Advertisement

ഹെലികോപ്റ്റർ ബുക്ക് ചെയ്ത് കോൺ​ഗ്രസ്; വിജയികൾക്ക് വിമാന ടിക്കറ്റെടുത്തു

May 13, 2023
Google News 3 minutes Read
Karnataka election 2023; Congress MLAs will be shifted to Bangalore

കർണാടകയിൽ വൻ മുന്നേറ്റമുണ്ടാക്കിയതിന് പിന്നാലെ ബിജെപിയുടെ കുതിരക്കച്ചവടം തടയാനായി ഹെലികോപ്റ്റർ ബുക്ക് ചെയ്ത് കോൺ​ഗ്രസ്. തങ്ങളുടെ എം.എൽ.എമാരെ എത്രയും വേ​ഗം ബം​ഗളൂരുവിലെത്തിക്കാനാണ് നീക്കം. ഓപ്പറേഷൻ താമര എന്ന പേരിലുള്ള ബിജെപിയുടെ കുതിരക്കച്ചവടം ഇത്തവണയെങ്കിലും ഫലപ്രദമായി തടയുകയാണ് കോൺ​ഗ്രസിന്റെ പ്രധാന ലക്ഷ്യം. ഭരണം നിർണയിക്കുന്നത് 44 സീറ്റുകളാണ്. അതിൽ തന്നെയാണ് കോൺ​ഗ്രസ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതും. കോൺ​ഗ്രസ് നിയമസഭാ കക്ഷി യോ​ഗം നാളെ ചേരും. ( Karnataka election 2023; Congress MLAs will be shifted to Bangalore ).

കോൺഗ്രസ് ക്യാമ്പിൽ ഇതിനോടകം തന്നെ ആഘോഷങ്ങൾ തുടങ്ങിയിട്ടുണ്ട്. ഇതുവരെയുള്ള തെരഞ്ഞെടുപ്പ് ഫലം നോക്കിയാൽ കർണാടകയിൽ മോദി മാജിക് ഏറ്റില്ലെന്ന് വേണം അനുമാനിക്കാൻ. മോദിയുടെ റോഡ് ഷോ ഉൾപ്പടെ വലിയ പ്രചാരണമായിരുന്നു ബിജെപി കർണാടകയിൽ നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രചാരണം വലിയ ​ഗുണം ചെയ്യുമെന്ന് ബിജെപി സംസ്ഥാന നേതൃത്വം കരുതിയിരുന്നെങ്കിലും അതൊന്നും വോട്ടായി മാറിയില്ല.

Read Also:കർണാടക; കുതിച്ച് കോൺ​ഗ്രസ്, 132 സീറ്റുകളിൽ മുന്നേറ്റം, ബിജെപി 78 ഇടത്ത് മുന്നിൽ

നിലവിൽ കോൺ​ഗ്രസ് 115 സീറ്റിലാണ് ലീഡ് ചെയ്യുന്നത്. ബിജെപി 78 സീറ്റുകളിലും ജെഡിഎസ് 26 സീറ്റുകളിലും മുന്നിലാണ്. മോദിയുടെ ഏഴ് ദിവസത്തെ പൊതുയോഗങ്ങളിലും റോഡ്‌ഷോകളിലും വൻ ജനപങ്കാളിത്തം ദൃശ്യമായിരുന്നു. എന്നാൽ ഫലം വന്നതോടെ ബിജെപിക്ക് വൻ തിരിച്ചടിയാണ് നേരിട്ടത്. മഴ മൂലം ഹെലികോപ്റ്റർ യാത്ര റദ്ദാക്കി റോഡ് മാർഗമായിരുന്നു മോദി കർണാടകയിൽ പ്രചാരണത്തിന് എത്തിയത്. ബിജെപിയുടെ എട്ട് മന്ത്രിമാർ പിന്നിലാണ്. മുംബൈ കർണാടകയിലും ബെംഗളുരു മേഖലയിലും മികച്ച മുന്നേറ്റത്തിലാണ് കോൺഗ്രസ്. ലീഡ് നിലയിൽ കേവല ഭൂരിപക്ഷം കോൺഗ്രസ് കടന്നു.

അതേസമയം ജെഡിഎസ് ആർക്കൊപ്പമെന്ന ചോദ്യത്തിന് ഇനിയും വ്യക്തത കൈവന്നിട്ടില്ല. ഏത് മുന്നണിക്കൊപ്പം നിൽക്കണമെന്ന കാര്യത്തിൽ തീരുമാനം കൈക്കൊണ്ടിട്ടില്ലെന്ന് മുൻ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്.ഡി കുമാരസ്വാമി പ്രതികരിക്കുന്നു. വരുണയിൽ സിദ്ധരാമയ്യ തന്നെയാണ് ലീഡ് ചെയ്യുന്നത്. കനക് പുരയിൽ ഡി.കെ ശിവകുമാറും ഹുബ്ബള്ളി ധാർവാർഡിൽ ജ​ഗദീഷ് ഷെട്ടാറും ഷി​ഗോണിൽ ബസവരാജ് ബൊമ്മയും മുന്നിലാണ്.

മുൻ മുഖ്യമന്ത്രി കൂടിയായ എച്ച് ഡി കുമാരസ്വാമി കിംഗ് മേക്കറാകുമെന്ന് കൂടി വിലയിരുത്തപ്പെട്ട തെരഞ്ഞെടുപ്പായിരുന്നു ഇത്. എന്നാൽ കോൺ​ഗ്രസ് നല്ല മുന്നേറ്റമുണ്ടാക്കിയതോടെ ജെഡിഎസിന്റെ വിലപേശൽ അത്ര കണ്ട് ഏൽക്കാൻ സാധ്യതയില്ല. കുമാരസ്വാമി ചികിത്സയ്ക്കായി സിംഗപ്പൂരിൽ പോയത് ഏറെ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവച്ചിരുന്നു. ജെഡിഎസുമായി ബിജെപി അനൗദ്യോഗിക ചർച്ചകൾക്ക് തുടക്കമിട്ടെന്ന് വാർത്തകൾ കൂടി വന്ന പശ്ചാത്തലത്തിലാണ് കുമാരസ്വാമിയുടെ സിംഗപ്പൂർ യാത്രയും ഏറെ ചർച്ചയായത്. ഇന്ന് രാവിലെ സിങ്കപ്പൂരിൽ നിന്ന് കുമാരസ്വാമി ബാംഗ്ലൂരിൽ തിരിച്ചെത്തിയിരുന്നു. ഇപ്പോൾ കുമാരസ്വാമി ജെപി നഗറിലെ വീട്ടിലാണുള്ളത്. ഉച്ചയോടെ പത്മനാഭ നഗറിൽ ദേവഗൗഡയുടെ വീട്ടിലെത്തും.

Story Highlights: Karnataka election 2023; Congress MLAs will be shifted to Bangalore

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here