സുഡാൻ സംഘർഷം: ജിദ്ദാ പ്രഖ്യാപനത്തിൽ ഒപ്പുവെച്ച് സുഡാനിലെ സൈനിക – അർധസൈനിക വിഭാഗങ്ങൾ
സുഡാൻ ജനതയുടെ സംരക്ഷണം ഉറപ്പ് വരുത്തുന്ന സംയുക്ത പ്രഖ്യാപനത്തിൽ ഒപ്പുവച്ച് സൈന്യവും അർധസൈനിക വിഭാഗവും. സൗദിയിലെ ജിദ്ദയിൽ നടന്ന സമാധാന ചർച്ചയിലാണ് നടപടി. സംഘർഷത്തിന് ശാശ്വത പരിഹാരം കാണാൻ വിശദമായ ചർച്ച ആവശ്യമാണെന്ന് പ്രഖ്യാപനത്തിൽ പറയുന്നു. Sudan’s warring factions sign Jeddah declaration to protect civilians
സുഡാനീസ് ആംഡ് ഫോഴ്സും, എതിരാളികളായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സും ഇന്ന് രാവിലെ ജിദ്ദയിൽ നടന്ന സമാധാന ചർച്ചയിൽ പങ്കെടുത്തു. ‘സുഡാൻ ജനതയെ സംരക്ഷിക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധതയുടെ ജിദ്ദാ പ്രഖ്യാപനം എന്ന സുപ്രധാന കരാറിൽ ഇരുവിഭാഗവും ഒപ്പുവെച്ചു. സുഡാനിലെ സാധാരണക്കാരുടെ സംരക്ഷണം ഉറപ്പ് വരുത്താനും അവർക്ക് മാനുഷിക സഹായം എത്തിക്കാനും കരാർ വ്യവസ്ഥ ചെയ്യുന്നു. സുഡാൻറെ പരമാധികാരവും ഐക്യവും നിലനിർത്തുക, കലാപ പ്രദേശങ്ങളിൽ നിന്നു സാധാരണക്കാർക്ക് അവരാഗ്രഹിക്കുന്ന സ്ഥലത്തേക്ക് ഒഴിഞ്ഞു പോകാൻ സൗകര്യം ചെയ്യുക, അന്താരാഷ്ട്ര നിയമങ്ങളും മനുഷ്യാവകാശ നിയമങ്ങളും പാലിക്കുക തുടങ്ങിയവ സംയുക്ത പ്രഖ്യാപനത്തിൽ പറയുന്നുണ്ട്.
Read Also: ആഭ്യന്തര കലാപം; സുഡാനില്‍ നിന്നെത്തിയ ഉംറ തീര്‍ഥാടകരുടെ വിസാ കാലാവധി നീട്ടി നല്‍കുമെന്ന് സൗദി
റെഡ് ക്രസൻറ്, റെഡ് ക്രോസ് തുടങ്ങിയ സംവിധാനങ്ങളുമായി സഹകരിച്ച് കലാപത്തിൽ കൊല്ലപ്പെട്ടവരെക്കുറിച്ച വിവരങ്ങൾ ശേഖരിക്കാനും സംസ്കരിക്കാനും ഇരു വിഭാഗവും ധാരണയായി. സാധാരണക്കാർക്കുള്ള സേവനങ്ങൾ സുഗമമാക്കുന്നതിനായി ഹ്രസ്വകാല വെടി നിർത്തലിനുള്ള ചർച്ചകൾക്ക് മുൻഗണന നൽകുമെന്നും പ്രഖ്യാപനത്തിൽ പറയുന്നുണ്ട്. കൂടാതെ സംഘർഷത്തിന് ശാശ്വത പരിഹാരം കാണാൻ വിശദമായ ചർച്ച വേണമെന്നു പറയുന്ന പ്രഖ്യാപനം ഇതിനുള്ള ഷെഡ്യൂൾ തയ്യാറാക്കുന്നതിനുള്ള പ്രതിബദ്ധത അറിയിക്കുകയും ചെയ്തു. സൗദിയുടെയും അമേരിക്കയുടെയും സംയുക്ത ശ്രമങ്ങളുടെ ഭാഗമായാണ് ജിദ്ദയിൽ സമാധാന ചർച്ച നടക്കുന്നത്.
Story Highlights: Sudan’s warring factions sign Jeddah declaration to protect civilians
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here