കുട്ടികളെ കഞ്ചാവ് കടത്തിന് ഉപയോഗിച്ച സംഭവം; ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസ് എടുക്കും

തിരുവനന്തപുരത്ത് കുട്ടികളെ കഞ്ചാവ് കടത്തിന് ഉപയോഗിച്ച സംഭവത്തിൽ നടപടി ആരംഭിച്ചു. കേസുമായി ബന്ധപ്പെട്ട് എക്‌സൈസ് പൊലീസിന് റിപ്പോർട്ട് കൈമാറി. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസ് എടുക്കാനാണ് നീക്കം. അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണറാണ് തമ്പാനൂർ പൊലീസിന് റിപ്പോർട്ട് നൽകിയത്. ഒളിവിൽ കഴിയുന്ന സ്ത്രീക്ക് ഹാജരാകാൻ നോട്ടീസ് നൽകും. 90 കിലോയിലധികം കഞ്ചാവായിരുന്നു തിരുവനന്തപുരം ജഗതിയിൽ പിടിച്ചത്.
ഒഡീഷയിലെ ഗോപാൽപുരിൽ നിന്ന് കഞ്ചാവ് വാങ്ങി കുട്ടികളെ മറയാക്കിയാണ് പ്രതികൾ തിരുവനന്തപുരത്തേയ്ക്ക് കഞ്ചാവ് കടത്തിയത്. ജഗതി സ്വദേശി അഖിൽ, മാറനല്ലൂർ കരിങ്ങൽ വിഷ്ണു ഭവനിൽ വിഷ്ണു, തിരുവല്ലം മേനിലം ചെമ്മണ്ണ് വിള പുത്തൻ വീട്ടിൽ ചൊക്കൻ രതീഷ്, തിരുവല്ലം കരിങ്കടമുകൾ ശാസ്താഭവനിൽ ആർ. രതീഷ് എന്നിവരാണ് കേസിലെ പ്രതികൾ. മേയ് 7നായിരുന്നു പ്രതികൾ എക്സൈസിന്റെ പിടിയിലായത്.
Read Also: കന്നഡനാടിനെ പൊന്നാക്കി രാഹുല്‍; പ്രചാരണത്തിലാകെ ഉയര്‍ത്തിയത് പ്രാദേശിക ജനവിഷയങ്ങള്‍
പ്രതികളിലൊരാളായ വിഷ്ണുവിന്റെ ഭാര്യയും മൂന്നു കുട്ടികളുമായാണ് സംഘം കേരളത്തിൽ നിന്ന് പോയത്. ഗോപാൽപുർ ബീച്ചിൽ ഭാര്യയെയും കുഞ്ഞുങ്ങളെയും ഇറക്കി നിറുത്തിയിട്ട് കഞ്ചാവ് വാങ്ങി. പിന്നീട് ഇവരെ വാഹനത്തിൽ കയറ്റി മടങ്ങി. സ്ത്രീയും കുട്ടികളുമുണ്ടെങ്കിൽ വാഹനപരിശോധനയിൽ നിന്ന് രക്ഷപ്പെടാമെന്ന് പ്രതികൾ കണക്കുകൂട്ടിയിരുന്നു. രഹസ്യവിവരത്തെ തുടർന്നാണ് അന്വേഷണ സംഘം പ്രതികളെ പിന്തുടർന്ന് കണ്ണേറ്റുമുക്കിൽ വച്ച് പിടികൂടിയത്.
തിരുവനന്തപരും ജില്ലയിലേയ്ക്ക് പ്രവേശിച്ചതോടെ സ്ത്രീയെയും കുട്ടികളെയും വാഹനത്തിൽ നിന്ന് ഇറക്കിവിട്ടു. സംഘം ഒഡീഷയിൽ നിന്ന് ആദ്യമായല്ല കഞ്ചാവ് കടത്തുന്നതെന്നാണ് എക്‌സൈസ് കണ്ടെത്തൽ.
Story Highlights: Children were used to sell cannabis; case will be taken under Juvenile Justice Act
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here