പ്ലേ ഓഫ് ടിക്കറ്റ് ലക്ഷ്യമിട്ട് ചെന്നൈയും ലഖ്‌നൗവും; വഴിമുടക്കാൻ ഡൽഹിയും കൊൽക്കത്തയും

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് രണ്ട് മത്സരങ്ങൾ. ഡൽഹി ക്യാപിറ്റൽസും ചെന്നൈ സൂപ്പർ കിംഗ്‌സും തമ്മിലാണ് ആദ്യ മത്സരം. ഡൽഹിയുടെ ഹോം ഗ്രൗണ്ടായ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ വൈകിട്ട് 3.30 മുതലാണ് മത്സരം. രണ്ടാം മത്സരത്തിൽ ലഖ്‌നൗ സൂപ്പർജയന്റ്‌സ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും. കെകെആറിന്റെ സ്വന്തം തട്ടകമായ ഈഡൻ ഗാർഡൻസിൽ രാത്രി 7.30 മുതലാണ് ആവേശ പോര്. ചെന്നൈയ്ക്കും ലഖ്‌നൗവിനും പ്ലേ ഓഫ് യോഗ്യത നേടണമെങ്കിൽ ഇന്നത്തെ മത്സരം ജയിച്ചേ മതിയാകൂ.
15 പോയിന്റുള്ള ചെന്നൈ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. ഇന്ന് ജയിച്ചാൽ നേരിട്ട് പ്ലേ ഓഫിലെത്താം. നേരെമറിച്ച്, എംഎസ് ധോണിയുടെ ടീം തോറ്റാൽ പ്ലേ ഓഫിലെത്താൻ മറ്റ് ടീമുകളുടെ ഫലത്തെ ആശ്രയിക്കേണ്ടിവരും. മത്സരത്തിൽ ചെന്നൈയ്ക്കാണ് മുൻതൂക്കം, എന്നാൽ കഴിഞ്ഞ മത്സരങ്ങളിലെ ഡൽഹിയുടെ പ്രകടനം ഇന്നും തുടർന്നാൽ മത്സരം ആവേശകരമാകുമെന്നാണ് കരുതുന്നത്. ഡൽഹി നേരത്തെ തന്നെ പ്ലേ ഓഫ് കാണാതെ പുറത്തായതിനാല്‍ ഇന്ന് അവര്‍ക്ക് അഭിമാനം നിലനിര്‍ത്താനുള്ള പോരാട്ടം മാത്രമാണിത്.
അതേസമയം പ്ലേ ഓഫ് സീറ്റുറപ്പിക്കാന്‍ ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും. 13 മത്സരത്തില്‍ നിന്ന് ഏഴ് ജയവും ഒരു പോയിന്റ് പങ്കുവെക്കലും ഉള്‍പ്പെടെ 15 പോയിന്റോടെ ലഖ്‌നൗ മൂന്നാം സ്ഥാനത്താണ്. വലിയ മാര്‍ജിനില്‍ തോല്‍ക്കാതെ നോക്കിയാല്‍ പോലും ലഖ്‌നൗവിന് പ്ലേ ഓഫിലെത്താനാവും. മറുവശത്ത് കൊല്‍ക്കത്ത ജയിച്ചാലും പ്ലേ ഓഫ് സീറ്റിലേക്കെത്തുക പ്രയാസമായിരിക്കും. കെകെആര്‍ 13 മത്സരത്തില്‍ നിന്ന് 12 പോയിന്റോടെ ഏഴാം സ്ഥാനത്താണ്. ഇന്ന് വമ്പന്‍ ജയം നേടിയാലും കെകെആറിന് 14 പോയിന്റാണ് പരമാവധി ലഭിക്കുക.
Story Highlights: IPL Today: CSK vs DC LSG vs KKR
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here