ഭാര്യയെ നോക്കി കണ്ണിറുക്കി കാണിച്ചത് ചോദ്യം ചെയ്തു; കോഴിക്കോട് യുവദമ്പതികൾക്ക് നേരെ ആക്രമണം; പ്രതികളെ തിരിച്ചറിഞ്ഞു; ഉടൻ അറസ്റ്റെന്ന് പൊലീസ്

കോഴിക്കോട് നഗരത്തിൽ യുവദമ്പതികൾക്ക് നേരെ ആക്രമണം. ബൈക്കിലെത്തിയ അഞ്ചംഗ സംഘം ഇരിങ്ങാടൻ പള്ളി സ്വദേശി അശ്വിനേയും ഭാര്യയേയും അസഭ്യം പറയുകയും മർദിക്കുകയുമായിരുന്നു. ദമ്പതികളുടെ പരാതിയിൽ നടക്കാവ് പൊലീസ് കേസെടുത്തു. പ്രതികളെ തിരിച്ചറിഞ്ഞതായും ഉടൻ അറസ്റ്റ് ചെയ്യുമെന്നും കോഴിക്കോട് ഡിസിപി വ്യക്തമാക്കി. ( kozhikode attack against couple )
ഇന്നലെ രാത്രി സിനിമ കണ്ടിറങ്ങിയ ബൈക്ക് യാത്രികരായ ദമ്പതികളെയാണ് അഞ്ചംഗ സംഘം ആക്രമിച്ചത്. ക്രിസ്ത്യൻ കോളജ് ട്രാഫിക് ജംഗ്ഷനിൽ വച്ച് രണ്ട് ബൈക്കുകളിലായി പിന്തുടർന്നെത്തിയ സംഘം, അശ്വിനേയും ഭാര്യയേയും ശല്യം ചെയ്യുകയും അസഭ്യം പറയുകയും ചെയ്തു . ഭാര്യയെ കണ്ണിറുക്കി കാണിച്ചത് ചോദ്യം ചെയ്തതോടെ, അഞ്ചംഗ സംഘത്തിലൊരാൾ അശ്വിനെ മർദ്ദിച്ചു. ഇതിനു പിന്നാലെ, ട്രാഫിക് പോലീസിൽ പരാതിയുമായി ചെന്നെങ്കിലും, നടക്കാവ് പൊലീസിനെ സമീപിക്കാൻ ആവശ്യപ്പെട്ടെന്ന് അശ്വിൻ പറയുന്നു. ബൈക്ക് നമ്പർ സഹിതമാണ് ഇവർ നടക്കാവ് പൊലീസിൽ പരാതി നൽകിയത്.
പ്രതികളെ തിരിച്ചറിഞ്ഞെന്നും ഉടൻ അറസ്റ്റിലേക്ക് കടക്കുമെന്നും കോഴിക്കോട് ഡിസിപി കെ ഇ ബൈജു വ്യക്തമാക്കി. സംഭവത്തിൽ വീഴ്ചയുണ്ടായെങ്കിൽ പരിശോധിക്കുമെന്നും ഡിസിപി.
പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു വരികയാണ്. സംഭവത്തിൽ ഇരുവരുടേയും വിശദമൊഴി നടക്കാവ് പൊലീസ് രേഖപ്പെടുത്തി.
Story Highlights: kozhikode attack against couple
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here