Advertisement

‘ഒരു വർഷം മുമ്പ് ഞങ്ങൾ പരസ്പരം തോൽപ്പിക്കുവാൻ പോരാടി, ഇന്ന് ഒരുമിച്ച് ജയിക്കാൻ പോരാടി’; ഡോ. ജോ ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റ്

May 27, 2023
Google News 3 minutes Read
dr jo josepg fb post about francis manjooran treatment

ഹൃദ്രോഗത്തെ തുടർന്ന് തന്റെ പക്കൽ ചികിത്സയ്‌ക്കെത്തിയ കോൺഗ്രസ് പ്രവർത്തകനുമൊത്തുള്ള അപൂർവ സൗഹൃദത്തിന്റെ കഥ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ച് തൃക്കാക്കര മുൻ എൽഡിഎഫ് സ്ഥാനാർത്ഥി ഡോ.ജോ ജോസഫ്. ഉപതെരഞ്ഞെടുപ്പിൽ തന്നെ തോൽപ്പിക്കാൻ വൈറ്റിലയിലെ വീടുകളിലെല്ലാം പ്രചാരണം നടത്തിയ ഫ്രാൻസിസ് മാഞ്ഞൂരാനായിരുന്നു ഡോ.ജോ ജോസഫിന്റെ രോഗി. തന്നെ തോൽപ്പിക്കാൻ കാണിച്ച അതേ വീര്യത്തോടെ രോഗത്തേയും തോൽപ്പിക്കണമെന്ന ഡോക്ടറുടെ രസകരമായ ഉപദേശത്തിന് കൈയ്യടിക്കുകയാണ് സോഷ്യൽ മീഡിയ. ഇന്ന് രോഗമുക്തനായി ജീവിതത്തിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് ഫ്രാൻസിസ് മാഞ്ഞൂരാൻ. ( dr jo josepg fb post about francis manjooran treatment )

മറ്റൊരു റിയൽ കേരളാ സ്‌റ്റോറി എന്ന തലക്കെട്ടോടെയാണ് ഡോ.ജോ ജോസഫ് ഫേസ്ബുക്ക് പോസ്റ്റിട്ടിരിക്കുന്നത്. പോസ്റ്റിന് ഇതിനോടകം ആയിരക്കണക്കിന് ലൈക്കുകളാണ് ലഭിച്ചിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം :

