‘എത്ര പേരെ കയറ്റാൻ സാധിക്കുമെന്ന് എഴുതിവെക്കണം’; ബോട്ടപകടം ഒഴിവാക്കാൻ നിർദേശങ്ങളുമായി ഹൈക്കോടതി

ബോട്ടപകടം ഒഴിവാക്കാൻ നിർദേശങ്ങളുമായി ഹൈക്കോടതി. ബോട്ടിൽ ആളെ കയറ്റുന്നിടത്ത് എത്ര പേരെ കയറ്റാൻ സാധിക്കും എന്ന് എഴുതി വെക്കണം. ആളുകൾ കയറാൻ പാടില്ലാത്ത സ്ഥലങ്ങളിൽ ബാരിക്കേഡ് സ്ഥാപിക്കണം. ലൈഫ് ജാക്കറ്റില്ലാതെ യാത്ര അനുവദിക്കരുതെന്നും കോടതി നിർദേശിച്ചു.
താനൂർ ബോട്ടപകടവുമായി ബന്ധപ്പെട്ട് അഡ്വ വിഎം ശ്യാംകുമാറിനെ കേരള ഹൈക്കോടതി അമിക്കസ് ക്യൂറിയായി നിയമിച്ചു. ഇന്ന് കേസ് പരിഗണിച്ച ശേഷമാണ് ഹൈക്കോടതി തീരുമാനം അറിയിച്ചത്. താനൂർ ബോട്ടപകടവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് പരിഗണിച്ചപ്പോഴാണ് ഹൈക്കോടതി നിലപാട് അറിയിച്ചത്. അപകടവുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലാ കലക്ടർ പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു.
താനൂരിൽ അപകടത്തിൽപ്പെട്ട ബോട്ടിലുണ്ടായിരുന്നത് 37 പേരെന്ന് ജില്ല കലക്ടർ റിപ്പോർട്ടിൽ പറഞ്ഞു. 22 പേർക്ക് മാത്രമാണ് അനുമതിയുണ്ടായിരുന്നത്. അമിത ഭാരമാണ് അപകടത്തിന് കാരണമെന്ന് ചൂണ്ടിക്കാട്ടിയ റിപ്പോർട്ടിൽ ബോട്ടിൽ അനുവദിച്ചതിലധികം ആളെ കയറ്റിയെന്ന് കുറ്റപ്പെടുത്തുന്നു. ഈ വിഷയം കോടതി പരിഗണിക്കുന്നതിൽ ചിലർ അസ്വസ്ഥരാണെന്ന് ഡിവിഷൻ ബെഞ്ച് വിമർശിച്ചു. മറ്റൊരു ബോട്ട് ദുരന്തം ഇനി ഉണ്ടാകരുതെന്നും അതുകൊണ്ട് സർക്കാർ കോടതിക്കൊപ്പം നിൽക്കണമെന്നും ഡിവിഷൻ ബെഞ്ച് ആവശ്യപ്പെട്ടു.
Read Also: താനൂർ ബോട്ടപകടം; ബോട്ട് ജീവനക്കാരൻ അറസ്റ്റിൽ
Story Highlights: HC with instructions to avoid boat accidents