കാസർഗോട്ടെ വിദ്യാർത്ഥികളുടെ മംഗളൂരുവിലേക്കുള്ള യാത്ര; കർണാടക ആർടിസി നൽകുന്ന ഇളവിന്റെ മൂന്നിലൊന്ന് പോലും നൽകാതെ കെഎസ്ആർടിസി

ദീർഘകാലത്തെ അഭ്യർത്ഥനകൾക്കൊടുവിൽ കാസർഗോട്ടെ വിദ്യാർത്ഥികൾക്ക് മംഗളൂരുവിലേക്ക് കെഎസ്ആർടിസി യാത്രാ ഇളവ് പ്രഖ്യാപിച്ചു. എന്നാൽ മലയാളി വിദ്യാർത്ഥികൾക്ക് കർണാടക ആർടിസി നൽകുന്ന ഇളവിന്റെ മൂന്നിലൊന്ന് പോലും കേരളം നൽകുന്നില്ല. വിദ്യാർത്ഥികളുടെ കണ്ണിൽ പൊടിയിടാനുള്ള നടപടിയെന്നാണ് ആക്ഷേപം. ( kasaragod mangalore ksrtc )
കാസർഗോഡ് ജില്ലയിലെ വിദ്യാർത്ഥികൾ ഉന്നതപഠനത്തിനായി ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന കേന്ദ്രം മംഗളൂരുവാണ്. ദിനംപ്രതി നൂറുകണക്കിന് വിദ്യാർഥികൾ മംഗളൂരുവിൽ പോയി വരുന്നുണ്ട്. കർണാടക RTC മലയാളി വിദ്യാർത്ഥികൾക്കായി ആറുമാസത്തേക്ക് സീസൺ പാസ് നൽകുന്നത് 1550 രൂപ നിരക്കിലാണ്. കേരളത്തിലെ KSRTC ആകട്ടെ ഒരു മാസത്തേക്ക് വിദ്യാർത്ഥികൾക്ക് സീസൺ പാസ് നൽകുന്നത് 2960 രൂപ നിരക്കിലാണ്.
വിദ്യാർത്ഥികൾക്ക് കർണാടക RTCയെ ആശ്രയിക്കാമെന്ന് കരുതിയാൽ അതിനും വഴിയില്ല. കാരണം സ്കൂൾ, കോളജ് സമയങ്ങളായ രാവിലെയും വൈകിട്ടും മംഗളൂരുവിലേക്കും മംഗളൂരുവിൽ നിന്ന് തിരിച്ച് കാസർകോട്ടേക്കും സർവീസ് നടത്തുന്നത് നമ്മുടെ KSRTCകൾ മാത്രമാണ്.
വിഷയത്തിൽ ഇതിനകം വിവിധ വിദ്യാർഥി സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിക്കഴിഞ്ഞു. യാത്രാനിരക്ക് പുനഃപരിശോധിച്ചില്ലെങ്കിൽ പ്രത്യക്ഷ സമരം ആരംഭിക്കാനാണ് വിദ്യാർത്ഥി സംഘടനകളുടെ തീരുമാനം.
Story Highlights: kasaragod mangalore ksrtc
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here