അഹ്‌മദാബാദിൽ മത്സരങ്ങൾ വച്ചതിനു പിന്നിൽ രാഷ്ട്രീയ അജണ്ട; ഇന്ത്യ ഇവിടേക്ക് വന്നില്ലെങ്കിൽ ഞങ്ങൾ ഇന്ത്യയിലേക്കും വരില്ല: നജാം സേഥി

ഏഷ്യാ കപ്പ്, ഏകദിന ലോകകപ്പ് ടൂർണമെൻ്റുകളെച്ചൊല്ലി ബിസിസിഐയും പിസിബിയും തമ്മിൽ അസ്വാരസ്യങ്ങൾ തുടരുന്നു. ഏകദിന ലോകകപ്പിൽ തങ്ങളുടെ മത്സരങ്ങൾ അഹ്‌മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ വച്ചതിനു പിന്നിൽ രാഷ്ട്രീയ അജണ്ടയാണെന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ നജാം സേഥി ആരോപിച്ചു. ഏഷ്യാ കപ്പിൽ ഇന്ത്യ ഹൈബ്രിഡ് മോഡൽ തെരഞ്ഞെടുത്താൽ ലോകകപ്പിൽ തങ്ങൾക്കും ഹൈബ്രിഡ് മോഡൽ വേണമെന്നും അദ്ദേഹം പറഞ്ഞു. ദി ഇന്ത്യൻ എക്സ്പ്രസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. (najam sethi india pakistan)
Read Also: കൈയ്യടിക്കടാ… ഇത് ജയ്‌സ്വാൾ ഷോ, കൊൽക്കത്തയെ തകർത്തെറിഞ്ഞ് സഞ്ജുവിന്റെ രാജസ്ഥാൻ
“ഇന്ത്യക്ക് ഹൈബ്രിഡ് മോഡൽ വേണമെങ്കിൽ ഞങ്ങൾക്ക് ലോകകപ്പിൽ അത് വേണം. ധാക്കയിലോ ഇന്ത്യ അംഗീകരിക്കുന്ന മറ്റേതെങ്കിലും വേദിയിലോ ഞങ്ങൾ ലോകകപ്പ് മത്സരങ്ങൾ കളിക്കും. ഇന്ത്യ – പാകിസ്താൻ മത്സരം അഹ്‌മദാബാദിലാവുമെന്ന് കേട്ടപ്പോൾ ഞാൻ സ്വയം പറഞ്ഞത് -‘ഇത് ഞങ്ങൾ ഇന്ത്യയിലേക്ക് വരില്ലെന്നുറപ്പിക്കാനുള്ള ഒരു തന്ത്രമാണ്’ എന്നാണ്. ചെന്നൈയിലോ കൊൽക്കത്തയിലോ വച്ച് മത്സരങ്ങൾ നടത്തുമെങ്കിൽ അത് മനസിലാക്കാമായിരുന്നു.”- സേഥി പറഞ്ഞു.
അഹ്‌മദാബാദിൽ സുരക്ഷാ പ്രശ്നങ്ങളുണ്ടെന്ന് സേഥി ആരോപിച്ചു. ഇതുവരെ ഏഷ്യാ കപ്പ് ഹൈബ്രിഡ് മോഡലിനോട് അംഗരാജ്യങ്ങൾ പ്രതികരിച്ചിട്ടില്ല. പാകിസ്താൻ അല്ലാതെ ഒരു വേദിയിൽ മത്സരങ്ങൾ നടത്തണമെന്ന് എസിസി ആവശ്യപ്പെട്ടാൽ ഞങ്ങൾ ഏഷ്യ കപ്പിൽ നിന്ന് പിന്മാറും. ഇന്ത്യൻ സർക്കാരും പാക് സർക്കാരും പരസ്പരം ഇന്ത്യയിലും പാകിസ്താനിലും മത്സരങ്ങൾ കളിക്കാൻ അനുമതി നൽകേണ്ടതാണ്. പാകിസ്താനിൽ മുൻപ് സുരക്ഷാ പ്രശ്നങ്ങളുണ്ടായിരുന്നു. ഇപ്പോൾ അതില്ല. ഒരുപാട് ടീമുകൾ പാകിസ്താനിൽ വന്നുകളിച്ചു. ആർക്കും പ്രശ്നമുണ്ടായില്ല. ഇന്ത്യ മാത്രമാണ് വരാത്തത് എന്നും അദ്ദേഹം പറഞ്ഞു.
Read Also: പ്ലേ ഓഫ് ഉറപ്പിക്കാൻ ഗുജറാത്ത്, വിജയം മാത്രം ലക്ഷ്യമിട്ട് മുംബൈ; വാംഖഡെയിൽ ഇന്ന് തീപാറും
ബിസിസിഐ സെക്രട്ടറി ജയ് ഷായുമായി നല്ല ബന്ധമാണുള്ളതെന്നും സേഥി പറഞ്ഞു. പരസ്പരം നീണ്ട ചർച്ചകളുണ്ടാവാറുണ്ട്. ഞങ്ങൾ സുഹൃത്തുക്കളാണ്. എന്നാൽ, പാകിസ്താനിൽ ഇന്ത്യ കളിക്കുന്ന കാര്യം പറയുമ്പോൾ, ‘കാര്യങ്ങൾ എങ്ങനെയാണെന്നറിയാമല്ലോ. നമുക്ക് അത് സംസാരിക്കണ്ട’ എന്ന് അദ്ദേഹം പറയുമെന്നും സേഥി പറയുന്നു.
Story Highlights: pcb najam sethi india pakistan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here