മെഡിക്കൽ വിദ്യാർത്ഥിക്ക് നേരെ ലൈംഗിക അതിക്രമം; ട്രെയിനിൽ നിന്ന് ഇറങ്ങിയോടിയ തൃശൂർ സ്വദേശി പിടിയിൽ

ചെന്നൈ – മംഗളൂരു എക്സ്പ്രസ് ട്രെയിനിൽ മെഡിക്കൽ വിദ്യാർത്ഥിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. കാഞ്ഞങ്ങാട് കോട്ടച്ചേരിയിൽ നിന്നാണ് തൃശൂർ സ്വദേശി സനീഷിനെ പൊലീസ് പിടികൂടിയത്. വിദ്യാർത്ഥിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ ഇയാൾ നീലേശ്വരം റെയിൽവേ സ്റ്റേഷനിലിറങ്ങി രക്ഷപ്പെടുകയായിരുന്നു.
ട്രെയിൻ നീലേശ്വരത്ത് എത്തിയപ്പോൾ പെൺകുട്ടി ബഹളം വെയ്ക്കുകയും പ്രതി ട്രെയിനിൽ നിന്ന് ഇറങ്ങിയോടുകയുമായിരുന്നു. വിദ്യാർത്ഥിനിയുടെ പരാതിയിൽ കാസർഗോഡ് റെയിൽവേ പൊലീസാണ് കേസെടുത്ത് അന്വേഷണം നടത്തി മണിക്കൂറുകൾക്കകം പ്രതിയെ കുടുക്കിയത്.
യാത്രക്കിടയിൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ ദിനംപ്രതി വർധിച്ചുവരുകയാണ്. ഏതാനും ദിവസം മുമ്പ് കെഎസ്ആർടിസി ബസിൽ നഗ്നതാപ്രദർശനം നടത്തിയ യുവാവിനെ കണ്ടക്ടറും ഡ്രൈവറും ഓടിച്ചിട്ട് പിടികൂടിയിരുന്നു. കോഴിക്കോട് സ്വദേശി സവാദിനെതിരെ നെടുമ്പാശേരി പൊലീസ് ആണ് കേസെടുത്തത്. ഇയാളിപ്പോൾ റിമാൻഡിലാണ്. എറണാകുളം അങ്കമാലിയിൽ വച്ചാണ് നഗ്നതാപ്രദർശനം നടത്തിയ സവാദിനെ അടുത്തിരുന്ന യാത്രക്കാരി ബഹളം വെച്ചതിനെ തുടർന്ന് ബസ് ജീവനക്കാർ ഓടിച്ചിട്ട് പിടിച്ചത്.
Story Highlights: Medical student sexually assaulted in train; Accused in custody
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here