ലിംഗായത്തും നഗരമനസും ഭിന്നിച്ചപ്പോള്‍ ബിജെപി തോറ്റമ്പി; വജ്രായുധമായ ‘കേരള സ്റ്റോറി’ പരാമര്‍ശവും ഏറ്റില്ല

ലിംഗായത്ത് സമുദായവും നഗരമനസും ഭിന്നിച്ചുപോയപ്പോള്‍ കര്‍ണാടകയില്‍ വീണുപോവുകയല്ലാതെ ബിജെപിക്കു മുന്നില്‍ വേറെ വഴി ഉണ്ടായിരുന്നില്ല. പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രചണ്ഡപ്രചാരണം ഉണ്ടായിരുന്നില്ലെങ്കില്‍ 2013ലെ 40 സീറ്റുകളിലേക്കു വരെ വീണു പോകുമായിരുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. (Karnataka election live updates Narendra Modi Kerala story remark)
2014ല്‍ പ്രധാനമന്ത്രിയായി നരേന്ദ്രമോദി ചുമതലയേറ്റ ശേഷം ബിജെപി നേരിടുന്ന ഏറ്റവും വലിയ തിരിച്ചടിയാണിത്. കര്‍ണാടകത്തിലെ ഈ ഫലത്തിന് അതിനപ്പുറം ഒരു വിശേഷണമില്ല. രാജസ്ഥാനിലും മധ്യപ്രദേശിലും മഹാരാഷ്ട്രയിലും ഒക്കെ ഭരണം പിന്നീടും പോയിട്ടുണ്ടെങ്കിലും കര്‍ണാടകം ബിജെപിക്ക് ഒരു അഭിമാന സൂചികയായിരുന്നു. ഈ പരാജയത്തോടെ കൈവിട്ടുപോവുകയാണ് ദക്ഷിണേന്ത്യ.
കര്‍ണാടകത്തിലെ രാഷ്ട്രീയ മേല്‍ക്കൈകൊണ്ടാണ് ബിജെപി ഇന്ത്യന്‍ ദേശീയതയെ പ്രതിനിധീകരിച്ചത്. അതു മറ്റ് നാലു സംസ്ഥാനങ്ങളിലേക്കു കൂടിയുള്ള ദിശാ സൂചികയാണ്. കേരളത്തിലും തമിഴ്‌നാട്ടിലും എന്തെങ്കിലും മുന്നേറ്റമുണ്ടാക്കാനുള്ള സാധ്യത. തെലങ്കാനയിലും ആന്ധ്രയിലും പ്രാദേശിക രാഷ്ട്രീയം മറികടന്ന് കുതിക്കാനുള്ള മണ്ണ്. ഇതുരണ്ടുമാണ് കര്‍ണാടകയിലെ കോണ്‍ഗ്രസ് പെയ്ത്തില്‍ ഒലിച്ചുപോയത്. കോണ്‍ഗ്രസിന് എത്ര സീറ്റ് കിട്ടി എന്നതല്ല, കയ്യിലിരുന്ന മുപ്പതോളം സീറ്റുകള്‍ ബിജെപിക്കു പോയി എന്നതാണ് ഈ തെരഞ്ഞെടുപ്പിന്റെ ഫലം.
Read Also: കന്നഡനാടിനെ പൊന്നാക്കി രാഹുല്‍; പ്രചാരണത്തിലാകെ ഉയര്‍ത്തിയത് പ്രാദേശിക ജനവിഷയങ്ങള്‍
ബിജെപി കയ്യിലുള്ള എല്ലാ ആയുധങ്ങളും പുറത്തെടുത്തു എന്ന് തീര്‍ത്തു പറയാന്‍ ദി കേരള സ്റ്റോറി എന്ന സിനിമയെക്കുറിച്ച് പ്രധാനമന്ത്രി നടത്തിയ പ്രസംഗം മാത്രം മതി. അത് ബിജെപിയുടെ കൈയിലെ അവസാനത്തെ ആയുധമായിരുന്നു. തീവ്രവാദത്തിന്റെ വൃത്തികെട്ട മുഖം തുറന്നുകാട്ടുന്നതാണ് സിനിമ എന്ന് പറഞ്ഞ മോദി, സിനിമയെ എതിര്‍ക്കുന്നത് വഴി കോണ്‍ഗ്രസ് തീവ്രവാദത്തിനൊപ്പമാണെന്ന് കൂടി പറഞ്ഞു. സാധാരണ പ്രാദേശിക നേതാക്കളുടെ പ്രസംഗങ്ങളില്‍ ഒതുങ്ങേണ്ട സംഭവം പ്രധാനമന്ത്രി തന്നെ നേരിട്ടു പറഞ്ഞു. നിങ്ങളുടെ തൊട്ടടുത്ത് കേരളമുണ്ട്, കൂടുതലൊന്നും ഞാന്‍ പറയുന്നില്ലെന്നായിരുന്നു കര്‍ണാടകയില്‍ എത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞത്.
അഴിമതി ആരോപണങ്ങളെല്ലാം യദ്യൂരപ്പയില്‍ കൊണ്ടുപോയി ചാര്‍ത്തി കൈകെട്ടി നിന്നിരുന്ന നേതാക്കള്‍ക്ക് ഇത്തവണ അതിനും കഴിഞ്ഞില്ല. ബൊമ്മൈ മുതല്‍ തദ്ദേശ ഭരണനേതാക്കള്‍ വരെ ആരോപണ വിധേയരായി. അമൂലിന്റെ ഗുജറാത്തി വംശീയതകൊണ്ട് നന്ദിനിയുടെ ദ്രാവിഡവീര്യം മറികടക്കാനാവില്ലെന്നു കൂടി പഠിപ്പിക്കുകയാണ് കര്‍ണാടക. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത്ഷായും നയിച്ച തെരഞ്ഞെടുപ്പിനെ രാഹുലും പ്രിയങ്കയും അല്ല മറികടന്നത്. ഡി കെ ശിവകുമാറും സിദ്ദരാമയ്യയുമാണ്.
Story Highlights: Karnataka election live updates Narendra Modi Kerala story remark
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here