കരിപ്പൂർ വിമാനത്താവളത്തിൽ രണ്ട് കോടി രൂപയുടെ സ്വർണവേട്ട; കോഴിക്കോട് സ്വദേശികളായ ദമ്പതികളും ഒരു സ്ത്രീയും അറസ്റ്റിൽ

കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. രണ്ട് കോടിയിലധികം രൂപയുടെ സ്വർണമാണ് പൊലീസും കസ്റ്റംസും ചേർന്ന് പിടികൂടിയത്. സംഭവത്തിൽ കോഴിക്കോട് സ്വദേശികളായ ദമ്പതികളും ഒരു സ്ത്രീയും അറസ്റ്റിലായി. കോഴിക്കോട് കുന്നമംഗലം സ്വദേശി ഷബ്‌ന, കൊടുവള്ളി സ്വദേശികളായ ഷറഫുദ്ദീൻ, ഭാര്യ ഷമീന എന്നിവരാണ് പിടിയിലായത്. ( gold hunt at Calicut International Airport three arrested ).
1884 ഗ്രാം സ്വർണവുമായി കോഴിക്കോട് കുന്നമംഗലം സ്വദേശി ഷബ്‌ന ഇന്നലെ വൈകുന്നേരം 6.30 ന് ആണ് കരിപ്പൂരിൽ എത്തിയത്. കസ്റ്റംസിന്റെ വിവിധ പരിശോധനകളെ അതിജീവിച്ചു 7.30ന് വിമാനത്താവളത്തിന് പുറത്തെത്തി വാഹനത്തിൽ കയറുമ്പോൾ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഷബ്നയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. മണിക്കൂറുകളോളം ചോദ്യം ചെയ്തിട്ടും കയ്യിൽ സ്വർണമുള്ള കാര്യം ഇവർ സമ്മതിച്ചില്ല. തുടർന്ന് ഷബ്‌നയുടെ ലഗേജും ദേഹവും പരിധോധിച്ചിട്ടും പൊലീസിന് ഒന്നും കണ്ടെത്താനായില്ല.
പിന്നീട് വാഹനത്തിൽ നടത്തിയ പരിശോധനയിൽ ഡോർ പാഡിൽ നിന്ന് പൊലീസ് സ്വർണം കണ്ടെടുത്തു. വസ്ത്രത്തിൽ ഒളിപ്പിച്ചു കൊണ്ട് വന്ന സ്വർണം ഇവിടെ ഒളിപ്പിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. ഷബ്‌നയ്ക്ക് പിന്നാലെ ഇന്നലെ രാത്രി 8 മണിയോടെ ദുബായിൽ നിന്നാണ് സ്വർണവുമായി കൊടുവള്ളി സ്വദേശികളായ ഷറഫുദ്ദീൻ, ഭാര്യ ഷമീന എന്നിവർ കരിപ്പൂരിൽ എത്തിയത്.
രഹസ്യ വിവരത്തെ തുടർന്ന് കസ്റ്റംസ് നടത്തിയ പരിശോധനയിൽ ഷറഫുദീന്റെ പക്കൽ നിന്ന് ശരീരത്തിൽ ഒളിപ്പിച്ച നിലയിൽ 950 ഗ്രാമും അടി വസ്ത്രത്തിന് അടിയിൽ ഒളിപ്പിച്ച നിലയിൽ ഷമീനയിൽ നിന്ന് 1198 ഗ്രാം സ്വർണ മിശ്രിതവും കസ്റ്റംസ് കണ്ടെത്തി. സ്വർണക്കടത്തിന് കള്ളക്കടത്തു സംഘം 80000 രൂപയാണ് പ്രതിഫലമായി ദമ്പതികൾക്ക് വാഗ്ദാനം ചെയ്തിരുന്നത് എന്ന് ഇവർ കസ്റ്റംസിനോട് സമ്മതിച്ചു. പിടിയിലായ മൂന്ന് പേരുടെയും അറസ്റ്റ് രേഖപ്പെടുത്തി.
Story Highlights: gold hunt at Calicut International Airport three arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here