കൂടുതല്‍ വിവാഹ മോചനങ്ങളും ഉണ്ടാകുന്നത് പ്രണയ വിവാഹങ്ങളിലോ?

വിവാഹമോചനങ്ങൾ അധികവും ഉണ്ടാകുന്നത് പ്രണയ വിവാഹങ്ങളിൽ നിന്നാണെന്ന് അടുത്തിടെ സുപ്രീംകോടതി ജസ്റ്റിസ് ബി ആർ ഗവായ് ഒരു പരാമർശം നടത്തിയിരുന്നു. പ്രണയവിവാഹവും, വിവാഹമോചനവും , ഇന്നും നാണക്കേടായി കാണുന്ന രാജ്യമാണ് ഇന്ത്യ. വിവാഹത്തിലെപ്രശ്നങ്ങൾ പരിഹരിക്കാനുള്ള അനുയോജ്യമായ മാർഗം വിവാഹമോചനമല്ല എന്ന വിശ്വാസം ഇന്ത്യയിൽ ഭൂരിപക്ഷംപേരും പിന്തുടരുന്നു.
ഇന്ത്യയിൽ അടുത്ത കാലത്തായി വിവാഹമോചനത്തിന്റെ നിരക്ക് അതിവേഗമാണ് വർധിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ മറ്റ് പല രാജ്യങ്ങളെയും അപേക്ഷിച്ച് ഇന്ത്യയിൽ അവ വളരെ കുറവാണ്. യാഥാസ്ഥിതികരായ ചിലർ കരുതുന്നതുപോലെ വിവാഹമോചനങ്ങൾ കുറയുന്നത് നല്ല ലക്ഷണമല്ല എന്നതാണ് സത്യം. അസന്തുഷ്ടമായ ബന്ധം ഉപേക്ഷിക്കുന്നത് സ്ത്രീകളെ സംബന്ധിച്ച് എത്ര ബുദ്ധിമുട്ടാണ് എന്നതിന്റെ ഒരു ഉദാഹരണം മാത്രമാണ്. മനുഷ്യ ജീവിതം എത്രത്തോളം നിസ്സാരമാണെന്ന് മനസ്സിലാക്കാൻ കൊവിഡ് കാരണമായിട്ടുണ്ട്. പല ദമ്പതികളും ഈ കാലയളവിൽ വേർപിരിയാനുള്ള തീരുമാനമെടുത്തു. പുരുഷനെ സംബന്ധിച്ച് ഭാര്യയെ ഉപേക്ഷിക്കാനും രണ്ടാമതൊരു കുടുംബം ഉണ്ടാക്കാനും ബുദ്ധിമുട്ടില്ല, എന്നാൽ സ്ത്രീയെ സംബന്ധിച്ച് അങ്ങനെ ചെയ്യുന്നത് അസാധ്യമായ കാര്യമാണെന്നാണ് സമൂഹം പഠിപ്പിക്കുന്നത്.
നമ്മുടെ സാമൂഹിക പശ്ചാത്തലത്തിൽ പുരുഷാധിപത്യ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഒരു നല്ല ഭാര്യയും അമ്മയും ആയിരിക്കുക എന്നതാണ് സ്ത്രീകളുടെ പ്രഥമ ഉത്തരവാദിത്വം എന്ന് വിശ്വസിക്കാൻ കുട്ടിക്കാലം മുതൽ സ്ത്രീകൾ ശീലിച്ചുവരുന്നു.ബലാത്സംഗം,അക്രമം, ഗാർഹിക പീഡനം തുടങ്ങി സ്ത്രീധനത്തിനുവേണ്ടിയുള്ള സമ്മർദ്ദം എന്നിങ്ങനെ വിവിധ സാഹചര്യങ്ങളെ നേരിട്ടുകൊണ്ടാണ് ഇന്ത്യയിൽ സ്ത്രീകൾ കുടുംബജീവിതം നയിക്കുന്നത്.
ഇന്ത്യയിലെ ബഹുഭൂരിപക്ഷം വിവാഹങ്ങളും ജാതിമത സമവാക്യങ്ങൾ പാലിച്ചാണെന്നത് ശരിയാണ്. വിവാഹം ജാതിയിലേക്കുള്ള കവാടമാണെന്ന് ഡോ.ബി.ആർ.അംബേദ്കർ പറഞ്ഞിട്ടുണ്ട്. ഒരു സമൂഹമെന്ന നിലയിൽ, അതിന്റെ പരിമിതികൾക്കുള്ളിൽ വിവാഹങ്ങൾ നടത്തി ജാതി വ്യവസ്ഥയെ നാം ഇപ്പോഴും നിലനിർത്തുന്നു.ഈ വിവാഹങ്ങളിൽ വിവാഹമോചനത്തിന്റെ നിരക്ക് കുറവാണെങ്കിൽ അതിന്റെ കാരണം അതിരുകളില്ലാത്ത സന്തോഷം അത്തരം ബന്ധങ്ങളിൽ ഉണ്ടെന്നല്ല സാമൂഹിക സ്വീകാര്യത ഇല്ലാത്തതിന്റെ പേരിൽ സ്ത്രീകൾക്ക് അത്തരം ബന്ധങ്ങൾ ഉപേക്ഷിക്കുന്നത് മിക്കവാറും അസാധ്യമാണ് എന്ന വസ്തുത കാരണമാണ്. വിവാഹങ്ങൾ ഉപേക്ഷിക്കാൻ സ്ത്രീകൾക്ക് പലപ്പോഴും സ്വന്തം മാതാപിതാക്കളുടെ പിന്തുണകിട്ടാറില്ല.
