മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകർ

മലപ്പുറം ചങ്ങരംകുളത്ത് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം. യൂത്ത് കോൺഗ്രസ് , കെഎസ് യു പ്രവർത്തകർ ആണ് കരിങ്കൊടി കാണിച്ചത്. പൊന്നാനിയിലെ പരിപാടി കഴിഞ്ഞു മുഖ്യമന്ത്രി മടങ്ങവെയാണ് പ്രതിഷേധം ഉണ്ടായത്. പ്രവർത്തകരെ പൊലീസ് സംഭവസ്ഥലത്തു നിന്ന് നീക്കി.
പാഠപുസ്തകങ്ങളിലെ ചരിത്രം ആർഎസ്എസ് തിരുത്തി എഴുതുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ എൽഡിഎഫ് പൊന്നാനി മണ്ഡലം റാലി ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. കേരളത്തിലെ പാഠപുസ്തകങ്ങളിൽ ഒരു മാറ്റവും വരുത്താൻ ഇടതുപക്ഷ സർക്കാർ അനുവദിക്കില്ല. കേരളത്തിൽ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാൻ അനുവദിക്കില്ലെന്ന് നേരത്തെ പറഞ്ഞതാണ്. ആ നിലപാട് തന്നെയാണ് ഇപ്പോഴും നാളെയും പറയാനുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
മതത്തിന്റെ അടിസ്ഥാനത്തിൽ ആളുകളെ വിഭജിക്കാനാണ് കേന്ദ്ര സർക്കാർ പൗരത്വ ഭേദഗതി നിയമം പാസാക്കിയത്. അത് കേരളത്തിൽ നടപ്പിലാക്കാൻ എൽഡിഎഫ് സർക്കാർ സമ്മതിക്കില്ല. ഇത്തരത്തിലുള്ള വർഗീയത പറഞ്ഞു വരുമ്പോൾ മത നിരപേക്ഷത പറഞ്ഞ് നടക്കുന്നവർ കാര്യമായി പ്രതികരിക്കുന്നില്ല എന്നത് അപകടകരമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കേരളത്തെ എങ്ങനെയൊക്കെ വിഷമിപ്പിക്കാം എന്നാണ് കേന്ദ്രസർക്കാർ നോക്കുന്നത്. ദുരന്തകാലത്തടക്കം കേരളത്തെ കേന്ദ്രം സഹായിച്ചില്ല. ലഭിച്ച സഹായങ്ങൾ കേന്ദ്രസർക്കാർ തടസപ്പെടുത്തുകയും ചെയ്തു. സംസ്ഥാനത്തിന്റെ ജനസംഖ്യക്ക് ആനുപാതികമായി കേന്ദ്രം സഹായം തരുന്നില്ല. കോച്ച് ഫാക്ടറി പദ്ധതി കേന്ദ്രസർക്കാർ മുടക്കി. ഒരു എയിംസ് ചോദിച്ചിട്ടും കേന്ദ്രം തന്നില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
Story Highlights: Youth Congress and ksu waved black flag at pinarayi vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here