സോഷ്യൽ മീഡിയയുടെ കൈയ്യടി നേടിയ ഹീറോ; കേസിൽ നിർണായകമായത് പ്രദീപ് എന്ന കണ്ടക്ടറുടെ സമയോചിത ഇടപെടൽ

ഒറ്റ ചോദ്യം- ‘പരാതിയുണ്ടോ ?’ ഉണ്ടെന്ന് പെൺകുട്ടിയുടെ ഉത്തരം. പിന്നാലെ വന്നു തീരുമാനം- ‘ന്നാ ആ ഡോറ് തുറക്കേണ്ട, പ്രതിയെ പൊലീസിൽ ഏൽപിക്കാം’. ( ksrtc bus conductor pradeep who supported abuse victim )
കെഎസ്ആർടിസി ബസിൽ പെൺകുട്ടിയോട് മോശമായി പെരുമാറിയ യുവാവിനെ പൊലീസിൽ ഏൽപ്പിക്കാൻ രണ്ടാമതൊന്ന് ചിന്തിക്കേണ്ടി വന്നില്ല പ്രദീപ് എന്ന കണ്ടക്ടറിന്. എന്നാൽ തന്ത്രശാലിയായ ആക്രമി ബസിൽ നിന്ന് ചാടിയിറങ്ങി പ്രദീപിനെ തട്ടിമാറ്റി അകലേക്ക് ഓടി മറയുകയായിരുന്നു. ഒട്ടുമിക്ക സന്ദർഭങ്ങളിലും അവിടം കൊണ്ട് അവസാനിക്കുമായിരുന്ന പരാതിയെ അങ്ങനെ കൈവിട്ട് കളയാൻ പ്രദീപും തയാറായില്ല. പ്രതിയുടെ തൊട്ടുപിന്നാലെ പ്രദീപും കെഎസ്ആർടിസി ഡ്രൈവറും വെച്ചുപിടിച്ചു. ഒടുവിൽ ഒരു കിലോമീറ്ററോളം പിന്നാലെ ഓടി പ്രതിയായ സവാദിനെ പിടികൂടി പൊലീസിൽ ഏൽപ്പിച്ച് തങ്ങളുടെ ബസിലെ യാത്രക്കാരിക്ക് നീതി ഉറപ്പാക്കി ഇരുവരും. കണ്ടക്ടറുടെ ഈ സമയോചിത ഇടപെടലിന് കൈയ്യടിക്കുകയാണ് സോഷ്യൽ മീഡിയ.
തൃശൂർ നിന്ന് എറണാകുളത്തേക്കുള്ള യാത്രയ്ക്കിടെയായിരുന്നു കേസിനാസ്പദമായ സംഭവം നടക്കുന്നത്. യാത്രക്കാരിയായ പെൺകുട്ടിയുടെ അടുത്ത് വന്നിരിക്കുകയായിരുന്നു പ്രതിയായ കോഴിക്കോട് സ്വദേശി സവാദ്. പെൺകുട്ടിയുടെ ദേഹത്ത് കൈ കൊണ്ട് ഉരസുകയും സ്വയംഭോഗം ചെയ്യുകയുമായിരുന്നു. ഉടൻ തന്നെ പെൺകുട്ടി ബഹളം വച്ച്് മറ്റ് യാത്രക്കാരുടെ ശ്രദ്ധ ക്ഷണിച്ചു. പിന്നാലെയാണ് കണ്ടക്ടറായ പ്രദീപിന്റെ എൻട്രി. പെൺകുട്ടിയോട് പരാതിയുണ്ടോയെന്ന് ചോദിക്കുകയും യുവാവിനെ പൊലീസിൽ ഏൽപ്പിക്കാമെന്ന് തീരുമാനിക്കുകയുമായിരുന്നു. എന്നാൽ പ്രതി തന്ത്രപരമായി ബസിൽ നിന്ന് ചാടിയിറങ്ങി പ്രദീപിനെ തട്ടിമാറ്റി ഓടുകയായിരുന്നു. ‘പിറകെ ഓടിയാൽ കിട്ടുമോ എന്നൊന്നും അപ്പോൾ ചിന്തിച്ചില്ല. എങ്ങനെയെങ്കിലും പിടികൂടുക എന്ന ഉദ്ദേശം മാത്രമേ ഉണ്ടായിരുന്നുള്ളു. പിടികൂടിയ സ്ഥലത്ത് തന്നെ പൊലീസ് നിൽക്കുന്നുണ്ടായിരുന്നു. അതുകൊണ്ട് പ്രതിയെ അവരെ ഏൽപ്പിക്കാൻ സാധിച്ചു’- പ്രദീപ് ട്വന്റിഫോറിനോട് പറഞ്ഞു.
നെടുമ്പാശേരി കുറ്റിപ്പുഴ സ്വദേശിയായ അൻപതുകാരനായ പ്രദീപ് കെ.കെ പതിനെട്ട് വർഷമായി കെഎസ്ആർടിസി ജീവനക്കാരനാണ്. സിപിഐഎം പറവൂർ കുന്നുകര ജെബിഎസ് ബ്രാഞ്ചിന്റെ സെക്രട്ടറിയും കെ എസ് ആർ ടി സി എംപ്ലോയീസ് യൂണിയൻ (സിഐടിയു) സംസ്ഥാന കമ്മിറ്റി അംഗവുമാണ് പ്രദീപ്. ഭാര്യയും ഒരു മകനുമടങ്ങുന്നതാണ് പ്രദീപിന്റെ കുടുംബം.
സോഷ്യൽ മീഡിയയിൽ നിന്ന് ലഭിക്കുന്ന അഭിനന്ദന പ്രവാഹത്തിൽ തനിക്കും കുടുംബത്തിനും സന്തോഷമുണ്ടെന്ന് പ്രദീപ് പറഞ്ഞു. ‘വൈറലാവാൻ വേണ്ടി ചെയ്തതല്ല ഇത്. ആ പെൺകുട്ടിയുടെ ഒപ്പം നിക്കണമല്ലോ എന്ന ഉത്തരവാദിത്തത്തിന്റെ പുറത്താണ് പ്രതിയെ പിടികൂടിയത്. സംഭവം വൈറലായതോടെ ബന്ധുക്കളും സഹപ്രവർത്തകരും സുഹൃത്തുക്കളുമെല്ലാം വിളിച്ച് അഭിനന്ദിച്ചു’- പ്രദീപ് പറഞ്ഞു.
ബസുകളിൽ പല പെൺകുട്ടികളും ഇത്തരം അതിക്രമങ്ങൾക്ക് ഇരകളാകാറുണ്ട്. എന്നാൽ ആരും പ്രതികരിക്കാതെ സഹിക്കുകയാണ് ചെയ്യാറെന്ന് പ്രദീപ് പറയുന്നു. പെൺകുട്ടികൾ മുന്നോട്ട് വന്ന് പ്രതികരിച്ചാൽ ഒപ്പം നിൽക്കാൻ ആളുകളുണ്ടാകുമെന്നും, അങ്ങനെ ചെയ്താൽ മാത്രമേ തങ്ങൾക്ക് നടപടിയെടുക്കാൻ സാധിക്കൂവെന്ന് പ്രദീപ് പറയുന്നു.
Story Highlights: ksrtc bus conductor pradeep who supported abuse victim
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here