Advertisement

ഡികെ ശിവകുമാർ യുദ്ധം പ്രഖ്യാപിച്ച സൂദ്; ആരാണ് പുതിയ സിബിഐ മേധാവി പ്രവീൺ സൂദ്?

May 14, 2023
Google News 3 minutes Read

1986 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനും നിലവിലെ കർണാടക ഡിജിപിയുമായ പ്രവീൺ സൂദിനെ രണ്ട് വർഷത്തേക്ക് പുതിയ സിബിഐ ഡയറക്ടറായി നിയമിച്ചു. നിലവിലെ സിബിഐ ഡയറക്ടർ സുബോധ് ജയ്‌സ്വാളിന്റെ കാലാവധി മെയ് 25 ന് അവസാനിക്കുമ്പോൾ പ്രവീൺ സൂദ് പുതിയ സ്ഥാനം ഏറ്റെടുക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, പ്രതിപക്ഷ നേതാവ് അധീർ രഞ്ജൻ ചൗധരി എന്നിവരടങ്ങിയ ഉന്നതാധികാര സമിതി യോഗത്തിലാണ് പ്രവീൺ സൂദിന്റെ പേര് അന്തിമമായി പ്രഖ്യാപിച്ചത്. യോഗത്തിൽ അധിർ രഞ്ജൻ ചൗധരി പ്രവീൺ സൂദിന്റെ സ്ഥാനാർത്ഥിത്വത്തോട് തന്റെ എതിർപ്പ് ഉന്നയിച്ചതായി വൃത്തങ്ങൾ അറിയിച്ചു. ( Who is new CBI chief Praveen Sood )

ആരാണ് പ്രവീൺ സൂദ്?

നിലവിൽ കർണാടക പോലീസ് ഡിജിപിയായി സേവനമനുഷ്ഠിക്കുന്ന പ്രവീൺ സൂദ് ഡൽഹി ഐഐടിയിൽ നിന്നുള്ള ബിരുദധാരിയാണ്. 1986-ൽ ഇന്ത്യൻ പോലീസ് സർവീസിൽ (ഐ.പി.എസ്.) ചേർന്ന അദ്ദേഹം 1989-ൽ മൈസൂരിൽ അസിസ്റ്റന്റ് പോലീസ് സൂപ്രണ്ടായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. പിന്നീട് ബെല്ലാരി, റായ്ച്ചൂർ പോലീസ് സൂപ്രണ്ടായി സേവനമനുഷ്ഠിച്ച അദ്ദേഹം പിന്നീട് ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസ് (ഡി.സി.പി) ആയി ബെംഗളൂരുവിൽ നിയമിതനായി. പ്രവീൺ സൂദ് 1999 മുതൽ മൂന്ന് വർഷം മൗറീഷ്യസിൽ ഡെപ്യൂട്ടേഷനിൽ ജോലി ചെയ്തിട്ടുണ്ട്.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

പ്രവീൺ സൂദ് 2004 മുതൽ 2007 വരെ മൈസൂർ സിറ്റി പോലീസ് കമ്മീഷണറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പാകിസ്ഥാൻ വംശജർ ഉൾപ്പെടെയുള്ള തീവ്രവാദ ശൃംഖലയിക്കെതിരെയും അദ്ദേഹം വിപുലമായി പ്രവർത്തിച്ചു. പിന്നീട്, 2011 വരെ ബെംഗളൂരു ട്രാഫിക് പോലീസിൽ അഡീഷണൽ പോലീസ് കമ്മീഷണറായി ജോലി ചെയ്തു.

1996-ൽ മികച്ച സേവനത്തിന് മുഖ്യമന്ത്രിയുടെ സ്വർണ്ണ മെഡലും 2002-ൽ സ്തുത്യർഹമായ സേവനത്തിന് പോലീസ് മെഡലും 2011-ൽ വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡലും ലഭിച്ചു. 2013-14-ൽ പ്രവീൺ സൂദ് കർണാടക സ്റ്റേറ്റ് പോലീസ് ഹൗസിംഗ് കോർപ്പറേഷന്റെ മാനേജിംഗ് ഡയറക്ടറായി ചുമതലയേറ്റു.

പ്രവീൺ സൂദ് സംസ്ഥാന ആഭ്യന്തര വകുപ്പിൽ പ്രിൻസിപ്പൽ സെക്രട്ടറിയായും കർണാടക സ്റ്റേറ്റ് റിസർവ് പോലീസിന്റെ എഡിജിപിയായും അഡ്മിനിസ്ട്രേഷനിൽ എഡിജിപിയായും പ്രവർത്തിച്ചിട്ടുണ്ട്. സ്ത്രീകൾ ഉൾപ്പെടെയുള്ള പൗരന്മാരുടെ സുരക്ഷ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിച്ചതിനും അദ്ദേഹം പ്രശംസ നേടി.

ഡി കെ ശിവകുമാറുമായി പ്രശ്നം

കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡികെ ശിവകുമാർ മാർച്ചിൽ ഡിജിപി പ്രവീൺ സൂദിനെ വിലയില്ലാത്തവൻ എന്ന് വിളിക്കുകയും പാർട്ടി അധികാരത്തിൽ വന്നാൽ അദ്ദേഹത്തിനെതിരെ നടപടിയെടുക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. കർണാടകയിൽ കോൺഗ്രസ് വൻ ഭൂരിപക്ഷത്തിൽ വിജയിക്കുകയും ഡികെ ശിവകുമാർ മുഖ്യമന്ത്രി സ്ഥാനാർഥിയുമാണ്. എന്നാൽ അടുത്ത രണ്ട് വർഷത്തേക്ക് സിബിഐ ഡയറക്ടറുടെ ചുമതല വഹിക്കാൻ പ്രവീൺ സൂദ് ഡൽഹിയിലേക്ക് പോകും.

ഡിജിപി സംസ്ഥാനത്ത് ബിജെപിക്ക് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് ഡികെ ശിവകുമാർ മാർച്ചിൽ ആരോപിച്ചിരുന്നു. സൂദ് കർണാടക പോലീസിന്റെ തലപ്പത്തിരിക്കുമ്പോൾ കോൺഗ്രസ് നേതാക്കൾക്കെതിരെ 25 ഓളം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ബിജെപി നേതാക്കൾക്കെതിരെ ഒന്നും രജിസ്റ്റർ ചെയ്തിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

Story Highlights: Who is new CBI chief Praveen Sood

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here