Advertisement

‘കർണാടക വിജയം കേരളത്തിലും മാതൃക; പിണറായി എന്ന ക്രൂരനായ രാഷ്ട്രീയക്കാരനെ ചവറ്റുകുട്ടയിൽ എറിയണമെന്ന് കെപിസിസി പ്രസിഡണ്ട്

May 14, 2023
3 minutes Read
Images of pinarayi vijayan and k sudhakaran

കർണാടക വിജയം കേരളത്തിലെ കോൺഗ്രസിനും മാതൃകയെന്ന് വ്യക്തമാക്കി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ഒന്നിച്ചു നിന്ന് പൊരുതിയാൽ കോൺഗ്രസിനെ തോൽപ്പിക്കാനുള്ള കരുത്ത് മറ്റൊരു രാഷ്ട്രീയ പാർട്ടിക്കും ഇല്ലെന്ന് കെ സുധാകരൻ തന്റെ ഫേസ്ബുക്കിൽ കുറിച്ച പോസ്റ്റിലൂടെ വ്യക്തമാക്കി. സംസ്ഥാനതലം മുതൽ ബൂത്ത് തലം വരെ കൃത്യമായ സംഘടനാ സംവിധാനം കെപിസിസി ഉണ്ടാക്കും. CUC കളുടെ പൂർത്തീകരണത്തിന് പാർട്ടി അത്യധികം പ്രാധാന്യം നൽകുന്നുണ്ട്. ആ സംവിധാനത്തിൽ ആത്മാർത്ഥതയോടെ കൂടി പ്രവർത്തിച്ചാൽ കർണാടകയിൽ ഉണ്ടായതിനേക്കാൾ മികച്ച നേട്ടം കേരളത്തിൽ ഉണ്ടാക്കാനാകുമെന്നും സുധാകരൻ കൂട്ടിച്ചേർത്തു. പിണറായി എന്ന
ക്രൂരനായ രാഷ്ട്രീയക്കാരനെയും, കമ്മ്യൂണിസമെന്ന വെറുപ്പിന്റെ പ്രത്യയശാസ്ത്രത്തെയും കേരളത്തിന്റെ ചവറ്റുകുട്ടയിലെറിഞ്ഞു കൊണ്ടു ഈ മലയാള നാടിനെ നമുക്ക് “ജനാധിപത്യ”ത്തിലേക്ക് തിരിച്ചുകൊണ്ടുവരാം എന്ന് അദ്ദേഹം പോസ്റ്റിലൂടെ ആഹ്വനം ചെയ്തു. KPCC President on Karnataka election result and Kerala scenario

പോസ്റ്റിന്റെ പൂർണരൂപം :

എന്റെ പ്രിയപ്പെട്ട കോൺഗ്രസ്‌ പ്രവർത്തകരോട്….
കർണാടക വിജയം നമുക്ക് മാതൃകയാണ്. കർണാടക നമ്മളിൽ ഓരോരുത്തർക്കും പാഠമാണ്. ഒന്നിച്ചു നിന്ന് പൊരുതിയാൽ കോൺഗ്രസിനെ തോൽപ്പിക്കാനുള്ള കരുത്ത് മറ്റൊരു രാഷ്ട്രീയ പാർട്ടിക്കും ഇല്ല എന്ന് ഒരിക്കൽ കൂടി തെളിയിക്കപ്പെട്ടിരിക്കുന്നു. ഈ വിജയത്തിന് ചുക്കാൻ പിടിച്ച എന്റെ പ്രിയ സുഹൃത്ത് ഡി കെ ശിവകുമാറിനോട് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് കടപ്പെട്ടിരിക്കുന്നു. പരാജയങ്ങളിൽ പാർട്ടിയെ താങ്ങി നിർത്തിയ കോൺഗ്രസ്‌ പ്രവർത്തകർക്കും എന്റെ സല്യൂട്ട്… നിങ്ങളാണ് ഈ പാർട്ടി, നിങ്ങളുടെ ത്യാഗമാണ് നമ്മുടെ വിജയം.

കോൺഗ്രസ്സിനോളം സ്നേഹിക്കപ്പെട്ട മറ്റൊരു രാഷ്ട്രീയ പ്രസ്ഥാനം ഇന്ത്യയിലില്ല. കാശ്മീർ മുതൽ കന്യാകുമാരി വരെ സ്നേഹത്തിന്റെ നൂലിൽ മനുഷ്യരാശിയെ കോർത്തിണക്കാൻ കഴിവുള്ള, ആഴത്തിൽ വേരുകൾ പതിഞ്ഞ, ശക്തമായ ആശയാടിത്തറയുള്ള മറ്റൊരു പാർട്ടി ഈ രാജ്യത്തില്ല. ഒറ്റക്കെട്ടായി നിന്ന് നമ്മൾ ഒത്തൊരുമിച്ചിറങ്ങിയാൽ, ഒറ്റ മനസ്സായി ജനങ്ങൾ നമുക്ക് പിന്നിൽ അണിനിരക്കും.

ഇനിയങ്ങോട്ട് കൈമെയ് മറന്നു പൊരുതേണ്ട ദിനങ്ങളാണ്. സംസ്ഥാനതലം മുതൽ ബൂത്ത് തലം വരെ കൃത്യമായ സംഘടനാ സംവിധാനം കെപിസിസി ഉണ്ടാക്കും. CUC കളുടെ പൂർത്തീകരണത്തിന് പാർട്ടി അത്യധികം പ്രാധാന്യം നൽകുന്നുണ്ട്. ആ സംവിധാനത്തിൽ ആത്മാർത്ഥതയോടെ കൂടി പ്രവർത്തിച്ചാൽ കർണാടകയിൽ ഉണ്ടായതിനേക്കാൾ മികച്ച നേട്ടം കേരളത്തിൽ നമുക്ക് ഉണ്ടാക്കാനാകും.

കോൺഗ്രസിന്റെ തിരിച്ചുവരവിന്റെ കാഹളം കർണാടകത്തിൽ മുഴങ്ങി കഴിഞ്ഞു…
വരുന്നത് ലോക്സഭ തെരഞ്ഞെടുപ്പാണ്…. 20 എംപിമാരെ കേരളത്തിൽ നിന്ന് വിജയിപ്പിച്ചു അയക്കേണ്ടത് നമ്മുടെ ചുമതലയാണ്.

Read Also: തെരഞ്ഞെടുപ്പ് തോൽവി; പാർട്ടിയിൽ വൻ അഴിച്ചുപണിക്കൊരുങ്ങി കർണാടക ബിജെപി

ലോകത്തുള്ള എല്ലാവിധ ജീർണതകളും പേറി നടക്കുന്നൊരു സർക്കാരാണ് കേരളത്തിലേത്. കേരളം കണ്ട ഏറ്റവും വലിയ ക്രിമിനലും അഴിമതിക്കാരനുമാണ് നമ്മുടെ മുഖ്യമന്ത്രി. പിണറായി വിജയനെന്ന ക്രൂരനായ രാഷ്ട്രീയക്കാരനെയും, കമ്മ്യൂണിസമെന്ന വെറുപ്പിന്റെ പ്രത്യയശാസ്ത്രത്തെയും കേരളത്തിന്റെ ചവറ്റുകുട്ടയിലെറിഞ്ഞു കൊണ്ടു ഈ മലയാള നാടിനെ നമുക്ക് “ജനാധിപത്യ”ത്തിലേക്ക് തിരിച്ചുകൊണ്ടുവരാം…

കെ സുധാകരൻ.

Story Highlights: KPCC President on Karnataka election result and Kerala scenario

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top