Advertisement

ഭരണവിരുദ്ധ വികാരം തിളച്ചുമറിഞ്ഞത് ’40 ശതമാനം കമ്മിഷന്‍ സര്‍ക്കാരെന്ന’ പ്രചാരണത്തോടെ; ബിജെപിയെ പിരിമുറുക്കത്തിലാക്കിയ ആ കത്തിന്റെ പ്രസക്തി

May 13, 2023
Google News 3 minutes Read
Karnataka State Contractors' letter on 40 % commission election results

ബിജെപിയുടെ നല്ല ഗ്ലാമറുള്ള പ്രചാരണവും കാലേക്കൂട്ടിയുള്ള നിലമൊരുക്കലും മോദി പ്രഭാവവും താരപ്രചാരകരും മതസാമുദായിക സമവാക്യങ്ങളെ അനുകൂലമാക്കാനുള്ള നീക്കങ്ങളും കര്‍ണാടകയില്‍ പാളിയെന്നാണ് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. ബിജെപിക്കെതിരായ ഭരണവിരുദ്ധ വികാരം ശക്തിയാകാന്‍ അഴിമതി ആരോപണങ്ങള്‍ക്കൊപ്പം നിര്‍ണായകമായത് കമ്മിഷന്‍ വിവാദം കൂടിയാണ്. ബില്ല് മാറാന്‍ കമ്മിഷന്‍ ആവശ്യപ്പെട്ടെന്ന് ആരോപിച്ച് കരാറുകാരന്‍ ആത്മഹത്യ ചെയ്ത സംഭവവും പിന്നാലെ ഇതിന് ചുവട് പിടിച്ച് ബിജെപിക്കെതിരായി ഉയര്‍ന്നുവന്ന ’40 ശതമാനം കമ്മിഷന്‍ സര്‍ക്കാര്‍’ എന്ന പ്രചാരണം ബിജെപിയുടെ പരാജയത്തിന് ആക്കംകൂട്ടി. (Karnataka State Contractors’ letter on 40 % commission election results)

പോളിങ് ബൂത്തിലേക്ക് കന്നഡ ജനത എത്തുന്നതിന്റെ തലേന്ന് ചൊവ്വാഴ്ച വൈകീട്ടാണ് ബിജെപിയെ വല്ലാത്ത പിരിമുറുക്കത്തിലേക്ക് തള്ളിവിടാന്‍ കെല്‍പ്പുള്ള ഒരു കത്ത് കര്‍ണാടകയിലെ കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ പുറത്തിറക്കുന്നത്. 40 ശതമാനം കമ്മിഷന്‍ സര്‍ക്കാരെന്ന് വോട്ടര്‍മാരെ ഓര്‍മിപ്പിക്കുന്ന ആ കത്ത് അഴിമതി മുക്തമെന്ന പേരില്‍ മുഖം മിനുക്കാനിരുന്ന ബിജെപിക്ക് വലിയ അടിയായി. അവരവരുടെ മനസാക്ഷിയ്ക്ക് നിരക്കുന്ന വിധത്തില്‍ വോട്ട് രേഖപ്പെടുത്തുമ്പോഴാണ് ജനാധിപത്യം പ്രവര്‍ത്തിക്കുന്നതെന്നും സമൂഹ മനസാക്ഷിയെ അഴിമതി ആഴത്തില്‍ മുറിവേല്‍പ്പിക്കുന്നുവെന്നും സൂചിപ്പിച്ചു കൊണ്ടുള്ള കത്തിലെ വാക്കുകള്‍ ജനങ്ങളുടെ ഹൃദയത്തില്‍ തറയ്ക്കുന്ന തരത്തിലായിരുന്നു എഴുതിയിരുന്നത്.

Read Also: കന്നഡനാടിനെ പൊന്നാക്കി രാഹുല്‍; പ്രചാരണത്തിലാകെ ഉയര്‍ത്തിയത് പ്രാദേശിക ജനവിഷയങ്ങള്‍

2021 ഏപ്രിലില്‍ ബിജെപി മന്ത്രി കെ എസ് ഊശ്വരപ്പ കമ്മിഷന്‍ ആവശ്യപ്പെട്ടെന്ന് ആരോപിച്ച് സന്തോഷ് പാട്ടീല്‍ എന്ന സിവില്‍ കോണ്‍ട്രാക്ടര്‍ ആത്മഹത്യ ചെയ്ത സംഭവമാണ് കത്തിന്റെ പശ്ചാത്തലം. 4 കോടി രൂപയുടെ ഒരു നിര്‍മാണ പ്രവര്‍ത്തനത്തിന് ഈശ്വരപ്പ 40 ശതമാനം കമ്മിഷന്‍ ആവശ്യപ്പെട്ടെന്നായിരുന്നു ആരോപണം. സംഭവം പിന്നീട് ഈശ്വരപ്പയ്ക്ക് മന്ത്രിസ്ഥാനം നഷ്ടമാകാനും കാരണമാകുകയായിരുന്നു. ഇത്തവണ ബിജെപി ടിക്കറ്റില്‍ മത്സരിക്കാന്‍ ഈശ്വരപ്പയ്ക്ക് അവസരം ലഭിച്ചില്ലെങ്കിലും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം സജീവമായിരുന്നു.

ബിജെപിയുടെ അടിവേരുകള്‍ അഴിമതിയില്‍ മുങ്ങിയിരിക്കുവെന്നായിരുന്നു കത്തിലെ ആരോപണം. 40 ശതമാനത്തോളം കമ്മിഷന്‍ ആവശ്യപ്പെടുന്നത് കരാറുകാരുടെ ജീവനെടുത്തിട്ടുണ്ടെന്നും കത്തിലൂടെ അസോസിയേഷന്‍ ഓര്‍മിപ്പിച്ചിരുന്നു. അസോസിയേഷന്‍ പ്രസിഡന്റ് ഡി കെംപണ്ണ, ജനറല്‍ സെക്രട്ടറി ജെ എം രവീന്ദ്ര എന്നിവരാണ് കത്തില്‍ ഒപ്പുവച്ചിരുന്നത്.

കത്തിന് മുന്‍പ് കര്‍ണാടകയില്‍ അസോസിയേഷന്‍ വളരെ സജീവമായിരുന്നോ എന്ന് ചോദിച്ചാല്‍ അല്ല എന്നാണ് ഉത്തരം. മാത്രമല്ല അസോസിയേഷന് ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും അടുപ്പമില്ലാതിരുന്നു എന്നത് ഏറെ ശ്രദ്ധേയവുമായി. മോദിയുടെ സ്വയം സൃഷ്ടിച്ച ചൗക്കിദാര്‍ ഇമേജിനെ ചോദ്യം ചെയ്യുന്നതായിരുന്നു ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ബന്ധമില്ലാതെ, തെരഞ്ഞെടുപ്പ് ചര്‍ച്ചകളില്‍ പെട്ടെന്ന് ശ്രദ്ധ നേടാനിടയായ ഈ കത്ത്. എക്‌സിറ്റ് പോളുകള്‍ പലതും പ്രവചിച്ചതിനേക്കാള്‍ ബിജെപിക്ക് സീറ്റുകള്‍ കുറയാന്‍ ഈ കത്തും കാരണമായെന്ന് വിലയിരുത്തലുകളുണ്ട്.

Story Highlights: Karnataka State Contractors’ letter on 40 % commission election results

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here