ലഹരി ഉപയോഗിച്ച് നടുറോഡിൽ പരാക്രമം കാട്ടി യുവാവ്; മലപ്പുറം പുലാമന്തോൾ നഗരത്തെ മുൾമുനയിൽ നിർത്തിയത് ഒരു മണിക്കൂറോളം
ലഹരി ഉപയോഗിച്ച് നടു റോഡിൽ പരാക്രമം കാണിച്ച യുവാവിനെതിരെ പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം മലപ്പുറം പുലാമന്തോൾ ടൗണിലാണ് ഒരു മണിക്കൂറോളം ജനങ്ങളെ മുൾമുനയിൽ നിർത്തി യുവാവ് പരാക്രമം കാണിച്ചത്. മേലെ പട്ടാമ്പി സ്വദേശി നൗഫലിനെതിരെ പെരിന്തൽമണ്ണ പൊലീസ് കേസ് എടുത്തു.
യുവാവിന്റെ പരാക്രമം കണ്ട ആളുകൾക്ക് ആദ്യം കാര്യം മനസ്സിലായിരുന്നില്ല. പക്ഷെ നൗഫൽ ലഹരി തലക്ക് പിടിച്ചു എന്തും ചെയ്യാമെന്ന അവസ്ഥയിൽ ആയിരുന്നു. ആദ്യം ഇയാൾ കയറിയത് ബേക്കറിയിൽ ഷവർമ വാങ്ങാനായിരുന്നു. ഇവിടുത്തെ പ്ളേറ്റ് തല്ലി പൊട്ടിച്ചുകൊണ്ടാണ് പരാക്രമം തുടങ്ങിയത്. പുലാമന്തോൾ നഗരത്തെ ഒരു മണിക്കൂറോളം ഇയാൾ മുൾമുനയിൽ നിർത്തുകയായിരുന്നു.
Read Also: സ്കൂൾ തുറക്കൽ; ലഹരി മാഫിയയെ അകറ്റി നിർത്താൻ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി
റോഡിലൂടെ പായുന്ന വാഹനത്തിൽ നൗഫൽ ഓടിക്കയറാനും ശ്രമിച്ചു. തടയാൻ ശ്രമിച്ച നാട്ടുകാർക്ക് നേരെ ആക്രോശിച്ചു കൊണ്ട് പാഞ്ഞടുക്കുകയായിരുന്നു ഇയാൾ. കാഴ്ച്ചക്കാർ കൂടുന്തോറും ഇയാളുടെ പരാക്രമവും വർധിച്ചു. ഏറെ പണിപ്പെട്ട് കൈ കാലുകൾ ബന്ധിച്ചാണ് നാട്ടുകാർ ചേർന്ന് ഇയാളെ കീഴ്പെടുത്തിയത്.
വിവരമറിഞ്ഞു പെരിന്തൽമണ്ണയിൽ നിന്നെത്തിയ പൊലീസ് സംഘവും യുവാവിനെ വാഹനത്തിൽ കയറ്റാൻ പാട് പെട്ടു. ഒടുവിൽ നാട്ടുകാരുടെ സഹായത്തോടെയാണ് വാഹനത്തിൽ കയറ്റി പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്. പൊതു സ്ഥലത്ത് ബഹളം വെച്ചതിന് നൗഫലിനെതിരെ പെരിന്തൽമണ്ണ പൊലീസ് കേസെടുത്തു.
Story Highlights: young Man Turns Violent using drugs malappuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here