മോഷ്ടിക്കാൻ ഒപ്പം കേറിയ ആൾ അടിച്ചുപൂസായി കിടന്നുറങ്ങി; സഹമോഷ്ടാവ് 8 ലക്ഷം രൂപയുമായി മുങ്ങി

മോഷ്ടിക്കാൻ ഒപ്പം കേറിയ ആൾ അടിച്ചുപൂസായി കിടന്നുറങ്ങിയപ്പോൾ സഹമോഷ്ടാവ് 8 ലക്ഷം രൂപയുമായി മുങ്ങി. ഉത്തർ പ്രദേശിലെ ലക്നൗവിലാണ് വിചിത്ര സംഭവം അരങ്ങേറിയത്. പുറത്തുപോയി തിരികെവന്ന കുടുംബാംഗങ്ങൾ കിടപ്പുമുറിയിൽ ഉറങ്ങുന്നയാളെ കണ്ടതിനെ തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
ഒരു വിവാഹത്തിൽ പങ്കെടുക്കാനായാണ് വീട്ടുകാർ പുറത്തുപോയത്. തിരികെവന്നപ്പോൾ ഒരാൾ കിടപ്പുമുറിയിൽ കിടന്നുറങ്ങുന്നതായി കണ്ടെത്തി. അയാൾക്കരികെ മദ്യക്കുപ്പികൾ ചിതറിക്കിടന്നിരുന്നു. വീടാകെ അലങ്കോലമായിരുന്നു. 8 ലക്ഷം രൂപ വീട്ടിൽ നിന്ന് നഷ്ടപ്പെട്ടതായും ഇവർ കണ്ടെത്തി. തുടർന്ന് മുൻ സൈനികൻ കൂടിയായ ഗൃഹനാഥൻ ശർവാനന്ദ് പൊലീസിനെ വിവരമറിയിച്ചു. പൊലീസ് നടത്തിയ അന്വേഷണത്തിൽ വിചിത്രമായ ഒരു മോഷണക്കഥ ചുരുളഴിയുകയായിരുന്നു.
ഉറക്കത്തിൽ എഴുന്നേറ്റയുടൻ വീട്ടുകാർ ഇയാളെ പൊലീസിൽ ഏല്പിച്ചു. തന്നോടൊപ്പം മറ്റൊരാൾ കൂടി ഉണ്ടായിരുന്നു എന്ന് ഇയാൾ പൊലീസിനു മൊഴിനൽകി. തങ്ങൾ വീട്ടിൽ അതിക്രമിച്ചുകയറി മോഷണം തുടങ്ങി. വീട്ടിനുള്ളിൽ ഉണ്ടായിരുന്ന മദ്യം കഴിയ്ക്കാൻ സുഹൃത്ത് തന്നെ നിർബന്ധിക്കുകയായിരുന്നു. ഇതോടെ താൻ ഉറങ്ങിപ്പോയി എന്നും ഇയാൾ പറഞ്ഞു. ഒപ്പമുണ്ടായിരുന്ന ആൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.
100 ഗ്രാമിലധികം സ്വർണം, 2 കിലോയോളം വരുന്ന വെള്ളി ആഭരണങ്ങൾ, 50,000 രൂപ വിലവരുന്ന 40 സാരികൾ, 6 ലക്ഷം രൂപ എന്നിവകളാണ് വീട്ടിൽ നിന്ന് മോഷണം പോയത്.
Story Highlights: thief leaves drunk partner house
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here