മറ്റൊരു ‘Real Kerala Story’
രണ്ടാഴ്ചത്തോളം നീണ്ടുനിന്ന പോരാട്ടത്തിനുശേഷം ഇസ്തിരിയിട്ട ഖദറുമായി ഫ്രാൻസിസ് മാഞ്ഞൂരാൻ ഇന്ന് ആശുപത്രി വിട്ടു. വൈറ്റിലയിലെ പ്രശസ്തമായ മാഞ്ഞുരാൻ കുടുംബത്തിലെ അംഗമാണ് ഇദ്ദേഹം. 12 അംഗങ്ങളുള്ള കുടുംബത്തിലെ മൂത്തയാൾ അല്ലെങ്കിലും കാർന്നവർ സ്ഥാനം ഉള്ള ആൾ. കറകളഞ്ഞ കോൺഗ്രസ് പ്രവർത്തകൻ. അതി വിപുലമായ സൗഹൃദ വലയം. അതിനേക്കാൾ ഏറെ പൊതുജനങ്ങളുമായിട്ടുള്ള ബന്ധം. തൃക്കാക്കര മണ്ഡലത്തിലെ കോൺഗ്രസിന്റെ ശക്തി ദുർഘമായ വൈറ്റിലയിലെ കോൺഗ്രസിന്റെ ജനകീയ മുഖം. കോൺഗ്രസിനെ ജീവിതസഖിയായി സ്വീകരിച്ചതിനാൽ വിവാഹം കഴിച്ചിട്ടേയില്ല.ഔദ്യോഗിക പദവികൾ ഒന്നും അലങ്കരിച്ചിട്ടില്ലെങ്കിലും ജനകീയൻ.
രണ്ടാഴ്ച മുമ്പൊരു രാത്രിയിലാണ് ഡോ. ജോസ് ചാക്കോ പെരിയപുറത്തിന്റെ ഫോൺ എനിക്ക് വരുന്നത്. ഫ്രാൻസിസിനെ ഹാർട്ടറ്റാക്കുമായി ആശുപത്രിയിൽ കൊണ്ടുവരുന്നുണ്ട് എന്നാണ് വാർത്ത. നെഞ്ചുവേദന ഉച്ചക്ക് മൂന്നു മണിക്ക് തുടങ്ങിയതാണെങ്കിലും ഫ്രാൻസിസ് ആശുപത്രിയിലേക്ക് എത്തിയത് ഏകദേശം 6 മണിക്കൂറിനു ശേഷമാണ്. രാത്രിയിൽ തന്നെ ഞാൻ ആൻജിയോപ്ലാസ്റ്റി ചെയ്തു. വേദന തുടങ്ങി വളരെയേറെ താമസിച്ചു പോയതിനാൽ ഹൃദയത്തിന്റെ രക്തധനമികൾ തുറന്നെങ്കിലും ഹൃദയത്തിന്റെ പ്രവർത്തനങ്ങൾ തീരെ മോശമായ അവസ്ഥയിൽ ആയിരുന്നു.
പിന്നീട് ഒരു പോരാട്ടമായിരുന്നു. ജീവനും മരണത്തിനും ഇടയിലുള്ള ഒരു നേർത്ത നൂൽപ്പാലത്തിലൂടെയായിരുന്നു ഞാനും ഫ്രാൻസിസും സഞ്ചരിച്ചത്. ആരോഗ്യ നില മോശമായി വന്നപ്പോൾ ഫ്രാൻസിസ് തളരുന്നതായി എനിക്ക് തോന്നി. ഞാൻ പറഞ്ഞു ‘പ്രിയ സുഹൃത്തെ പോരാടുക. കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിൽ എന്നെ തോൽപ്പിക്കുവാനായി നിങ്ങൾ എത്ര വാശിയോടുകൂടി പൊരുതിയോ അത്രയും വാശിയോടു കൂടി രോഗത്തെ തോൽപ്പിക്കാനായി പൊരുതുക’
എന്റെ വാക്കുകൾ ഫ്രാൻസിസ് ശിരസ്സാവഹിച്ചു. പോരാടി .ഓരോ ദിവസവും പുരോഗതി ഉണ്ടായി.
15 ദിവസത്തെ ജീവന്മരണപോരാട്ടത്തിനുശേഷം ഫ്രാൻസിസിനെ ഞാൻ ഇന്ന് ഡിസ്ചാർജ് ചെയ്തപ്പോൾ അദ്ദേഹം എന്നെ പറ്റി സോഷ്യൽ മീഡിയയിൽ കുറിച്ച വാക്കുകൾ എനിക്ക് അയച്ചുതന്നു. എന്റെ പ്രൊഫഷണൽ ജീവിതത്തിൽ എനിക്ക് കിട്ടിയ ഏറ്റവും വലിയ ബഹുമതിയായി ഞാൻ ഇതിനെ കാണുന്നു.
‘ഡോക്ടർ ജോ ജോസഫിനെ കഴിഞ്ഞ നിയമസഭ ഉപതെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തുവാൻ വൈറ്റിലയിലെ സകല വീടുകളിലും കയറിയിറങ്ങി ശക്തമായ പ്രചരണം നടത്തി, എന്നാൽ അതീവ ഗുരുതരമായ രോഗാവസ്ഥയിൽ എന്റെ ജീവൻ രക്ഷിക്കുന്നതിനു വേണ്ടി ഡോക്ടർ ജോ ജോസഫ് തന്റെ സകല കഴിവും അറിവും പരിചയസമ്പന്നതയും ഉപയോഗിക്കുകയും അതിലുപരി സ്‌നേഹവും ധൈര്യവും തന്ന് എന്നെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവന്നു, ഇനി എന്റെ ശിഷ്ടജീവിതം ഡോക്ടർ ജോ ജോസഫിനോട് എന്നും കടപ്പെട്ടവനായിരിക്കും
എന്ന്
ഫ്രാൻസിസ് മാഞ്ഞുരാൻ വൈറ്റില’
എന്റെ കടുത്ത രാഷ്ട്രീയ എതിരാളിയായിരുന്നു ഫ്രാൻസിസ്. എന്റെ പ്രത്യയശാസ്ത്രവും ഫ്രാൻസിസിന്റെ പ്രത്യയശാസ്ത്രവും രണ്ടു വിരുദ്ധ ധ്രുവങ്ങളിലായിരുന്നു. ഒരു വർഷം മുമ്പ് ഞങ്ങൾ പരസ്പരം തോൽപ്പിക്കുവാൻ പോരാടി. ഇപ്രാവശ്യം ഒരുമിച്ച് ജയിക്കാൻ പോരാടി. ഉപതെരഞ്ഞെടുപ്പിൽ ഫ്രാൻസിസ് എന്നെ തോൽപ്പിച്ചു. ഇപ്രാവശ്യം ഞങ്ങൾ ഒരുമിച്ച് ജയിച്ചു.

Story Highlights: dr jo josepg fb post about francis manjooran treatment

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here