Advertisement

കര്‍ണാടകയില്‍ കിംഗ് മേക്കറാകുമെന്ന വിലയിരുത്തലിനിടെ കുമാരസ്വാമി ചികിത്സയ്ക്കായി സിംഗപ്പൂരില്‍; ‘കച്ചവടത്തിനെന്ന്’ ആക്ഷേപം

May 12, 2023
Google News 2 minutes Read
Karnataka election 2023 HD Kumaraswamy flies to Singapore

കര്‍ണാടക വോട്ടെടുപ്പിന് ശേഷം പുറത്തെത്തിയ എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ ചിലത് കോണ്‍ഗ്രസിനും മറ്റ് ചിലത് ബിജെപിക്കും അനുകൂലമായിരുന്നു. എന്തായാലും കര്‍ണാടകയില്‍ നടക്കുക ഇഞ്ചോടിഞ്ച് പോരാട്ടമാകുമെന്ന് ഉറപ്പായിക്കഴിഞ്ഞിട്ടുണ്ട്. തൂക്കുമന്ത്രിസഭ ഉണ്ടാകാനുള്ള സാധ്യതയും ഈ ഘട്ടത്തില്‍ തള്ളിക്കളയാനാകില്ല. ഈ പശ്ചാത്തലത്തില്‍ ജെഡിഎസ് നിര്‍ണായകശക്തിയാകുമെന്നാണ് വിലയിരുത്തല്‍. മുന്‍ മുഖ്യമന്ത്രി കൂടിയായ എച്ച് ഡി കുമാരസ്വാമി കിംഗ് മേക്കറാകുമെന്ന് കൂടി വിലയിരുത്തപ്പെടുന്നതിനിടെ അദ്ദേഹം ചികിത്സയ്ക്കായി സിംഗപ്പൂരില്‍ എത്തിയത് ഇപ്പോള്‍ ഏറെ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരിക്കുകയാണ്. (Karnataka election 2023 HD Kumaraswamy flies to Singapore)

ജെഡിഎസുമായി ബിജെപി അനൗദ്യോഗിക ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടെന്ന് വാര്‍ത്തകള്‍ കൂടി വരുന്ന പശ്ചാത്തലത്തിലാണ് കുമാരസ്വാമിയുടെ സിംഗപ്പൂര്‍ യാത്രയും ഏറെ ചര്‍ച്ചയായിരിക്കുന്നത്. പല സംസ്ഥാനങ്ങളിലും കണ്ടതുപോലെ കുതിരക്കച്ചവടത്തിലൂടെ കര്‍ണാടകയില്‍ അധികാരം പിടിക്കാന്‍ ബിജെപി ശ്രമിക്കുമെന്ന ആക്ഷേപവും ശക്തമാണ്. സിംഗപ്പൂരില്‍ വച്ച് എംഎല്‍എമാരെ വിലയ്ക്കുവാങ്ങാനാണ് ബിജെപി ശ്രമിക്കുന്നതെന്നും ഡീലുകള്‍ ഇന്ത്യയ്ക്ക് പുറത്താണ് നടക്കുന്നതെന്നുമാണ് കര്‍ണാടകയിലെ ചില കോണുകളില്‍ നിന്ന് ഉയരുന്ന ആക്ഷേപം. എന്നാല്‍ ഏത് മുന്നണിയ്‌ക്കൊപ്പം നില്‍ക്കണമെന്ന് തങ്ങള്‍ തീരുമാനിച്ച് കഴിഞ്ഞതാണെന്നായിരുന്നു കുമാരസ്വാമിയുടെ പ്രതികരണം. സിംഗപ്പൂരില്‍ അദ്ദേഹം ചികിത്സയ്ക്ക് വേണ്ടി മാത്രം പോയതാണെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

Read Also: കര്‍ണാടകയില്‍ ഈ മൂന്ന് മേഖലകള്‍ ഭാഗ്യം കൊണ്ടുവരുമെന്ന പ്രതീക്ഷയില്‍ കോണ്‍ഗ്രസ്; അവസാനഘട്ട വിലയിരുത്തലുകള്‍ ഇങ്ങനെ

കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് ഫലം അറിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കുമ്പോഴും അടിയൊഴുക്കുകളെക്കുറിച്ചുള്ള ചര്‍ച്ച സജീവമാണ്. ജയപരാജയങ്ങള്‍ നിര്‍ണ്ണയിക്കുന്ന അഞ്ച് ഘടകങ്ങള്‍ ഉണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

സംസ്ഥാനത്താകെ 90 നഗര അര്‍ദ്ധ നഗര മണ്ഡലങ്ങളാണുള്ളത്. ഇതില്‍ ബെംഗളുരു, ബെല്‍ഗാവി, ദാവന്‍ഗരെ, ഹുബ്ബള്ളി എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് വന്‍തോതിലുള്ള അടിസ്ഥാന സൗകര്യവികസനമാണ് ബിജെപി നടത്തിയത്. ഇത് മധ്യവര്‍ഗ്ഗത്തെ ബിജെപിക്ക് അനുകൂലമാക്കി മാറ്റിയെങ്കില്‍ എക്‌സിറ്റ് പോളുകള്‍ തെറ്റുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വ്യക്തമാക്കുന്നു. തെരഞ്ഞെടുപ്പില്‍ ബിജെപി പാളയത്തിലെ ഏകോപനമില്ലായ്മയാണ് മറ്റൊരു വിഷയം. ദേശീയ സംഘടനാ സെക്രട്ടറി ബി.എല്‍.സന്തോഷും സംഘവും ഒരു ഭാഗത്തും, യെദ്യൂരപ്പയും ടീമും സ്വന്തം നിലയിലും നീങ്ങിയത് താഴെത്തട്ടില്‍ പ്രതിഫലിച്ചിട്ടുണ്ടെന്നാണ് അനുമാനം. വോട്ടെണ്ണുമ്പോഴല്ലാതെ ഇതിന്റെ തിരിച്ചടി വിലയിരുത്താനാകില്ല.

Story Highlights: Karnataka election 2023 HD Kumaraswamy flies to Singapore

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here