകവാഹകരാകാനും കാരണമായേക്കാമെന്ന് തുടർന്ന് സംസാരിച്ച പി.പി.മുഹമ്മദ് മദനി അഭിപ്രായപ്പെട്ടു.

ഒ.ഐ.സി.സി. പ്രതിനിധി ഇഖ്‌ബാൽ പൊക്കുന്ന് ‘ ഒരു പാട് വൈവിധ്യങ്ങളുടെ നടുവിലും നാമൊന്നാണ് എന്നതാണ് ഇന്ത്യക്കാരൻ എന്നു പറയുമ്പോൾ അർത്ഥമാക്കുന്നത് ‘ എന്ന മൗലാന ആസാദിന്റെ വാക്കുകൾ ഉദ്ധരിച്ചു കൊണ്ടാണ് സംസാരിച്ചത്. കേരള മുസ്ലിംങ്ങളെപ്പോലെ കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളേയും വിദ്യാഭ്യാസപരമായി പ്രബുന്ധരാക്കിയാൽ മാത്രമേ ഫാസിസത്തിന്റെ സമ്പൂർണ്ണ ഉൻമൂലനം സാധ്യമാകുകയുള്ളൂ എന്ന് മീഡിയ ഫോറം പ്രസിഡന്റ് സാദിഖ് തുവ്വൂർ സാമൂഹിക സംവാദത്തിൽ അഭിപ്രായപ്പെട്ടു. തനിമ വെസ്റ്റേൻ റീജിയൺ വൈസ് പ്രസിഡന്റ് സി.എച്ച്. ബഷീർ സാഹിബും ഭാരതീയർ തമ്മിലുണ്ടാകേണ്ട സൗഹൃദത്തെ കുറിച്ച് സംവാദത്തിൽ പരാമർശിച്ചു.

ജിദ്ദ ഇസ്ലാഹി സെൻറർ പ്രസിഡന്റ് അബ്ബാസ് ചെമ്പൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ശിഹാബ് സലഫി എടക്കര സ്വാഗതവും നൂരിഷാ വള്ളിക്കുന്ന് നന്ദിയും പറഞ്ഞു.

Story Highlights: jeddah indian islahi center debate

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here