Advertisement

ഇടമലക്കുടി കുടുംബാരോഗ്യ കേന്ദ്രം നാടിന് സമര്‍പ്പിച്ച് ആരോഗ്യമന്ത്രി; ഇടമലക്കുടിക്കാരുടെ സ്വപ്‌നങ്ങള്‍ ഒന്നൊന്നായി സര്‍ക്കാര്‍ നിറവേറ്റുന്നുവെന്ന് വീണാ ജോര്‍ജ്; യാത്രാനുഭവങ്ങള്‍ വിവരിച്ച് കുറിപ്പ്

May 27, 2023
Google News 2 minutes Read
Minister Veena George edamalakkudy health centre inauguration

കേരളത്തിലെ ഏക ഗോത്ര വര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയില്‍ കുടുംബാരോഗ്യ കേന്ദ്രം ഉദ്ഘാടനം ചെയ്ത് ആരോഗ്യ, ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 16 സ്ഥിരം തസ്തികകള്‍ സൃഷ്ടിച്ചുകൊണ്ടാണ് ഇടമലക്കുടിയില്‍ കുടുംബാരോഗ്യ കേന്ദ്രവും ചട്ടമൂന്നാറില്‍ പ്രാഥമികാരോഗ്യ കേന്ദ്രവും സ്ഥാപിച്ചത്. ഒപി വിഭാഗം, മൈനര്‍ ഓപ്പറേഷന്‍ തീയറ്റര്‍, ഫാര്‍മസി, ഡോക്ടേഴ്‌സ് റും, കാത്തിരിപ്പ് കേന്ദ്രം, ഓഫിസ് മുറി, ശുചിമുറി തുടങ്ങി എല്ലാവിധ സൗകര്യങ്ങളും കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഒരുക്കിയിട്ടുണ്ടെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. (Minister Veena George edamalakkudy health centre inauguration)

ഇടമലക്കുടി സൊസൈറ്റിക്കുടിയിലാണ് ഉദ്ഘാടന ചടങ്ങുകള്‍ നടന്നത്. ആശുപത്രിയിലെത്തിയ ഇടമലക്കുടി നിവാസികളുമായി മന്ത്രി വീണാ ജോര്‍ജ് വിശദമായി സംസാരിക്കുകയും അവരുടെ ആവശ്യങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു. ഇടമലക്കുടിക്കാരുടെ സ്വപ്‌നങ്ങളും ആഗ്രഹങ്ങളും സര്‍ക്കാര്‍ ഒന്നൊന്നായി നിറവേറ്റുകയാണെന്നും ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ ഇടമലക്കുടിക്ക് പ്രത്യേക പ്രൊജക്ടിലൂടെ വൈദ്യുതി എത്തിക്കാനായെന്നും ഇപ്പോള്‍ ആരോഗ്യ കേന്ദ്രമെന്ന സ്വപ്‌നവും സാക്ഷാത്കരിക്കാന്‍ സാധിച്ചെന്നും മന്ത്രി പറഞ്ഞു.

ഇടമലക്കുടിയിലേക്കുള്ള യാത്രയെക്കുറിച്ചും കുടുംബാരോഗ്യ കേന്ദ്രത്തെക്കുറിച്ചും വിവരിച്ച് മന്ത്രി വീണാ ജോര്‍ജ് ഫേസ്ബുക്കിലെഴുതിയ കുറിപ്പ് വായിക്കാം:

കേള്‍ക്കുകയും പ്രസംഗിക്കുകയും ചെയ്ത ‘ഇടമലക്കുടി’! കേരളത്തിലെ ഏക ഗോത്ര വര്‍ഗ പഞ്ചായത്ത്. മുതുവാന്‍ ഗോത്ര വിഭാഗത്തിലെ ജനങ്ങള്‍ താമസിക്കുന്ന 26 കുടികളുള്ള ഇടമലക്കുടി. അവിടെ ഒരു ആരോഗ്യകേന്ദ്രം യാഥാര്‍ഥ്യമാകണമെന്നത് സര്‍ക്കാരിന്റെ തുടക്കത്തിലേ ഒരു ലക്ഷ്യമായി ഏറ്റെടുത്തു. അത് സാധ്യമാകണമെങ്കില്‍ സ്ഥിരം തസ്തികകള്‍ ഉണ്ടായിരിക്കണമെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ അവിടെയും ചട്ടമൂന്നാറിലുമായി 16 തസ്തികകള്‍ സൃഷ്ടിച്ചു. 2250 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍1.25 കോടിക്ക് കെട്ടിടം നിര്‍മിച്ചു. ആരോഗ്യ കേന്ദ്രത്തിന്റെ പ്രവര്‍ത്തന ഉദ്ഘാടനം നിര്‍വഹിച്ചത് അവിസ്മരണീയമായ അനുഭവമായി.

