മന്ത്രി മുഹമ്മദ് റിയാസിന്റെ ഇടപെടൽ ഫലം കണ്ടു; 5 വർഷമായി വീടിന് മുന്നിൽ കിടന്ന മണ്ണുമാന്തി യന്ത്രം മാറ്റിയതിന്റെ ആശ്വാസത്തിൽ സഹോദരങ്ങൾ

അഞ്ച് വർഷമായി വീടിന് മുന്നിൽ കിടന്ന മണ്ണുമാന്തി യന്ത്രം മാറ്റി കിട്ടിയതിന്റെ ആശ്വാസത്തിലാണ് കോഴിക്കോട് കച്ചേരി പറമ്പത്ത് സ്വദേശികളായ സഹോദരങ്ങൾ. സ്വന്തം ഭൂമിയിൽ കെട്ടിടം പണിയാൻ അനുമതി ലഭിച്ചെങ്കിലും പൊലീസും റവന്യൂ വകുപ്പും പിടികൂടി ഇട്ടിരിക്കുന്ന ജെ സി ബി പ്രതിസന്ധി സൃഷ്ടിച്ചു. ഒടുവിൽ കൊയിലാണ്ടിയിൽ നടന്ന അദാലത്തിൽ മന്ത്രി മുഹമ്മദ് റിയാസിന്റെ ഇടപെടലാണ് ആശ്വാസമായത്. ( Minister Muhammed Riyas intervenes to remove bulldozer before house ).
നമ്മുടെ നാടിന് വേണ്ടത് ഇതുപോലുള്ള മന്ത്രിമാരാണെന്ന് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ കൈപിടിച്ച് പറയുമ്പോൾ സഹോദരങ്ങളായ അബ്ദുല്ലയുടെയും അമ്മദിന്റെയും കണ്ഠമിടറുന്നുണ്ടായിരുന്നു. അതിനൊരു കാരണമുണ്ട്. 2018 ൽ റവന്യൂ ഉദ്യോഗസ്ഥരും പോലീസും ചേർന്ന് പിടിച്ചെടുത്ത ജെസിബി അമ്മദിന്റെ വീടിനു മുന്നിലിട്ടു.
സ്ഥലത്ത് കെട്ടിടം പണിയാനായി അനുമതി ലഭിച്ചതോടെ ജെസിബി നീക്കണമെന്ന ആവശ്യവുമായി അമ്മദ് പോലീസിനെയും റവന്യൂ ഉദ്യോഗസ്ഥരെയും സമീപിച്ചു. അഞ്ച് വർഷത്തോളം സർക്കാർ ഓഫീസുകൾ കയറിയിറങ്ങി. ഒടുവിൽ ജെസിബി മാറ്റാൻ കളക്ടർ ഉത്തരവിട്ടെങ്കിലും ഫണ്ടില്ലെന്ന ന്യായം പറഞ്ഞ് വിണ്ടും കാലതാമസം. അങ്ങനെയാണ് കൊയിലാണ്ടിയിൽ നടക്കുന്ന അദാലത്തിൽ പൊതുമരാമത്ത് മന്ത്രിയെ കണ്ട് പരാതി അവതരിപ്പിച്ചത്. മന്ത്രിയുടെ ഇടപെടലിൽ ഉടൻ നടപടി. മണ്ണ് മാന്തി യന്ത്രം മാറി കിട്ടിയതോടെ കെട്ടിട നിർമ്മാണം ആരംഭിക്കാനൊരുങ്ങുകയാണ് അബ്ദുല്ലയും അമ്മദും.
Story Highlights: Minister Muhammed Riyas intervenes to remove bulldozer before house
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here