ഇന്ത്യയിൽ സ്ത്രീധനം നിയമവിരുദ്ധമാണെങ്കിലും,അത് ഇപ്പോഴും ആവശ്യപ്പെടുകയും നൽകുകയും ചെയ്യുന്നുണ്ട്. വിവാഹം കഴിയുന്നതോടെ ഒരുയുവതി ഭർതൃകുടുംബത്തിന് ശമ്പളമില്ലാത്ത വീട്ടുജോലിക്കാരിയായും പരിചാരകയായും മാറുന്നു. ഒരിക്കലും ഇത്തരം സ്ത്രീകൾക്ക് ലൈംഗികതയോട് നോ പറയാനാവില്ല, അവരല്ലാതെ ആരാണ് കുട്ടികളെ പ്രസവിക്കുക, അടുത്ത തലമുറയെ സൃഷ്ടിക്കാൻ സ്ത്രീകളുടെ സേവനം അത്യാവശ്യമാണെന്നാണ് സമൂഹം ഇപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നത് . ഇപ്പോഴും ആയിരക്കണക്കിന് ഇന്ത്യൻ സ്ത്രീകൾ സ്ത്രീധനവുമായി ബന്ധപ്പെട്ട പീഡനങ്ങൾ കാരണം ഓരോ വർഷവുംമരിക്കുന്നു.നമ്മുടെ രാജ്യത്തെ വിവാഹിതരായ യുവതികൾക്കിടയിൽ ആത്മഹത്യയും മാനസികാരോഗ്യ പ്രശ്‌നങ്ങളും കൂടി വരുന്നു. ഈ യാഥാർത്ഥ്യങ്ങളുടെ പശ്ചാത്തലത്തിൽ പരിശോധിക്കുമ്പോൾ വിവാഹമോചനങ്ങൾ ഒരു സാമൂഹിക പ്രശ്നമാണ്.
വിവാഹമോചനത്തിനുള്ള അവകാശം ഉൾപ്പെടുന്ന ഒരു ഏകീകൃത സിവിൽ കോഡ് രൂപീകരിക്കാൻ അംബേദ്കറെപ്പോലെ ഒരു ദീർഘദർശി കാര്യക്ഷമമായി പരിശ്രമിച്ചു. ഭരണഘടന നിലവിൽ വരുന്നത് വരെ ഇന്ത്യയിൽ ഹിന്ദു സ്ത്രീകൾക്ക് വിവാഹമോചനത്തിനുള്ള അവകാശം പോലും നിയമപരമായി ഉണ്ടായിരുന്നില്ല. വിവാഹമോചന നിയമം ഇപ്പോഴും പരമ്പരാഗത ചിന്താഗതികളെ അടിസ്ഥാനമാക്കിയുള്ളതാണ്, ഭർത്താവ് തന്റെ പ്രതിമാസ വരുമാനത്തിന്റെ ഇരുപത്തിയഞ്ച് ശതമാനത്തിൽ കൂടുതൽ വിവാഹമോചിതയായ ഭാര്യക്ക് നൽകണമെന്നു വ്യവസ്ഥ ചെയ്യുന്നു.
സ്ത്രീകൾ വിദ്യാഭ്യാസം നേടി തൊഴിൽ സമ്പാദിച്ചവളാണെങ്കിലും ഈ നിയമം പൊതുവിൽ ബാധകമാണ്. വിവാഹവാർഷികങ്ങൾ ആഘോഷിക്കുന്നത് പോലെതന്നെ വിവാഹ മോചനങ്ങൾ കൂടി ചർച്ച ചെയ്യേണ്ടതാണ്. രണ്ട് പങ്കാളികൾക്കും അവരുടെ ആഗ്രഹങ്ങൾ നിറവേറ്റാനും സംതൃപ്തമായ ജീവിതം നയിക്കാനും അനുവദിക്കുന്ന സന്തോഷകരമായ പങ്കാളിത്തമാണ് വിവാഹം കൊണ്ട് ഉദ്ദേശിക്കുന്നത്. സാമൂഹികവും നിയമപരവുമായ, കരാർ മാത്രമായ വിവാഹങ്ങൾ പലപ്പോഴും സ്വത്ത് സംബന്ധമായ കാരണം കൊണ്ട് ഉണ്ടാകുന്ന ബന്ധങ്ങൾ ആണ്.
Read Also: വിവാഹമോചനം കൂടുതലും പ്രണയ വിവാഹങ്ങളിൽ; സുപ്രിംകോടതി
രണ്ടുപേരെയും തുല്യരായി പരിഗണിക്കുന്ന ഒരു പുതുക്കിയ നിയമം നമുക്ക് സമീപഭാവിയിൽ ആവശ്യമായി വരും. ബന്ധം തുടർന്നുപോകാൻ പറ്റാത്ത വിധം ദുസ്സഹമാകുന്ന സാഹചര്യം ഉണ്ടായാൽ ബോധപൂർവമായ വേർപിരിയലിലൂടെ ജീവിതം മെച്ചപ്പെടുത്താൻ സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ സാധിക്കണം.
Story Highlights: Are Divorces Higher in ‘Love Marriages’? True or Not
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here