‘കടുവയെ വെടിവച്ചു കൊല്ലാൻ ഉത്തരവിടണം, നിരീക്ഷണം നടത്തിയിട്ട് പ്രയോജനമില്ല’; റാന്നി എംഎൽഎ പ്രമോദ് നാരായൺ

കടുവയെ വെടിവച്ചു കൊല്ലാൻ ഉത്തരവിടണമെന്ന് റാന്നി എംഎൽഎ പ്രമോദ് നാരായൺ. പെരുനാട് വടശേരിക്കര മേഖലയിൽ തുടർച്ചയായി കടുവയുടെ ആക്രമണം ഉണ്ടാകുന്നു, നിരീക്ഷണം നടത്തിയിട്ട് പ്രയോജനമില്ല. വെടിവച്ചു കൊല്ലാൻ വേണ്ട ഉത്തരവിനായി നടപടി തുടങ്ങണമെന്നും അദ്ദേഹം പ്രതികരിച്ചു.
പത്തനംതിട്ട പെരുനാട് മേഖലയിൽ കടുവ ആക്രമണം രൂക്ഷമാകുകയാണ്. വ്യാഴാഴ്ച രണ്ടുപേർ കടുവയുടെ മുന്നിൽനിന്ന് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. വ്യാഴാഴ്ചതന്നെ കുമ്പളത്താമണ്ണ് മണപ്പാട്ട് രാമചന്ദ്രൻ നായരുടെ വീട്ടിലെ ആട്ടിൻകൂട് പൊളിച്ച് ആടിനെ കടുവ കൊന്നുതിന്നു.
കിഴക്കൻമേഖലയിൽ പശു, ആട് തുടങ്ങിയ വളർത്തുമൃഗങ്ങളെ കടുവ ദിനംപ്രതി കൊല്ലുകയാണ്. കടുവയുടെ സാന്നിധ്യം കണ്ടെത്തിയ പ്രദേശങ്ങളിലെ നാട്ടുകാർ ഭീതിയിലാണ്. മൂന്നു പശുക്കളെ പല ദിവസങ്ങളിലായി കൊന്നിരുന്നു. അതിനെ തുടർന്ന് ഇവിടെ കൂട് സ്ഥാപിച്ചു.
കഴിഞ്ഞ ദിവസം ആട്ടിൻകുട്ടിയെ കടുവ പിടിച്ച സ്ഥലത്തിനു സമീപം വടശ്ശേരിക്കര ബൗണ്ടറിയിലും കടുവയെ പിടികൂടാൻ കൂട് വെച്ചു. കൂട്ടിൽ ഇരയായി ആടിനെയും കെട്ടിയിട്ടുണ്ട്. പെരുനാട്ടിൽ കണ്ട കടുവ തന്നെയാണു ബൗണ്ടറിയിലും സമീപത്തും എത്തിയതെന്ന നിഗമനത്തിലാണു വനം വകുപ്പ്. കുമ്പളാത്തമൺ ഭാഗത്ത് മണപ്പാട്ട് വീട്ടിൽ രാമചന്ദ്രൻ നായരുടെ ആട്ടിൻകൂട് പൊളിച്ച് ഗർഭിണിയായ ആടിനെ കൊന്ന ശേഷം ദൂരെക്ക് വലിച്ചുകൊണ്ടിട്ട നിലയിലാണ്. ഇവിടെ കടുവയുടെ കാൽപാടുകൾ കണ്ടെത്തിയിട്ടുണ്ട്.
Story Highlights: Should be Order to kill tiger, Pathanamthitta MLA Pramod Narayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here