Advertisement

ബിജെപിയുടെ തന്ത്രങ്ങൾ പൊളിച്ച് എതിരാളികളെ വലയിൽ വീഴ്ത്തി കോൺഗ്രസ്; ആരാണ് വിജയത്തിന്റെ തന്ത്രങ്ങൾ മെനഞ്ഞ സുനിൽ കനുഗോലു

May 13, 2023
Google News 2 minutes Read

രാഷ്ട്രീയ തെരെഞ്ഞെടുപ്പ് വിജയിക്കാൻ വാഗ്ദാനങ്ങളും രാഷ്ട്രീയ തന്ത്രങ്ങളും മാത്രം പോര. പകരം വിലയിരുത്താനും തന്ത്രങ്ങൾ മെനയാനും പ്രൊഫഷണലുകളായ തെരഞ്ഞെടുപ്പ് തന്ത്രജ്ഞർ കൂടി വേണം. തെരെഞ്ഞെടുപ്പ് വിജയത്തിന്റെ ഫോർമുലയുടെ ഭാഗമാകുകയാണ് തെരഞ്ഞെടുപ്പ് തന്ത്രജ്ഞർ.
പ്രശാന്ത് കിഷോർ എന്ന പേര് ഓർക്കുന്നില്ലേ? 2014-ൽ, ആരും സാധ്യമല്ലെന്ന് കരുതിയ നരേന്ദ്ര മോദിയുടെയും ഭാരതീയ ജനതാ പാർട്ടിയുടെയും(ബിജെപി) വിജയത്തിന് തിരക്കഥയൊരുക്കാൻ സഹായിച്ചതിന്റെ പിന്നിൽ അദ്ദേഹത്തിന്റെ തന്ത്രങ്ങളായിരുന്നു. ( Who is Sunil Kanugolu )

എന്നാൽ വളരെ വൈകിയാണെങ്കിലും ഈ പാത തന്നെ പിന്തുടരുകയാണ് കോൺഗ്രെസും. ഇത്തവണ കോൺഗ്രസിന്റെ വിജയത്തിനായി കരുക്കൾ നീക്കിയത് ഇങ്ങനെയൊരു തെരഞ്ഞെടുപ്പ് തന്ത്രജ്ഞനാണ്. കർണാടക തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ മിന്നും പ്രകടനത്തിന് പ്രശാന്ത് കിഷോറിന്റെ വലംകൈയായിരുന്ന സുനിൽ കനുഗൊലുവിന്റെ തെരെഞ്ഞെടുപ്പ് തന്ത്രങ്ങൾക്കുള്ള പങ്ക് വളരെ വലുതാണ്.

ബിജെപിക്കെതിരെ കരുക്കൾ നീക്കാനും എതിരാളികളുടെ തന്ത്രങ്ങളിൽ പതറാതിരിക്കാനും ജനങ്ങളുടെ വിശ്വാസം നേടാനും സുനിൽ കനുഗൊലുവിന്റെ തന്ത്രങ്ങൾ വിജയിച്ചു എന്നതിന് തെളിവാണ് തെരെഞ്ഞെടുപ്പ് ഫലം. ആരാണ് സുനിൽ കനുഗോലു ? കർണാടകയിൽ ബിജെപിയുടെ ദക്ഷിണേന്ത്യൻ കോട്ട തട്ടിയെടുക്കാൻ കോൺഗ്രസിനെ എങ്ങനെ സഹായിച്ചു? പരിശോധിക്കാം…

കോൺഗ്രസിന്റെ പ്രധാന അജണ്ടകളിൽ ഒന്ന് ബിജെപി സർക്കാരിന്റെ അഴിമതി ജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടുക എന്നതാണ്. ഇത്തവണ തെരഞ്ഞെടുപ്പിൽ വൻ വിജയം നേടാൻ അത് ഏറെ സഹായകമായി.
സംസ്ഥാനത്തെമ്പാടും ഭാരത് ജോഡോ യാത്രയുടെ ഘട്ടത്തിൽ തന്നെ സ്കാൻ ബോർഡ് വെച്ച് പേ സിഎം എന്ന ക്യാമ്പയിൻ കോൺഗ്രസ് തുടക്കമിട്ടു. ബിജെപി സർക്കാരിനെതിരായ അഴിമതി ആരോപണങ്ങൾ ജനശ്രദ്ധയിലേക്ക് എത്തിക്കാൻ ഈ പ്രചാരണത്തിലൂടെ സാധിച്ചു. ഇതിന്റെ പിന്നിൽ പ്രവർത്തിച്ചത് സുനിൽ കനുഗൊലുവായിരുന്നു.

ഏകദേശം 40 വയസ്സുള്ള കനുഗോലു കർണാടകയിലെ ബല്ലാരി ജില്ലയിലാണ് ജനിച്ചത്. മിഡിൽ സ്കൂൾ വരെ പഠിച്ചത് അവിടെയാണ്. അതിനുശേഷം ചെന്നൈയിലേക്ക് മാറുകയും പിന്നീട് അമേരിക്കയിലേക്ക് പോകുകയും ചെയ്തു. എൻജിനീയറിങ്ങിൽ ബിരുദം നേടുകയും കൂടാതെ രണ്ട് ബിരുദാനന്തര ബിരുദങ്ങൾ സ്വന്തമാക്കുകയും ചെയ്തു. ഫിനാൻസിൽ എംഎസും എംബിഎയും സ്വന്തമാക്കി. 2009ൽ യുഎസിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങി.