മൂന്നാറില്‍ നിന്ന് 36 കിലോമീറ്റര്‍ അകലെ പെട്ടിമുടി ഉരുള്‍പൊട്ടലിന്റെ ശേഷിപ്പുകളായ വലിയ കല്ലുകള്‍ വീണു കിടക്കുന്ന രാജമലയും കഴിഞ്ഞു 3 മണിക്കൂറിലധികം ഓഫ് റോഡ് യാത്ര. ഇഡ്ഡലിപ്പാറക്കുടിയില്‍ നിന്ന് സൊസൈറ്റിക്കുടിയിലേക്കുള്ള ഒന്നര കിലോമീറ്റര്‍ യാത്ര ചിലപ്പോള്‍ കാല്‍ നടയാക്കേണ്ടി വരുമെന്ന് ദേവികുളം എംഎല്‍എ എ. രാജ പറഞ്ഞിരുന്നു. അതിനു തയ്യാറെടുത്തുവെങ്കിലും വേണ്ടി വന്നില്ല. കാരണം എന്നും 12 മണി കഴിഞ്ഞു പെയ്തിരുന്ന മഴ ഇന്ന് മാറിനിന്നു.

പ്രിയപ്പെട്ട എംഎല്‍എയും ഒപ്പം ഉണ്ടായിരുന്നു. ഏഴേകാലോടെ മുന്നാറില്‍ നിന്ന് പുറപ്പെട്ടുവെങ്കിലും കുടിയില്‍ എത്തിച്ചേര്‍ന്നത് 11 മണിയോടെ. ജോലിക്കു പോകാതെ ഊരുകളിലെ ആളുകള്‍ കാത്തുനിന്നു.
സര്‍ക്കാര്‍ ആശുപത്രികള്‍ ജനങ്ങളുടെ ആശുപത്രിയാണ്. അവിടെ മികച്ച അടിസ്ഥാന സൗകര്യങ്ങളും സേവനവും ഉറപ്പാക്കല്‍ ഒരു യജ്ഞം പോലെ നടപ്പാക്കുകയാണ് സര്‍ക്കാര്‍. ഇടമലക്കുടിയിലെ കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ എല്ലാവരുടെയും ആരോഗ്യം സര്‍ക്കാരിന് സുപ്രധാനമാണ്. അതുകൊണ്ടാണ് ഈ സര്‍ക്കാര്‍ ആദ്യമേ തന്നെ 16 സ്ഥിരം തസ്തികകള്‍ സൃഷ്ടിച്ചുകൊണ്ട് ഇടമലക്കുടിയില്‍ കുടുംബാരോഗ്യ കേന്ദ്രവും ചട്ടമൂന്നാറില്‍ പ്രാഥമികാരോഗ്യ കേന്ദ്രവും സ്ഥാപിച്ചത്.

Read Also: മരണ കാരണമായത് നെഞ്ചിലേറ്റ ചവിട്ട്, മരണശേഷം ശരീരം മുറിച്ചത് ഇലക്ട്രിക് കട്ടര്‍ ഉപയോഗിച്ച്; സിദ്ധിഖിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ പുറത്ത്

ഇടമലക്കുടിക്കാരുടെ ആവശ്യങ്ങളും സ്വപ്‌നങ്ങളും ഒന്നൊന്നായി സര്‍ക്കാര്‍ നിറവേറ്റിക്കൊണ്ടിരിക്കുകയാണ്. ഒപി വിഭാഗം, മൈനര്‍ ഓപ്പറേഷന്‍ തീയറ്റര്‍, ഫാര്‍മസി, ഡോക്ടേഴ്‌സ് റും, കാത്തിരിപ്പ് കേന്ദ്രം, ഓഫിസ് മുറി, ശുചിമുറി തുടങ്ങി എല്ലാവിധ സൗകര്യങ്ങളും കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഒരുക്കിയിട്ടുണ്ട്. ഒരു മാസത്തിനുള്ളില്‍ ആരോഗ്യ കേന്ദ്രത്തില്‍ ലാബ് പരിശോധനാ സംവിധാനവും സജ്ജമാകും. അത്യാവശ്യ ഘട്ടങ്ങളില്‍ രോഗികളെ ചികിത്സയ്ക്കായി മൂന്നാറില്‍ എത്തിക്കുന്നതിനായി ഫോര്‍ വീല്‍ ഡ്രൈവുള്ള ജീപ്പും ജീവനക്കാര്‍ക്ക് ഇടമലക്കുടിയില്‍ താമസിക്കുന്നതിനായി ക്വാര്‍ട്ടേഴ്‌സ് സംവിധാനവും ഒരുക്കിയിട്ടുണ്ട്.
ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ ഇടമലക്കുടിക്ക് പ്രത്യേക പ്രൊജക്ടിലൂടെ വൈദ്യുതി എത്തിക്കാനായി. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ആദ്യ രണ്ടു വര്‍ഷത്തിനുള്ളില്‍ ആരോഗ്യസുരക്ഷ ഉറപ്പാക്കാനായി സ്ഥിരം ജീവനക്കാരെ നിയമിച്ചുകൊണ്ട് കുടുംബാരോഗ്യ കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു. ഇടമലക്കുടി നിവാസികളുടെ യാത്രാ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനും സര്‍ക്കാര്‍ ഇടപെട്ട് നടപടിയായി. 18.5 കോടിയോളം രൂപ ചെലവഴിച്ചുള്ള റോഡ് ഈ മാസം 29ന് നിര്‍മ്മാണം ആരംഭിക്കുകയാണ്. അവിടേക്കുള്ള ബിഎസ്എന്‍എല്‍ കണക്ടിവിറ്റി ഉണ്ടാകുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ പ്രത്യേകമായി പണം അനുവദിച്ചുകൊണ്ട് കേബിള്‍ ഇടുന്നത് അന്തിമഘട്ടത്തിലാണ്.

Story Highlights: Minister Veena George edamalakkudy health centre inauguration

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here