എസ്ആർ ഇൻഡിപെൻഡന്റ് ഫിഷറീസ് പ്രൈവറ്റ് ലിമിറ്റഡ്, എസ്ആർ നാച്ചുറോ ഫുഡ്സ് പ്രൈവറ്റ് ലിമിറ്റഡ്, ബ്രെയിൻസ്റ്റോം ഇന്നവേഷൻ ആൻഡ് റിസർച്ച് പ്രൈവറ്റ് ലിമിറ്റഡ് (ബിഎസ്ഐആർ) എന്നീ മൂന്ന് കമ്പനികളിൽ കനുഗോലു ഡയറക്ടർ സ്ഥാനം വഹിച്ചു.

തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായി 2012 മുതൽ അദ്ദേഹം രംഗത്തുണ്ട്. അമിത് ഷാക്ക് ഒപ്പമായിരുന്നു തുടക്കം. നിരവധി തെരഞ്ഞെടുപ്പുകളിൽ ബിജെപിയുടെ ജയത്തിന് തന്ത്രങ്ങൾ മെനഞ്ഞ പ്രശാന്ത് കിഷോറിന്റെ വലംകൈയായിരുന്നു അദ്ദേഹം. പിന്നീട് തമിഴ്നാട്ടിൽ എംകെ സ്റ്റാലിനെയും സഹായിച്ചു. എന്നാൽ ഈ ബന്ധത്തിൽ അതികം വൈകാതെ തന്നെ വിള്ളൽ വീണു. ബിജെപി വിട്ട പ്രശാന്ത് കിഷോർ ഈയടുത്ത് കോൺഗ്രസിൽ ചേരാനുള്ള ശ്രമം നടത്തിയപ്പോൾ സുനിൽ കനഗോലുവും ഒപ്പമുണ്ടായിരുന്നു.

തങ്ങളുടെ യാത്രയിൽ പ്രശാന്ത് കിഷോറിനെ ഒപ്പം ചേർക്കണമെന്ന ആഗ്രഹം കോൺഗ്രസ് ഹൈക്കമാന്റിന് ഉണ്ടായിരുന്നെങ്കിലും നേതൃത്വത്തിൽ പലരും ഈ താത്പര്യത്തോട് യോജിച്ചില്ല. അതിന് പ്രധാന കാരണമായി ഉയർത്തിയത് പ്രശാന്ത് കിഷോറിന്റെ ഡിമാന്റുകൾ അംഗീകരിക്കാനാകില്ല എന്നതായിരുന്നു.
എന്നാൽ അപ്പോഴൊന്നും ഈ പദവിയിലേക്ക് സുനിൽ കനഗോലുവിന്റെ പേര് പരാമർശിക്കപ്പെട്ടില്ല.

ഒടുവിൽ പ്രശാന്ത് കിഷോറിന്റെ പിന്മാറ്റം കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞ സ്ഥാനത്തേക്കുള്ള സുനിൽ കനഗോലുവിന്റെ രംഗപ്രവേശനത്തിന് വഴി ഒരുക്കി. കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയം തന്നെയായിരുന്നു സുനിൽ കനഗോലുവിന്റെ ആദ്യത്തെ ദൗത്യം. ഈ തന്ത്രം വിജയിച്ചതിനുള്ള തെളിവാണ് ബിജെപിയേക്കാൾ ഇരട്ടിയിലേറെ സീറ്റുകൾ നേടിയുള്ള കോൺഗ്രസിന്റെ മുന്നേറ്റം. അടുത്തതായി മധ്യപ്രദേശ്, ഛത്തീസ്‌ഗഡ്, രാജസ്ഥാൻ തെരഞ്ഞെടുപ്പുകളുടെ ചുമതല നൽകിയിട്ടുണ്ടെങ്കിലും അദ്ദേഹത്തിന് കേരള തെരഞ്ഞെടുപ്പും എന്ന ദൗത്യവും ഏൽപ്പിക്കാനുള്ള ചർച്ച നടക്കുകയാണ്.

കേരളത്തിലെ ഓരോ മണ്ഡലത്തിലും സർവേ നടത്തി ആരെ നിർത്തിയാൽ ജയിക്കാമെന്ന് കണ്ടെത്തണമെന്നാണ് പാർട്ടി മുന്നോട്ട് വെക്കുന്ന ആവശ്യം. എന്നാൽ ഈ കാര്യത്തിൽ പാർട്ടി ഇതുവരെ ഒരു അന്തിമ തീരുമാനത്തിൽ എത്തിയിട്ടില്ല. എന്തുതന്നെയെങ്കിലും ഈ സംസ്ഥാനങ്ങളിൽ കോൺഗ്രസ് വിജയം നേടുക എന്നത് തന്നെയാണ് പാർട്ടിയുടെ ലക്‌ഷ്യം.

Story Highlights: Who is Sunil Kanugolu, the poll strategist behind Congress’s Karnataka win

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here